Article Index

IV  വിദേശനയം

4.1. അന്തിമവിശകലനത്തിൽ ഏതൊരു രാഷ്ട്രത്തിന്റെയും അവിടത്തെ ഗവൺമെൻറിന്റെയും വിദേശനയം അതിന്റെ ആഭ്യന്തരനയത്തിന്റെ പ്രതിഫലനമായിരിക്കും. അത് ബന്ധപ്പെട്ട രാഷ്ട്രത്തെയും ഗവൺമെൻറിനെയും നയിക്കുന്ന വർഗത്തിന്റെ അഥവാ വർഗങ്ങളുടെ താൽപര്യങ്ങളെയാണ് മുഖ്യമായും പ്രതിഫലിപ്പിക്കുക. സാമ്രാജ്യത്വത്തെ എതിർക്കുകയും അതോടൊപ്പം അവരുമായി സന്ധിചെയ്യുകയും കൂട്ടുകൂടുകയുമെന്ന നമ്മുടെ ബൂർഷ്വാസിയുടെ ദ്വിമുഖസ്വഭാവമാണ് സ്വാഭാവികമായും ഇന്ത്യാഗവൺമെൻറിന്റെ വിദേശനയം പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുദശകങ്ങളിലെ വിദേശനയത്തിന്റെ രൂപപരിണാമം മൊത്തത്തിൽ അവലോകനംചെയ്യുമ്പോൾ ഈ ദ്വിമുഖസ്വഭാവം പ്രകടമാകുന്നു. അമ്പതുകളുടെ മധ്യംവരെയുള്ള പ്രാരംഭഘട്ടത്തിൽ ബ്രിട്ടനെയും മറ്റ് സാമ്രാജ്യത്വശക്തികളെയും പ്രീണിപ്പിക്കുകയെന്ന ഭീരുത്വം നിറഞ്ഞ നയമാണ് ഇന്ത്യാഗവൺമെൻറ് പിന്തുടർന്നത്. എങ്കിലും, അമ്പതുകളുടെ മധ്യത്തോടെ ഒരു പുതിയ ദിശാബോധം ഉണ്ടായി. സാമ്രാജ്യത്വ-സോഷ്യലിസ്റ്റ് ചേരികളായി തീർത്തും ഭിന്നിച്ച ഒരു ലോകത്ത് സാമ്രാജ്യത്വസഖ്യത്തിൽ ചേരാതെ വിട്ടുനിൽക്കുന്നതിനുള്ള സാധ്യത വ്യക്തമായും തുറന്നുകിട്ടി. ചേരിചേരായ്മയ്ക്ക് അനുകൂലമായും സൈനികസഖ്യങ്ങൾക്കെതിരായും സമാധാനത്തിനുവേണ്ടിയും കൊളോണിയൽ ജനതകളുടെ ദേശീയവിമോചന സമരത്തെ പിന്തുണച്ചുകൊണ്ടും വിദേശനയത്തിൽ മാറ്റംവന്നു.  

4.2. ഈ നയം സോവിയറ്റ്‌യൂണിയനും സോഷ്യലിസ്റ്റ് രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളിൽ കൊണ്ടെത്തിച്ചു. എങ്കിലും, 1962-ൽ ചൈനയുമായുണ്ടായ അതിർത്തിസംഘട്ടനത്തോടെ ഇന്ത്യ അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും സൈനികസഹായം തേടിക്കൊണ്ട് അവരുമായി കൂട്ടുചേരുകയെന്ന ഘട്ടത്തിന് സാക്ഷ്യംവഹിച്ചു. ഈ കാലഘട്ടത്തിനുശേഷം വിദേശനയം ഒരിക്കൽക്കൂടി സാമ്രാജ്യവിരുദ്ധദിശ കൈവരിച്ചു. 1971-ൽ ബംഗ്ലാദേശിലെ വിമോചനസമരത്തെ പിന്തുണച്ചതും സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടി ഉണ്ടാക്കിയതും ഒരു പുതിയ ഘട്ടം കുറിച്ചു. ദേശീയ വിമോചനപ്രസ്ഥാനങ്ങളെ പിന്തുണച്ചുകൊണ്ടും ലോകസമാധാനത്തിനുവേണ്ടിയും എഴുപതുകളിൽ സാർവദേശീയരംഗത്ത് ഇന്ത്യ സജീവ പങ്കുവഹിച്ചു.  

4.3. വിദേശനയ പരിതഃസ്ഥിതിയിൽ ഇന്ത്യൻ ബൂർഷ്വാസിയും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യം പ്രകടമായത് കാശ്മീർപ്രശ്‌നം സംബന്ധിച്ചും തങ്ങളുടെ കരുനീക്കങ്ങളുടെ താവളമായി പാക്കിസ്താനെ ഉപയോഗപ്പെടുത്തുന്ന അമേരിക്കയുടെ തന്ത്രപരമായ പദ്ധതിയുമായി ബന്ധപ്പെട്ടുമാണ്. നവസ്വതന്ത്രരാജ്യങ്ങൾക്കിടയിലെ ഒരു മുന്നണിരാജ്യമെന്ന നിലയിൽ ഇന്ത്യൻ ബൂർഷ്വാസി ചേരിചേരാനയത്തിന്റെ മുന്നിൽനിന്നത് പൊതുവേ രാജ്യതാൽപര്യങ്ങൾക്കു അനുഗുണമായിരുന്നു എങ്കിലും, ഭരണവർഗങ്ങളുടെ വർഗസ്വഭാവംമൂലം ഈ നയം ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു. വിദേശമൂലധനത്തെ അനുകൂലിക്കുന്ന ആഭ്യന്തരനയങ്ങളും സ്വതന്ത്രമായ വിദേശനയവും തമ്മിലുള്ള വൈരുധ്യങ്ങൾ എപ്പോഴും നിലനിന്നിരുന്നു.  

4.4. സോവിയറ്റ് യൂണിയൻ ശിഥിലമാകുകയും ആഭ്യന്തരമായി ഉദാരവൽക്കരണത്തിന്റെ സാമ്പത്തികനയങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്തതോടെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ വിദേശനയം പുതിയൊരു ഘട്ടത്തിലേക്ക് കടന്നു. ദീർഘകാലമായി കൈക്കൊണ്ട ചേരിചേരാ നിലപാടും സാമ്രാജ്യത്വവിരുദ്ധവിദേശനയവും പിന്നോട്ടടിക്കുന്ന പ്രക്രിയ നരസിംഹറാവു ഗവൺമെൻറിന്റെ കാലത്ത് ആരംഭിച്ചു. സ്വാശ്രയത്വം കൈവെടിഞ്ഞ് വിദേശമൂലധനത്തിനും ഉദാരവൽക്കരണത്തിനും വഴങ്ങിയത് ഇന്ത്യയുടെമേൽ സമ്മർദംചെലുത്താൻ സാമ്രാജ്യത്വത്തിന് കൂടുതൽ സഹായമാകുകയും അത് പല വിദേശനയ നിലപാടുകളിലും പ്രകടമാകുകയും ചെയ്തു. സൈനികപരിശീലനവും സംയുക്ത അഭ്യാസങ്ങളും സംബന്ധമായി യു എസ് എയുമായി ഒരു സൈനിക സഹകരണ ഉടമ്പടിയിൽ ഇന്ത്യാ ഗവൺമെൻറ് തൊണ്ണൂറുകളിൽ ഒപ്പുവെച്ചു. 1998-ൽ ബി ജെ പി ഗവൺമെൻറ് അധികാരത്തിലേറിയതോടെ ഈ സാമ്രാജ്യത്വാനുകൂല പ്രവണത കൂടുതൽ കരുത്താർജിച്ചു. അമേരിക്കയുടെ ഒരു ജൂനിയർ പങ്കാളിയായി മാറുന്ന തരത്തിലുള്ള നയം മുന്നോട്ടുവച്ചുകൊണ്ട് ബി ജെ പി ഭരണകൂടം വിദേശനയത്തിൽ വമ്പിച്ച വ്യതിയാനം വരുത്തി. അമേരിക്കയുടെ ആഗോളലക്ഷ്യങ്ങൾ വകവെച്ചുകൊടുക്കുന്നതിനായി ദീർഘകാലമായി മുറകെ പിടിച്ചിരുന്ന പല ചേരിചേരാ നിലപാടുകളും അത് ഉപേക്ഷിച്ചിരിക്കുന്നു. ചൈനക്കും റഷ്യക്കും എതിരായി തന്ത്രപരമായ ഒരു സഖ്യത്തിലേക്ക് ഇന്ത്യയെ വലിച്ചിഴക്കുക എന്ന ദീർഘകാല പദ്ധതി അമേരിക്കക്ക് ഉള്ളതിനാൽ വിദേശനയത്തിനുള്ള വിപത്ത് ഒരു യാഥാർഥ്യമാണ്. വൻകിട ബൂർഷ്വാസി രാജ്യത്തെ നയിക്കുകയും സാമ്രാജ്യത്വാനുകൂല സാമ്പത്തികനയങ്ങൾ പിന്തുടരുകയും ചെയ്യുന്ന കാലത്തോളം ഇന്ത്യൻ ജനതയുടെ യഥാർഥ താൽപര്യങ്ങൾ നിറവേറ്റുന്ന, ചേരിചേരായ്മയിലും സാമ്രാജ്യത്വവിരുദ്ധതയിലും അധിഷ്ഠിതമായ, ചാഞ്ചാട്ടമില്ലാത്ത വിദേശനയം ഉറപ്പുവരുത്താനാവില്ല.  

4.5. ഇന്ത്യയുടെ വിദേശ-ആണവനയങ്ങളിൽ വിപൽക്കരമായ ഒരു പുതിയ ഘട്ടം കുറിക്കുന്നതാണ് 1998 മേയിൽ പൊഖ്‌റാനിൽ നടത്തിയ പരീക്ഷണങ്ങൾക്കുശേഷം അണ്വായുധവൽക്കരണത്തിലേക്ക് നീങ്ങുവാനുള്ള ബി ജെ പി നേതൃത്വത്തിലുള്ള ഗവൺമെൻറിന്റെ തീരുമാനം. ഇന്ത്യയുടെ ആണവപരീക്ഷണങ്ങളോട് പാകിസ്താൻ പ്രതികരിച്ചതോടെ ഉപഭൂഖണ്ഡത്തിൽ അണ്വായുധപന്തയത്തിന്റെ പരിത:സ്ഥിതി സൃഷ്ടിക്കപ്പെട്ടു. സങ്കുചിതദേശീയവികാരം ഇളക്കിവിടുന്ന ആണവനയം ചേരിചേരായ്മയുടേതും സമാധാനത്തിന്റേതുമായ ചിരകാലനയത്തിന് തുരങ്കംവച്ചിരിക്കുകയാണ്. അത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വസമ്മർദങ്ങൾക്ക് ഇന്ത്യയെ കൂടുതൽ വശംവദമാക്കിയിരിക്കുന്നു.  

4.6. വിദേശനയത്തിലെ സാമ്രാജ്യത്വാനുകൂല ചായ്‌വിനെ പൊരുതി തോൽപ്പിക്കുന്നതിനും സാമ്രാജ്യത്വ സമ്മർദങ്ങളെ അകറ്റുന്നതിനായി വിദേശനയം ചേരിചേരായ്മയുടേതായ അടിത്തറയും ദിശാബോധവും നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഇടതുപക്ഷ-ജനാധിപത്യ ശക്തികൾ വമ്പിച്ച സമരം നടത്തേണ്ടതായുണ്ട്. അത്തരമൊരു നയം മാത്രമേ ലോകകാര്യങ്ങളിൽ ഇന്ത്യയ്ക്ക് സ്വതന്ത്രമായ പങ്ക് നിലനിർത്തുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനും സഹായകമാവുകയുള്ളൂ.