Article Index

ആമുഖം

1.1 ഇന്ത്യൻ ജനതയുടെ പുരോഗമനപരവും സാമ്രാജ്യത്വവിരുദ്ധവും വിപ്ലവകരവുമായ പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. നിശ്ചയദാർഢ്യമുള്ള ഒരു ചെറുസംഘം സാമ്രാജ്യവിരുദ്ധ പോരാളികൾ റഷ്യയിലെ ഒക്‌ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൽനിന്ന് പ്രചോദനം നേടി 1920ൽ രൂപീകരിച്ച കാലംമുതൽ പൂർണസ്വാതന്ത്ര്യത്തിനും അടിസ്ഥാനപരമായ സാമൂഹ്യപരിവർത്തനത്തിനുംവേണ്ടി പോരാടുകയെന്ന ലക്ഷ്യം മുന്നിൽവെച്ചാണ് പാർട്ടി പ്രവർത്തിച്ചുവന്നത്. വർഗ ചൂഷണത്തിൽനിന്നും സാമൂഹ്യമായ അടിച്ചമർത്തലിൽനിന്നും മുക്തമായ സോഷ്യലിസ്റ്റ്‌സമൂഹം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാൻ പാർടി സ്വയം സമർപ്പിച്ചു.  

1.2 ഇരുപതാംനൂറ്റാണ്ടിന്റെ മുഖ്യസവിശേഷതകളായ സാമ്രാജ്യത്വക്രമത്തിനെതിരായ ദേശീയ വിമോചനപ്രസ്ഥാനങ്ങളെയും ലോകമെമ്പാടും ജനാധിപത്യത്തിനും സോഷ്യലിസത്തിനുംവേണ്ടി നടന്ന സമരങ്ങളെയും തൊഴിലാളിവർഗ സാർവദേശീയതയോട് കൂറുപുലർത്തിക്കൊണ്ട്,പാർട്ടി അടിപതറാതെ പിന്തുണച്ചു. ദേശീയസ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും അന്തിമലക്ഷ്യമായ കമ്യൂണിസത്തിലേക്ക് മുന്നേറുന്നതിനും ഉതകുംവിധം സോഷ്യലിസം കൈവരിക്കുന്നതിനുമുള്ള വഴികാട്ടിയായി മാർക്‌സിസം-ലെനിനിസത്തിന്റെ തത്ത്വങ്ങളെ പാർട്ടി അംഗീകരിച്ചു. കമ്യൂണിസ്റ്റുകാരാണ് പൂർണസ്വാതന്ത്ര്യം എന്ന ആവശ്യം രാജ്യത്ത് ആദ്യമായി ഉന്നയിച്ചത്. 1921-ൽ അഹമ്മദാബാദിൽ ചേർന്ന ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ഇതിനായി അവർ ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.  

1.3 പൂർണസ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിക്കുമ്പോൾതന്നെ, സ്വരാജ് എന്ന മുദ്രാവാക്യത്തിന് പുരോഗമനപരമായ ഉള്ളടക്കം നൽകാൻകൂടി പാർടി ശ്രദ്ധിച്ചു. ഭൂപ്രഭുത്വവും നാടുവാഴിമേധാവിത്വവും നിർമാർജനംചെയ്യുക, ജാതീയമായ അടിച്ചമർത്തൽ അവസാനിപ്പിക്കുക മുതലായ പ്രധാന പ്രശ്‌നങ്ങൾ ഉൾപ്പെടുത്തി സാമൂഹ്യവും സാമ്പത്തികവുമായ പരിവർത്തനത്തിന് ഉതകുന്ന വ്യക്തമായ പരിപാടി മുന്നോട്ടുവച്ചുകൊണ്ടാണ് ഇതു ചെയ്തത്.  

1.4 സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുമ്പോൾതന്നെ കമ്യൂണിസ്റ്റുകാർ തുടക്കംതൊട്ടേ തൊഴിലാളികളെ ട്രേഡ് യൂണിയനുകളിലും കർഷകരെ കിസാൻസഭയിലും വിദ്യാർഥികളെ അവരുടെ യൂണിയനുകളിലും ഇതരവിഭാഗങ്ങളെ അതത് ബഹുജനസംഘടനകളിലും സംഘടിപ്പിക്കാൻ എല്ലാ കഴിവുകളും വിനിയോഗിച്ചു. ഈ പരിശ്രമങ്ങളാലാണ് അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷൻ മുതലായ ദേശീയസംഘടനകൾ സ്ഥാപിതമായതും ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് ശക്തിപ്പെട്ടതും. പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷനും, ഇന്ത്യൻ പീപ്പിൾസ് തീയേറ്റേഴ്‌സ് അസോസിയേഷനും പോലുള്ള പുരോഗമനപരമായ സാംസ്‌കാരിക-സാഹിത്യ സംഘടനകൾ രൂപീകരിക്കുന്നതിനും കമ്യൂണിസ്റ്റുകാർ മുൻകൈയെടുത്തു.  

1.5 ഇന്ത്യയിൽനിന്ന് കമ്യൂണിസം തുടച്ചുമാറ്റാൻ ബ്രിട്ടീഷ് ഭരണാധികാരികൾ ദൃഢനിശ്ചയം ചെയ്തിരുന്നു. ശൈശവാവസ്ഥയിലായിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്കുനേരെ അവർ മൃഗീയമായ മർദനനടപടികൾ കൈക്കൊള്ളുകയും വിപ്ലവാശയങ്ങളുടെ പ്രചാരം തടയാൻ കമ്യൂണിസ്റ്റ് സാഹിത്യം നിരോധിക്കുകയുംചെയ്തു. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിലെ യുവനേതൃത്വത്തിനെതിരെ പല ഗൂഢാലോചനക്കേസുകളും നടത്തി; പെഷാവാർ (1922), കാൺപുർ (1924), മീറത്ത് (1929). രൂപംകൊണ്ടതിനു തൊട്ടുപിന്നാലെ 1920-കളിൽ പാർട്ടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും തുടർന്ന് രണ്ടുദശകത്തിലേറെക്കാലം പാർട്ടിക്ക് നിയമവിരുദ്ധ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടിവരികയുംചെയ്തു. കടുത്ത അടിച്ചമർത്തലുണ്ടായിട്ടും പൂർണസ്വാതന്ത്ര്യത്തിനും മൗലികമായ സാമൂഹ്യപരിവർത്തനത്തിനുംവേണ്ടി ജനങ്ങളെ അണിനിരത്തുന്നതിൽ പാർട്ടി അനുക്രമമായ പുരോഗതി കൈവരിച്ചു.  

1.6 കമ്യൂണിസ്റ്റ് പാർട്ടിയുടെ വീറുറ്റതും അചഞ്ചലവുമായ സാമ്രാജ്യത്വവിരുദ്ധ നിലപാട് വിവിധ വിപ്ലവധാരകളെയും പോരാളികളെയും അതിൽ ചേരാൻ പ്രേരിപ്പിച്ചു. പഞ്ചാബിലെ ഗദർപോരാളികൾ, ഭഗത്‌സിങ്ങിന്റെ സഹപ്രവർത്തകർ, ബംഗാളിലെ വിപ്ലവകാരികൾ, ബോംബെ-മദിരാശി പ്രവിശ്യകളിലെ വീറുറ്റ തൊഴിലാളിവർഗപ്പോരാളികൾ, കേരളത്തിലെയും ആന്ധ്രപ്രദേശിലെയും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും ഉൽപ്പതിഷ്ണുക്കളും സാമ്രാജ്യവിരുദ്ധരുമായ കോൺഗ്രസുകാർ എന്നിവർ അവരിൽ ഉൾപ്പെടുന്നു. ഇങ്ങനെ രാജ്യമെമ്പാടുമുള്ള ഏറ്റവും മികച്ച പോരാളികളുടെ പ്രവേശനത്തോടെ പാർട്ടി കൂടുതൽ ശക്തമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുമായും അടുത്തു സഹകരിച്ചുപ്രവർത്തിക്കവെതന്നെ കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളിവർഗത്തിന്റെ സ്വതന്ത്രപാർട്ടിയെന്ന നിലയിൽ സ്വയം കെട്ടിപ്പടുക്കുന്നതിനും ശക്തിയാർജിക്കുന്നതിനും നിരന്തരം യത്‌നിച്ചു.  

1.7 ഇന്ത്യൻ ജനതയുടെ അതിശക്തമായ സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തിന് രണ്ടാംലോകമഹായുദ്ധത്തിനുശേഷമുള്ള കാലഘട്ടം സാക്ഷ്യംവഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മുന്നേറ്റം നയിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടി മുന്നിട്ടുനിന്നു. തേഭാഗാ, പുന്നപ്ര-വയലാർ, വടക്കേ മലബാർ എന്നീ സമരങ്ങളും; വാർളിയിലെ ആദിവാസികളുടെയും ത്രിപുരയിലെ ഗോത്രവർഗക്കാരുടെയും സമരങ്ങളും സർവോപരി തെലങ്കാന കർഷകരുടെ ചരിത്രപ്രധാനമായ സായുധസമരവും ഈ പോരാട്ടങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. പല നാട്ടുരാജ്യങ്ങളിലും ഉത്തരവാദിത്തഭരണം സ്ഥാപിക്കാനുള്ള ജനകീയപ്രസ്ഥാനങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വപരമായ പങ്കുവഹിച്ചു. പുതുശേരിയിലെ ഫ്രഞ്ച് വാഴ്ചയ്ക്കും ഗോവയിലെ പോർത്തുഗീസ് വാഴ്ചയ്ക്കുമെതിരായ വിമോചനസമരങ്ങൾ സംഘടിപ്പിക്കുന്നതിലും അവയ്ക്ക് പിന്തുണ നൽകുന്നതിലും പാർട്ടി സജീവമായ പങ്കുവഹിച്ചു. തൊഴിലാളികളുടെയും കർഷകരുടെയും വിദ്യാർഥികളുടെയും സമരപരമ്പരയും ഐ എൻ എ തടവുകാരുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരവും 1946-ലെ നാവികകലാപത്തോടുകൂടി ഒരു പുതിയ ഉച്ചകോടിയിലെത്തി. ഫാസിസം പരാജയപ്പെടുകയും ദേശീയ വിമോചനപ്രസ്ഥാനങ്ങളുടെ വേലിയേറ്റം ശക്തമാകുകയുംചെയ്ത സാർവദേശീയ പശ്ചാത്തലത്തിൽ ഈ ജനമുന്നേറ്റം നേരിടേണ്ടിവന്ന ബ്രിട്ടീഷ് സാമ്രാജ്യത്വവും പ്രമുഖ ബൂർഷ്വാപാർട്ടികളായ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നേതാക്കളും ഒരു ഒത്തുതീർപ്പിലെത്തി. തൽഫലമായി രാജ്യം വിഭജിക്കപ്പെടുകയും ബൂർഷ്വാ ഭൂപ്രഭുവർഗങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യയും പാക്കിസ്താനും സ്വതന്ത്രരാജ്യങ്ങളായി നിലവിൽവരികയുംചെയ്തു. ദേശീയപ്രസ്ഥാനം പൊതുവെ ബൂർഷ്വാസിയുടെ നേതൃത്വത്തിലായത് ഈ ഒത്തുതീർപ്പിന് സഹായകമായി എന്നതാണ് വസ്തുത.  

1.8 മുഖ്യമായും വിദേശ സാമ്രാജ്യഭരണത്തിനെതിരായ പൊതു ദേശീയമുന്നണി എന്ന ഘട്ടം അങ്ങനെ അവസാനിച്ചു. രാജ്യം സ്വാതന്ത്ര്യം കൈവരിച്ചതിനുശേഷവും കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായ അടിച്ചമർത്തൽ തുടർന്നു. 1948-നും 1952-നും ഇടയ്ക്ക് കോൺഗ്രസ് ഭരണാധികാരികൾ പ്രത്യേകിച്ച് തെലങ്കാനയിൽ അഴിച്ചുവിട്ട രൂക്ഷമായ ആക്രമണങ്ങൾ; പിന്നീട് അർധഫാസിസ്റ്റ് ഭീകരതയുടെകാലത്ത് ആദ്യം പശ്ചിമബംഗാളിലും പിന്നീട് ത്രിപുരയിലും ആവർത്തിച്ചുണ്ടായ മർദനനടപടികൾ, കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പാർട്ടി കേഡർമാർക്കെതിരെ നടന്ന മാരകാക്രമണങ്ങൾ--ഇവയ്‌ക്കൊന്നും വിപ്ലവപ്രസ്ഥാനത്തെ മുന്നോട്ടുനയിക്കുന്നതിൽനിന്ന് പാർട്ടിയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. പിളർപ്പൻ ശിഥിലീകരണപ്രസ്ഥാനങ്ങളുടെ രൂപത്തിൽ ദേശീയ ഐക്യത്തിന് ഭീഷണി നേരിട്ടപ്പോൾ ജനങ്ങളുടെ ഐക്യം പരിരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ പാർട്ടി മുൻനിന്നു. പഞ്ചാബിലും ത്രിപുരയിലും അസമിലും പശ്ചിമബംഗാളിലും കശ്മീരിലും പിളർപ്പൻ- ഛിദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ നൂറുകണക്കിന് ധീരരായ പാർട്ടിപ്രവർത്തകർ ജീവൻ ബലിയർപ്പിച്ചു.  

1.9 അങ്ങനെ രൂപംകൊണ്ട നാൾമുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യൻ രാഷ്ട്രീയരംഗത്ത് പുരോഗമനപരമായ പങ്കാണ് വഹിച്ചത്. സ്വന്തം ബഹുജനാടിത്തറയും ജനപ്രീതിയും ബൂർഷ്വാ-ഭൂപ്രഭു വാഴ്ചയ്ക്ക് ബദലായ സമീപനവുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തെ രാഷ്ട്രീയ-സാമൂഹ്യജീവിതത്തിൽ സുപ്രധാന ശക്തിയാണ്. 1957-ൽ കേരളത്തിൽ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയും പിന്നീട് പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും സി പി ഐ (എം)ന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വത്തിൽ അധികാരമേറ്റ ഗവൺമെൻറുകളും ജനകീയനയങ്ങൾ നടപ്പാക്കുന്നതിൽ മാതൃകകാട്ടി. ഈ സർക്കാരുകൾ നിലവിലുള്ള ചട്ടക്കൂട്ടിനുള്ളിൽ ഭൂപരിഷ്‌കാരം നടപ്പാക്കുകയും അധികാരം വികേന്ദ്രീകരിക്കുകയും പഞ്ചായത്ത്‌വ്യവസ്ഥയെ ചൈതന്യപൂർണമാക്കുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ജനാധിപത്യാവകാശങ്ങൾ ഉറപ്പുവരുത്തുകയും അങ്ങനെ രാജ്യത്ത് ബദൽനയങ്ങൾക്കുവേണ്ടി സമരംചെയ്യുന്ന ജനാധിപത്യശക്തികൾക്ക് കരുത്തുപകരുകയുംചെയ്തു. ഊക്കേറിയ സമരങ്ങൾ നടത്തിയതുവഴി പാർട്ടി ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചു. ജയപരാജയങ്ങളെ സ്വയംവിമർശനപരമായി അപഗ്രഥിക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടി എന്ന നിലയിൽ പിഴവുകളിൽനിന്ന് പാഠമുൾക്കൊള്ളുവാനും നമ്മുടെ സമൂഹത്തിലെ മൂർത്ത പരിതഃസ്ഥിതികളിൽ മാർക്‌സിസം-ലെനിനിസം പ്രയോഗിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കാനും പാർട്ടി നിരന്തരം പരിശ്രമിക്കുന്നു.  

1.10 റിവിഷനിസത്തിനെതിരെ സുദീർഘസമരത്തിനുശേഷമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) രൂപീകരിച്ചത്. 1964-ൽ പാർട്ടി പരിപാടി അംഗീകരിക്കുകയും റിവിഷനിസത്തിനും വരട്ടുതത്വവാദത്തിനുമെതിരെ ഈ ധാരണയുടെ അടിസ്ഥാനത്തിലുള്ള തന്ത്രത്തെയും അടവുകളെയും കാത്തുരക്ഷിക്കുകയുംചെയ്തു. സോവിയറ്റ് യൂണിയനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളും ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനവും വമ്പിച്ച തിരിച്ചടികൾ നേരിടുന്നതിന് ഇരുപതാംനൂറ്റാണ്ടിന്റെ അവസാന ദശകം സാക്ഷ്യംവഹിച്ചു. അതോടെ സാർവദേശീയ സംഭവവികാസങ്ങളും പ്രസ്ഥാനത്തിന്റെ അനുഭവങ്ങളും പുനർവിചിന്തനത്തിനു വിധേയമാക്കേണ്ടിവന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള അരനൂറ്റാണ്ടിനിടയിൽ നമ്മുടെ രാജ്യത്തും സുപ്രധാന മാറ്റങ്ങളും സംഭവവികാസങ്ങളുമുണ്ടായി. പരിപാടി കാലോചിതമാക്കുന്നതിനായി സി പി ഐ (എം) 1964 മുതൽക്കുള്ള സംഭവവികാസങ്ങളും അനുഭവങ്ങളും പുനരവലോകനംചെയ്തു.  

1.11 വിപ്ലവപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിൽ വിപ്ലവശക്തികൾ കൈവരിക്കേണ്ട തന്ത്രപരമായ ലക്ഷ്യം സി പി ഐ (എം) ഇന്ത്യൻ ജനതയ്ക്കുമുമ്പാകെ അവതരിപ്പിക്കുന്നു. ഒരു സോഷ്യലിസ്റ്റ് സമൂഹമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെചുവടുവയ്‌പെന്ന നിലയിൽ ജനകീയജനാധിപത്യം കൈവരിക്കുന്നതിന് ഭരണവിഭാഗങ്ങൾക്കെതിരായ പോരാട്ടത്തിൽ തൊഴിലാളികൾക്കും കൃഷിക്കാർക്കും അധ്വാനിക്കുന്ന മുഴുവൻ ജനങ്ങൾക്കുപുരോഗമന-ജനാധിപത്യശക്തികൾക്കും മാർഗദശകമായ ഒരു പരിപാടി പാർടി മുന്നോട്ടുവയ്ക്കുന്നു.