Article Index

V  ഭരണകൂടഘടനയും ജനാധിപത്യവും 

5.1. മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും വൻകിട ബൂർഷ്വാസിയാൽ നയിക്കപ്പെടുന്നതുമായ ബൂർഷ്വാ-ഭൂപ്രഭുവർഗ ഭരണത്തിന്റെ ഉപകരണമാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം. നാടിന്റെ ജീവിതത്തിൽ ഭരണകൂടം നിർവഹിക്കുന്ന പങ്കിന്റെയും നടത്തുന്ന പ്രവർത്തനത്തിന്റെയും സത്ത അടിസ്ഥാനപരമായി നിർണയിക്കുന്നത് ഈ വർഗസ്വഭാവമാണ്.

5.2. ഭരണകൂട ഘടന പേരിന് ഫെഡറൽ ആണെങ്കിലും അധികാരങ്ങളിലും സമ്പത്തിലും മിക്കതും കേന്ദ്രഗവൺമെൻറിന്റെ കരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. പൊതുവായ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യത്തെ വൻകിട ബൂർഷ്വാസി ആദ്യം ചെറുത്തുവെങ്കിലും, ബഹുജനപ്രസ്ഥാനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കടുത്ത സമ്മർദംമൂലം ഭാഷാസംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനോട് യോജിക്കാൻ അത് നിർബന്ധിതമായി. ഭരണപരമായ സൗകര്യത്തിന്റെ പേരിൽ ചെറുസംസ്ഥാനങ്ങൾ രൂപീകരിക്കുക എന്ന വാദം ഉന്നയിച്ചുകൊണ്ട് ബി ജെ പി നേതൃത്വത്തിലുള്ള ഗവൺമെൻറ് ഭാഷാ സംസ്ഥാനതത്വത്തിനുമേൽ പുതിയ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നു. ഇത് ഫെഡറൽഘടനയെ കൂടുതൽ ദുർബലമാക്കും. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനഗവൺമെൻറുകളെ സ്ഥാനഭ്രഷ്ടമാക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകളെ പിരിച്ചുവിടുന്നതിനുമായി ഭരണഘടനയിലെ 356-ാം അനുച്ഛേദത്തിൽ അന്തർലീനമായ ജനാധിപത്യവിരുദ്ധ വ്യവസ്ഥകൾ കേന്ദ്രം ആവർത്തിച്ച് ഉപയോഗപ്പെടുത്തിയത്, ഫെഡറൽ വ്യവസ്ഥയെ അട്ടിമറിക്കുന്നതിനും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തിനുമേൽ കൈയേറ്റം നടത്തുന്നതിനും ഒരു പ്രധാന ആയുധമായി. ഘടകസംസ്ഥാനങ്ങൾക്ക് കാര്യമായ അധികാരങ്ങളില്ലാതെ അവയെ കേന്ദ്രഗവൺമെൻറിന്റെ ആശ്രിതരാക്കുന്നത് വികസനപ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുന്നു. 

5.3. ഇത്തരമൊരു പരിത:സ്ഥിതിയിൽ കേന്ദ്രഗവൺമെൻറും സംസ്ഥാനങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ വളർന്നത് സ്വാഭാവികമാണ്. ഈ വൈരുധ്യങ്ങൾക്കിടയിൽ കിടപ്പുള്ളത് പലപ്പോഴും ഒരുവശത്ത് വൻകിട ബൂർഷ്വാസിയും മറുവശത്ത് ഒന്നല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തെ ബൂർഷ്വാസിയും ഭൂപ്രഭുക്കളും ഉൾപ്പെടെ മുഴുവൻ ജനതയും തമ്മിലുള്ള ആണ്ടിറങ്ങിയ വൈരുധ്യമാണ്. മുതലാളിത്തത്തിൻകീഴിൽ അസമമായ സാമ്പത്തിക വികാസം രൂക്ഷമാകുന്നതിനാൽ ഈ വൈരുധ്യം നിരന്തരം മൂർച്ഛിക്കുന്നു. ഇതിന്റെ ഒരു രാഷ്ട്രീയ ബഹിർപ്രകടനമാണ് പ്രാദേശിക രാഷ്ട്രീയകക്ഷികളുടെ ആവിർഭാവം. ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭാഷാ-ദേശീയ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന അവ പൊതുവേ പ്രതിനിധാനം ചെയ്യുന്നത് പ്രാദേശിക ബൂർഷ്വാ-ഭൂപ്രഭു വർഗങ്ങളെയാണ്. 

5.4. സ്വാതന്ത്ര്യലബ്ധിക്കുശേഷം പിന്തുടർന്ന ബൂർഷ്വാ-ഭൂപ്രഭുനയങ്ങളാണ് ദേശീയൈക്യത്തിന്റെ പ്രശ്‌നങ്ങൾ മൂർഛിപ്പിച്ചത്. അനേകം ന്യൂനപക്ഷ ദേശീയവിഭാഗങ്ങളുടെയും വംശീയവിഭാഗങ്ങളുടെയും ആവാസകേന്ദ്രമാണ് രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖല. മുതലാളിത്ത വികസനം ഊട്ടിവളർത്തിയ അസമമായ വികസനത്തിന്റെയും പ്രാദേശികമായ അസന്തുലനത്തിന്റെയും ഫലമായി അത് ഏറ്റവും കൂടുതൽ കെടുതികളനുഭവിച്ചിരിക്കുന്നു. വിഭജനവാദം ഉന്നയിക്കുന്ന തീവ്രവാദികളുടെ വളർച്ചക്ക് ഇത് വളക്കൂറുള്ള മണ്ണൊരുക്കുകയും സാമ്രാജ്യത്വ ഏജൻസികൾ അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. തീവ്രവാദികളുടെ അക്രമപ്രവർത്തനങ്ങളും വംശീയസ്പർധയും വികസനയത്‌നത്തിനും ജനാധിപത്യപ്രവർത്തനങ്ങൾക്കും പ്രതിബന്ധം സൃഷ്ടിക്കുന്നു.  

5.5. ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മു-കാശ്മീരിന് പ്രത്യേകപദവിയും സ്വയംഭരണാധികാരവും നൽകിയിരുന്നു. പിന്നിട്ട ദശകങ്ങളിൽ സ്വയംഭരണവ്യവസ്ഥകൾ ഗണ്യമായി വെട്ടിക്കുറക്കപ്പെടുകയും താഴ്‌വരയിലെ ജനത കൂടുതലായി അന്യവൽക്കരിക്കപ്പെടുകയും ചെയ്തു. പാക്കിസ്താന്റെ പിൻബലമുള്ള തീവ്രവാദശക്തികൾ ഇതിൽനിന്ന് മുതലെടുത്തു. യു എസ് എയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വം ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്തുന്നതിനായി ഈ തർക്കം ഉപയോഗപ്പെടുത്തുകയും ഈ മേഖലയിലെ ഇടപെടൽ വർധിപ്പിക്കുകയും ചെയ്യുന്നു. ദേശീയൈക്യത്തിന്റേതായ മർമപ്രധാനപ്രശ്‌നം ജനാധിപത്യപരമായ രീതിയിൽ പരിഹരിക്കുന്നതിൽ ബൂർഷ്വാ-ഭൂപ്രഭു വർഗങ്ങളുടെ പരാജയത്തിന്റെ ദൃഷ്ടാന്തങ്ങളാണ് വടക്കുകിഴക്കൻ മേഖലയിലെയും കാശ്മീരിലെയും പ്രശ്‌നങ്ങൾ.  

5.6. ഏഴുകോടി വരുന്ന ആദിവാസികളും ഗോത്രവർഗക്കാരും മൃഗീയമായ മുതലാളിത്ത-അർധഫ്യൂഡൽ ചൂഷണത്തിന്റെ ഇരകളാണ്. അവരുടെ ഭൂമി അന്യാധീനപ്പെടുകയും വനത്തിന്മേൽ അവർക്കുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. കരാറുകാർക്കും ഭൂപ്രഭുക്കൾക്കും കുറഞ്ഞ ചെലവിൽ പണിയെടുപ്പിക്കാവുന്നവരോ അടിമപ്പണിക്കാരോ ആയി അവർ മാറിയിരിക്കുന്നു. ചില സംസ്ഥാനങ്ങളിൽ ആദിവാസിജനങ്ങൾ പ്രത്യേക മേഖലകളായി അധിവസിക്കുന്നു; തനതു ഭാഷയും സംസ്‌കാരവും അവർക്കുണ്ട്. തങ്ങളുടെ വ്യക്തിത്വവും സംസ്‌കാരവും നിലനിർത്തിക്കൊണ്ട് വികസനത്തിനുള്ള തങ്ങളുടെ അവകാശം പരിരക്ഷിക്കുന്നതിനെ സംബന്ധിച്ച് ഗോത്രജനതയുടെ അവബോധം ഉണർന്നിരിക്കുകയാണ്. അവരുടെ നിലനിൽപ്പിനുതന്നെയും ഭീഷണി നേരിടുന്നതിനാലും ബൂർഷ്വാ-ഭൂപ്രഭു ഭരണാധികാരികളുടെ ഹൃദയശൂന്യ നയങ്ങളാലും ഗോത്രജനങ്ങളിലെ ചില വിഭാഗങ്ങൾക്കിടയിൽ വിഭജനവാദചിന്ത ശക്തിപ്പെട്ടിരിക്കുകയാണ്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അവർ ഭൂരിപക്ഷം വരുന്ന തൊട്ടുതൊട്ടുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി പ്രാദേശിക സ്വയംഭരണാധികാരം നൽകുകയെന്നത് ജനാധിപത്യപരവും ന്യായവുമായ ആവശ്യമാണ്. അവരുടെ നേതൃത്വത്തിന് ചില സൗജന്യങ്ങൾ നൽകിക്കൊണ്ട് അവരുടെ പരമ്പരാഗത ഐക്യദാർഢ്യം തകർക്കാൻ മുതലാളി-ഭൂപ്രഭു കോൺട്രാക്ടർ കൂട്ടുകെട്ട് നിരന്തരം തുനിയുകയും അവരുടെ ന്യായമായ അവകാശങ്ങൾ നിഷേധിക്കുകയും മൃഗീയമായ ബലപ്രയോഗത്തിലൂടെ അവരെ അടിച്ചമർത്തുകയും ചെയ്യുന്നു.  

5.7 ഭരണഘടനയിൽ മതനിരപേക്ഷതയുടെ തത്ത്വങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്ന വൻകിട ബൂർഷ്വാസി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. എങ്കിലും പ്രയോഗത്തിൽ ബൂർഷ്വാസിയുടെ മതനിരപേക്ഷത വികലമാണ്. മതനിരപേക്ഷത എന്ന കാഴ്ചപ്പാടിനെ അപ്പാടെ അവർ വളച്ചൊടിക്കുന്നു. മതത്തെ പൂർണമായും രാഷ്ട്രീയത്തിൽനിന്ന് വേർപെടുത്തുന്നതിനുപകരം ഭരണകൂട വിഷയങ്ങളിലും രാഷ്ട്രീയജീവിതത്തിലും ഒരുപോലെ ഇടപെടാൻ എല്ലാ മതവിശ്വാസങ്ങൾക്കും സ്വാതന്ത്ര്യം എന്നാണ് മതനിരപേക്ഷതയുടെ അർഥമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ അവർ ശ്രമിക്കുന്നു. മതനിരപേക്ഷതയ്ക്ക് വിരുദ്ധമായ പ്രവണതകൾക്കെതിരെ അടിയുറച്ചുനിന്ന് പോരാടുന്നതിനുപകരം ബൂർഷ്വാസി പലപ്പോഴും ഇളവുകൾ നൽകി അവയെ ശക്തിപ്പെടുത്തുന്നു. വർഗീയവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ ആർ എസ് എസ് നേതൃത്വത്തിലുള്ള കൂട്ടുകെട്ട് ഉയർന്നുവരുകയും കേന്ദ്രത്തിൽ അധികാരത്തിലേറുകയും ചെയ്തതോടെ മതനിരപേക്ഷതയുടെ അടിത്തറയ്ക്കുള്ള ഭീഷണി സംഭ്രമജനകമായിട്ടുണ്ട്. ഭരണകൂട സ്ഥാപനങ്ങളെയും ഭരണസംവിധാനത്തെയും വിദ്യാഭ്യാസവ്യവസ്ഥയെയും മാധ്യമങ്ങളെയും വർഗീയവൽക്കരിക്കാൻ നിരന്തരശ്രമങ്ങൾ നടക്കുന്നു. ഭൂരിപക്ഷവർഗീയതയുടെ വളർച്ച ന്യൂനപക്ഷവർഗീയതയുടെ ശക്തികൾക്ക് കരുത്തേകുകയും ദേശീയൈക്യത്തെ അപകടപ്പെടുത്തുകയും ചെയ്യും. വൻകിട ബൂർഷ്വാസിയിലെ ചില വിഭാഗങ്ങൾ ബി ജെ പിക്കും അതിന്റെ വർഗീയവേദിക്കും നൽകുന്ന പിന്തുണ രാജ്യത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഗുരുതരമായ ഭവിഷ്യത്തുകൾ ഉളവാക്കുന്നവയാണ്.  

5.8 അതിനാൽ മതനിരപേക്ഷതയുടെ തത്വങ്ങൾ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താൻ നമ്മുടെ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. ആ തത്വങ്ങളിൽനിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലും പെട്ടവർക്ക് വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങൾ ചെയ്യാനും യാതൊരു അനുഷ്ഠാനത്തിലും ഏർപ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിർവഹണപരവുമായ ജീവിതത്തിൽ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാർട്ടി പോരാടണം. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. മതവർഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ്റ് പ്രവണത ശക്തിയാർജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്. 

5.9 ഭരണഘടനാവ്യവസ്ഥകൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകിയ അവകാശങ്ങൾ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളിൽ സാക്ഷാൽക്കരിക്കപ്പെടുന്നില്ല. മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവർ വിവേചനത്തിന് ഇരയാകുകയും ചെയ്യുന്നു. മുസ്ലിങ്ങൾക്കെതിരെ വർഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആർ എസ് എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവസമുദായത്തെക്കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത് അന്യതാബോധവും അരക്ഷിതത്വവും വളർത്തുന്നു. ഇത് മതമൗലികവാസനകൾ വളർത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷവർഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്ഥാനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മർമപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ.  

5.10 ജാതീയമർദനം അവസാനിപ്പിക്കുന്നതിലും ബൂർഷ്വാ-ഭൂപ്രഭു വ്യവസ്ഥ പരാജയപ്പെട്ടിരിക്കുകയാണ്. പട്ടികജാതിക്കാരാണ് ഏറ്റവുമധികം കെടുതികൾ അനുഭവിക്കുന്നത്. അയിത്താചരണവും വിവേചനത്തിന്റെ മറ്റു രൂപങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടും ദളിതർ അവയ്ക്ക് വിധേയരാകുകയാണ്. വിമോചനത്തിനായുള്ള ദളിതരുടെ വളർന്നുവരുന്ന ബോധത്തെ മൃഗീയമർദനങ്ങളും അതിക്രമങ്ങളുംകൊണ്ട് നേരിടാനാണ് തുനിയുന്നത്. സമൂഹത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്നു എന്ന നിലയിൽ ദളിതരുടെ മുന്നേറ്റത്തിന് ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. ജാതി അടിസ്ഥാനത്തിൽ വിഭജിതമായ സമൂഹത്തിൽ പിന്നോക്ക ജാതിക്കാരും അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നു.  

5.11 വോട്ട് ബാങ്കുകൾ ശക്തിപ്പെടുത്തുകയെന്ന സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങൾ സ്ഥായിയായി നിലനിർത്തുന്നതിനും ഈ അധഃസ്ഥിത വിഭാഗങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തിൽനിന്ന് അകറ്റി നിർത്തുന്നതിനും ജാതിവികാരം മാത്രം ഇളക്കിവിടുന്ന ഒരു നീക്കവും ഇതോടൊപ്പമുണ്ട്. സങ്കുചിതമായ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ജാതിയടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താൻ നിരവധി ജാതിനേതാക്കളും ബൂർഷ്വാ രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മർദിതവിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവർ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഭൂമി, കൂലി എന്നീ അടിസ്ഥാനപരമായ വർഗപ്രശ്‌നങ്ങളെയും പഴയ സാമൂഹ്യക്രമം തൂത്തെറിയുന്നതിനുള്ള അടിത്തറയായ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തെയും അവർ അവഗണിക്കുന്നു.

5.12 ജാതീയമർദനത്തിന്റെയും വിവേചനത്തിന്റെയും പ്രശ്‌നം സുദീർഘചരിത്രമുള്ളതും പ്രാങ്മുതലാളിത്ത സാമൂഹ്യവ്യവസ്ഥയിൽ രൂഢമൂലവുമാണ്. മുതലാളിത്തവികാസത്തിന്റെ കീഴിലുള്ള സമൂഹം നിലവിലുള്ള ജാതിവ്യവസ്ഥയുമായി സന്ധിചെയ്യുകയായിരുന്നു. ഇന്ത്യൻ ബൂർഷ്വാസി തന്നെയും ജാതിവിദ്വേഷങ്ങൾക്ക് വളം വെച്ചുകൊടുക്കുന്നു. ദളിത് ജനതയിൽ മഹാഭൂരിപക്ഷവും അധ്വാനിക്കുന്ന വർഗങ്ങളുടെ ഭാഗമാണ് എന്നതിനാൽ ദളിത് പീഡനത്തിനും ജാതിവ്യവസ്ഥക്കുമെതിരായ ഐക്യം തൊഴിലാളിവർഗ ഐക്യത്തിനുള്ള മുന്നുപാധിയാണ്. ജനാധിപത്യ വിപ്ലവത്തിന്റെ സുപ്രധാനഭാഗമാണ് ജാതിവ്യവസ്ഥക്ക് അറുതിവരുത്തുന്നതിനുള്ള പോരാട്ടം. വർഗപരമായ ചൂഷണത്തിന് എതിരായ സമരവുമായി ബന്ധപ്പെട്ടതാണ് ജാതീയ അടിച്ചമർത്തലിനെതിരായ പോരാട്ടം.  

5.13 സ്വാതന്ത്ര്യസമരത്തിലെ തുല്യപങ്കാളികളായ ഇന്ത്യയിലെ സ്ത്രീകൾ ഇന്ത്യ സ്വതന്ത്രയായതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ലിംഗപരമായ അടിച്ചമർത്തലിന്റെ ചങ്ങലക്കെട്ടുകളിൽനിന്ന് മോചനം ലഭിക്കുമെന്ന് ആശിച്ചിരുന്നു. ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായില്ലെന്നു മാത്രമല്ല, അഞ്ചുദശകം പിന്നിട്ട ബൂർഷ്വാ-ഭൂപ്രഭു വാഴ്ചയ്ക്ക് കീഴിൽ ഓരോ രംഗത്തും പുരുഷാധിപത്യം നിലനിർത്തപ്പെടുകയാണുണ്ടായത്. സ്ത്രീകൾ, തൊഴിലെടുക്കുന്നവർ, പൗരർ എന്നീ നിലകളിൽ വിവിധ തലങ്ങളിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നു. ഉദാരവൽക്കരണ പ്രക്രിയ സാമ്പത്തികവും സാമൂഹ്യവുമായ മണ്ഡലങ്ങളിൽ ലിംഗപരമായ ചൂഷണത്തിന്റെ പുതിയ രൂപങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തത്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ പെരുകുന്നതിലേക്ക് ഇത് നയിച്ചിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ സ്വതന്ത്രമായ പങ്കും സ്ത്രീകളുടെ അഭ്യുന്നതിക്ക് അടിസ്ഥാനപരമായ ഉപാധികളാണ്. സാമൂഹ്യ വിമോചനത്തിനായുള്ള പ്രസ്ഥാനത്തിന്റെ ഭാഗമാണ് അസമമായ ഈ പദവിക്കെതിരായ ചെറുത്തുനിൽപ്പും സമത്വത്തിനുവേണ്ടിയുള്ള മഹിളാപ്രസ്ഥാനവും.  

5.14 അമ്പതുവർഷത്തെ ബൂർഷ്വാ-ഭൂപ്രഭു വാഴ്ച ഭരണകൂടാധികാരത്തിന്റെ എല്ലാ സ്ഥാപനങ്ങളെയും കാർന്നുതിന്നിരിക്കുന്നു. മുതലാളിത്ത വികാസത്തിന്റെ വളർച്ച പ്രതിഫലിപ്പിച്ചുകൊണ്ട് അത്യധികം കേന്ദ്രീകൃതമായ ഉദ്യോഗസ്ഥവൃന്ദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭരണനിർവഹണരീതി. ജനസാമാന്യത്തിൽനിന്ന് തീർത്തും അകന്ന് ചൂഷകവർഗങ്ങളുടെ താൽപ്പര്യങ്ങൾ അനുസരണയോടെ നിറവേറ്റുന്ന സവിശേഷാനുകൂല്യങ്ങളുള്ള ഉദ്യോഗസ്ഥമേധാവികൾ മുഖേനയാണ് പരമോന്നത തലത്തിൽ കേന്ദ്രീകരിച്ച് അധികാരം പ്രയോഗിക്കപ്പെടുന്നത്. സമൂഹത്തിലെ ജനാധിപത്യഘടനയെ ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണ് ഉദ്യോഗസ്ഥവൃന്ദത്തിന്റെ വൻതോതിലുള്ള വളർച്ചയും ഭരണവർഗങ്ങളുമായി അവർക്കുള്ള ശക്തമായ ബന്ധങ്ങളും ഉദ്യോഗസ്ഥവൃന്ദത്തിലെ വ്യാപകമായ അഴിമതിയും.  

5.15 തൊഴിലാളികൾക്കും കൃഷിക്കാർക്കും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങൾക്കും പ്രതികൂലമായാണ് നീതിന്യായവ്യവസ്ഥ നിലകൊള്ളുന്നത്. ഔപചാരികമായി ധനികരും ദരിദ്രരും തത്വത്തിൽ തുല്യരാണെങ്കിലും, സാരാംശത്തിൽ നീതിന്യായവ്യവസ്ഥ ചൂഷകവർഗങ്ങളുടെ താൽപര്യങ്ങൾ നിറവേറ്റുകയും അവരുടെ വർഗഭരണത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. നീതിന്യായവ്യവസഥയെ ഭരണനിർവഹണ ഘടനയിൽനിന്ന് വേർപെടുത്തണമെന്ന ബൂർഷ്വാ ജനാധിപത്യതത്വംപോലും പൂർണമായി പാലിക്കപ്പെടാതെ നിർവഹണാധികാരികളുടെ സ്വാധീനത്തിനും നിയന്ത്രണത്തിനും നീതിന്യായവ്യവസ്ഥ വശംവദമാകുന്നു. ഭരണഘടനാപ്രകാരം ജനാധിപത്യതത്വങ്ങളും മൗലികാവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന വിധിന്യായങ്ങൾ ഭരണവർഗങ്ങൾ അട്ടിമറിച്ചതിന്റെ ഉദാഹരണങ്ങൾ കാണാം. മറുപടി പറയാൻ ജഡ്ജിമാർ ബാധ്യസ്ഥരാകുന്ന ഫലപ്രദമായ സംവിധാനങ്ങളുടെ അഭാവത്തിൽ നീതിന്യായവ്യവസ്ഥയിലെ ചില വിഭാഗങ്ങൾക്കിടയിൽ അഴിമതിയുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അത് ഈ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകർത്തുകളയുന്നു. 

5.16 സ്വതന്ത്ര ഇന്ത്യയിലെ സായുധസേനയുടെ ഘടനയിൽ കോളനിവ്യവസ്ഥയുടെ പാരമ്പര്യം ഇപ്പോഴും കാണാം. സായുധസേന രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനുള്ളതാണ് എന്ന് പ്രതീക്ഷിക്കപ്പെടുന്നുവെങ്കിലും, ചൂഷിത ജനസാമാന്യത്തിന്റെ താൽപര്യങ്ങളുമായി തങ്ങളുടെ വർഗതാൽപര്യങ്ങൾ പരസ്യമായി ഏറ്റുമുട്ടുമ്പോൾ സായുധസേനയെയും അർധസൈനിക ശക്തികളെയും ഭരണവർഗങ്ങൾ കൂടുതൽ കൂടുതൽ ഉപയോഗിക്കുന്നു. കൃഷിക്കാരിൽനിന്നും അധ്വാനിക്കുന്ന ജനങ്ങളിൽനിന്നും വരുന്ന സൈനികർക്ക് വളരെ ശ്രമകരമായ ജോലിയാണ് ചെയ്യാനുള്ളത്. ഈ സേനകളിലെ അണികളെ ജനങ്ങളിൽനിന്ന് അകറ്റിനിർത്തുന്ന ഭരണവർഗങ്ങൾ, അവർക്ക് ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. ജനകീയപ്രസ്ഥാനങ്ങളെ അടിച്ചമർത്താനുള്ള ആയുധമായിട്ടാണ് പൊലീസ് സേനയെ ഉപയോഗപ്പെടുത്തുന്നത്. അവർ രാഷ്ട്രീയ കുതന്ത്രങ്ങൾക്കും അഴിമതിക്കും ഇരയായിത്തീർന്നിരിക്കുന്നു. പലസ്ഥലങ്ങളിലും അവർ, പാവങ്ങൾക്ക് എതിരായി ചൂഷകസംവിധാനത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.  

5.17 തൊഴിലാളിവർഗവും കർഷകജനസാമാന്യവും ഇടത്തരക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ബൂർഷ്വാസിയും അവരുടെ സഖ്യശക്തിയായ ഭൂപ്രഭുക്കളും രാജ്യത്തെ വളരെ ചെറിയ ന്യൂനപക്ഷമാണ്. എന്നിട്ടും ഭൂമിയുടെയും മൂലധനത്തിന്റെയും ഉൽപ്പാദനോപാധികളുടെയും മേൽ ഉടമാവകാശം തങ്ങൾക്കായതിനാൽ ബൂർഷ്വാസിയും ഭൂപ്രഭുക്കളും മഹാഭൂരിപക്ഷത്തെ ഭരിക്കുകയും ചൂഷണം ചെയ്യുകയുമാണ്. മുതലാളിത്ത ഭരണകൂടശക്തിയും അതിന്റെ ഗവൺമെൻറുകളും പാർലമെൻററി ജനാധിപത്യ വ്യവസ്ഥയ്ക്കനുസരിച്ച് ഭൂരിപക്ഷ വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടവയാണ്. എങ്കിൽപോലും, അവ രാഷ്ട്രീയവും സാമ്പത്തികവുമായ അന്തഃസത്തയുടെ കാര്യത്തിൽ ന്യൂനപക്ഷ വാഴ്ചയെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്.  

5.18 ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടന പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് വേണമെന്ന് വ്യവസ്ഥചെയ്യുന്നുണ്ട്. ജനങ്ങൾക്ക് ചില മൗലികാവകാശങ്ങൾ അനുവദിക്കുന്നുമുണ്ട്. എന്നാൽ, ഭരണകൂടത്തിന്റെ അധികാരകേന്ദ്രങ്ങൾ ഈ അവകാശങ്ങളിൽ പലതിനെയും തെറ്റായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ലംഘിക്കുകപോലും ചെയ്യുന്നു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും മറ്റ് ജനാധിപത്യ ജനവിഭാഗങ്ങളുടെയും•സമരങ്ങളുടെ കാര്യം വരുമ്പോൾ, മൗലികാവകാശങ്ങൾ അവരെ സംബന്ധിച്ചിടത്തോളം ഫലത്തിൽ ബാധകമല്ലാതായിത്തീരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളെയും മേഖലകളെയും മുഴുവൻ മാസങ്ങളോളം അഥവാ വർഷങ്ങളോളം തന്നെ, നിരോധനാജ്ഞക്ക് കീഴിലാക്കിക്കൊണ്ട് സംഘംചേരാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. തൊഴിലാളികളും കൃഷിക്കാരും മറ്റ് ജനാധിപത്യ ജനവിഭാഗങ്ങളും രാഷ്ട്രീയവും സാമ്പത്തികവുമായ തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി പ്രക്ഷോഭത്തിനിറങ്ങുമ്പോൾ അവർക്കെതിരായി ഭരണകൂട സംവിധാനങ്ങൾ കൈക്കൊള്ളുന്ന അക്രമം അതിനിഷ്ഠുരമായിത്തീർന്നിരിക്കുന്നു. വിചാരണകൂടാതെ തടവിൽ വെക്കുന്നതിന് അധികാരം നൽകുന്ന കിരാതനിയമങ്ങൾ ഏറെ സാധാരണമായിത്തീർന്നിരിക്കുന്നു. അതുപോലെതന്നെ ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള വകുപ്പുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു. ജനാധിപത്യസമരങ്ങളെ അടിച്ചമർത്താനായി ഓർഡിനൻസുകൾ പുറപ്പെടുവിക്കപ്പെടുന്നു. 1975-ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, ജനാധിപത്യത്തിനു നേർക്കുള്ള ഏറ്റവും കടുത്ത ഭീഷണിയായിരുന്നു.  

5.19 ജനാധിപത്യപ്രസ്ഥാനങ്ങളിൽ നിന്നുണ്ടായ സമ്മർദത്തിന്റെ ഫലമായി പഞ്ചായത്തുകൾക്കും തദ്ദേശഭരണസ്ഥാപനങ്ങൾക്കും ഭരണാധികാരം നൽകുന്നതിനുള്ള അധികാരവികേന്ദ്രീകരണ നിയമനടപടികൾ കൈക്കൊള്ളാൻ ഗവൺമെൻറ് നിർബന്ധിതമായി. പശ്ചിമബംഗാൾ, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഇടതുപക്ഷനേതൃത്വത്തിലുള്ള ഗവൺമെൻറുകൾ ത്രിതലപഞ്ചായത്ത് സംവിധാനത്തിന് അധികാരം കൈമാറാനുള്ള അധികാരവികേന്ദ്രീകരണ നടപടികൾ കൈക്കൊണ്ടു. എന്നാൽ, ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലൊഴിച്ച് മറ്റൊരിടത്തും ജനാധിപത്യം വിപുലമാക്കുന്നതിനുവേണ്ടി പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നില്ല. മറിച്ച് നാട്ടിൻപുറങ്ങളിലെ ഭൂപ്രഭുക്കളുടെയും ഹുണ്ടികക്കാരുടെയും കരാറുകാരുടെയും അധികാരം ശാശ്വതമാക്കാൻ വേണ്ടിയാണ് അവ ഉപയോഗിക്കപ്പെടുന്നത്.  

5.20 ബൂർഷ്വാ-ഭൂപ്രഭു വാഴ്ചയുടെ ദശാബ്ദങ്ങൾ ഇന്ത്യൻ ജനതയുടെ സാംസ്‌കാരിക വികാസത്തെ മുരടിപ്പിച്ചിരിക്കുന്നു. പാരമ്പര്യത്തിന്റെയും മതത്തിന്റെയും പേരിൽ വിനാശകരമായ ആചാരങ്ങളും മൂല്യങ്ങളും നിലനിർത്തപ്പെടുന്നു. ഇവ സ്ത്രീകളെയും അടിച്ചമർത്തപ്പെട്ട ജാതിവിഭാഗങ്ങളെയും താഴ്ത്തിക്കെട്ടുന്നു. സാംസ്‌കാരികപാരമ്പര്യത്തിലെ പുരോഗമനപരവും ആരോഗ്യകരവുമായ വശങ്ങളുടെമേൽ വർഗീയ പ്രത്യയശാസ്ത്രങ്ങൾ ചെളിവാരിയെറിയുന്നു. ബൂർഷ്വാസംസ്‌കാരം വിജ്ഞാനവിരുദ്ധവും ജാതീയവുമായ മൂല്യങ്ങളെ നിലനിർത്തുന്നു. ജനങ്ങൾക്ക് സാംസ്‌കാരികോന്നതി നൽകുന്നതുപോയിട്ട് സാക്ഷരതപോലും ഉറപ്പുവരുത്തുന്നകാര്യത്തിൽ ഭരണകൂടം കുറ്റകരമായ അനാസ്ഥ പുലർത്തുന്നു. അച്ചടി മാധ്യമങ്ങളുടെയും റേഡിയോ ടെലിവിഷൻ അടങ്ങുന്ന ഇലക്‌ട്രോണിക് മാധ്യമങ്ങളുടെയും മേൽ മേധാവിത്വം വഹിക്കുന്ന ചൂഷകവർഗങ്ങൾ, പത്രം നടത്താനും സംഘംചേരാനും പ്രചാരണം നടത്താനുമുള്ള അവകാശങ്ങളും പൂർണമായും മുതലെടുത്തുകൊണ്ടിരിക്കുകയാണ്. അവയുടെ അതിവിപുലമായ വിഭവങ്ങളുമായി മത്‌സരിക്കാൻ അധ്വാനിക്കുന്ന ജനങ്ങൾക്ക് കഴിയുകയില്ല. അതിനാൽ ഔപചാരികമായി എല്ലാവർക്കും അനുവദിക്കപ്പെട്ടിട്ടുള്ള ഈ അവകാശങ്ങൾ അനുഭവിക്കാൻ അവർ അശക്തരാണ്.  

5.21 സമൂഹത്തിലാകെ പരക്കുകയും അഴിമതിയുടെ അഭൂതപൂർവമായ വളർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തിട്ടുള്ള കള്ളപ്പണത്തിന്റെ വമ്പിച്ച വളർച്ചയുടെ പശ്ചാത്തലത്തിൽ ബൂർഷ്വാ-ഭൂപ്രഭു ഭരണകൂടത്തിന്റെ ഉപകരണങ്ങളെല്ലാം അധഃപതിച്ചുപോയിരിക്കുന്നു. ഉദാരവൽക്കരണപ്രക്രിയ ഭരണത്തിന്റെ ഉന്നതതലങ്ങളിൽ വൻതോതിലുള്ള അഴിമതിക്ക് വഴിവെച്ചിരിക്കുകയാണ്. നിയമങ്ങളെ അട്ടിമറിക്കുകയും പൊതുമുതൽ കൊള്ളയടിക്കുകയും ചെയ്യുന്ന അഴിമതി നിറഞ്ഞ ഒരു ഗൂഢസംഘത്തിന്റെ ഭാഗമായിത്തീർന്നിരിക്കുകയാണ് ഉന്നതരായ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും പൊതുസ്ഥാനങ്ങൾ വഹിക്കുന്നവരും ബൂർഷ്വാ രാഷ്ട്രീയക്കാരും. ജനാധിപത്യത്തെയും പൗരന്മാരുടെ അവകാശങ്ങളെയും അത് പരിഹാസ്യമാക്കിത്തീർക്കുന്നു. തിരഞ്ഞെടുപ്പുകളിൽ നടമാടുന്ന പണാധിപത്യത്തിന്റെ അഭൂതപൂർവമായ വളർച്ച, രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണം, ബൂത്ത് പിടിച്ചടക്കൽ, തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾ തുടങ്ങിയവ പാർലമെന്ററി ജനാധിപത്യവ്യവസ്ഥക്ക് ഭീഷണിയായിത്തീർന്നിരിക്കുന്നു.  

5.22 അതെന്തായാലും ജനാധിപത്യത്തിനുവേണ്ടിയും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളിൽ സാർവത്രിക വോട്ടവകാശം, പാർലമെണ്ട്, സംസ്ഥാന നിയമസഭകൾ എന്നിവയെ ആയുധങ്ങളാക്കാൻ ജനങ്ങൾക്ക് കഴിയും. ഇന്ത്യയിലെ ഇന്നത്തെ പാർലമെൻററി വ്യവസ്ഥ, ബൂർഷ്വാസിയുടെ വർഗഭരണത്തിന്റെ ഒരു രൂപമാണെങ്കിൽതന്നെയും ജനങ്ങളെ സംബന്ധിച്ചിടത്തോളം മുന്നേറ്റത്തിനുള്ള ഒരു മാർഗവും അത് ഉൾക്കൊള്ളുന്നുണ്ട്. ജനങ്ങളുടെ താൽപര്യങ്ങൾ കാത്തുരക്ഷിക്കാനും ഒരളവുവരെ ഭരണകാര്യങ്ങളിൽ ഇടപെടുന്നതിനും ജനാധിപത്യത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടിയുള്ള സമരങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിനും അത് ചില അവസരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.  

5.23 അധ്വാനിക്കുന്ന ജനങ്ങളിൽനിന്നും അവരുടെ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളിൽനിന്നും അല്ല പാർലമെന്ററി വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേർക്കുള്ള ഭീഷണി ഉയർന്നുവരുന്നത്; ചൂഷകവർഗങ്ങളിൽനിന്നാണ്. പാർലമെന്ററി വ്യവസ്ഥയെ തങ്ങളുടെ സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷകവർഗങ്ങളാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ മുന്നോട്ടുവെക്കുന്നതിന് ജനങ്ങൾ പാർലമെൻററി സ്ഥാപനങ്ങളെ ഉപയോഗിക്കുകയും തദ്വാരാ വൻകിട ബൂർഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും സ്വാധീനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ പാർലമെന്ററി ജനാധിപത്യത്തെ കാൽക്കീഴിലിട്ട് ചവിട്ടിയരയ്ക്കാൻ ചൂഷകവർഗങ്ങൾ ഒട്ടും മടിക്കുകയില്ല. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെൻറുകളെ എത്രയോ തവണ കേന്ദ്രം പിരിച്ചുവിട്ടപ്പോൾ നാമതു കണ്ടതാണ്. ഭരണവർഗങ്ങൾ ഈ ഹീനമാർഗത്തിൽ ഏതറ്റംവരെ പോകുമെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളായിരുന്നു പശ്ചിമബംഗാളിലും ത്രിപുരയിലും അവർ അഴിച്ചുവിട്ട അർധഫാസിസ്റ്റ് ഭീകരവാഴ്ചയും, ഭരണഘടനാ വകുപ്പുകളുടെ നഗ്‌നമായ ലംഘനങ്ങളും. പ്രസിഡൻഷ്യൽ രൂപത്തിലുള്ള ഗവൺമെൻറ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകൾ പാർലമെന്ററി ജനാധിപത്യത്തെ പരിമിതമാക്കുന്നതും അമിതാധികാര പ്രവണത വെളിപ്പെടുത്തുന്നതുമാണ്. ഉദാരവൽക്കരണത്തെയും സാർവദേശീയ മൂലധനത്തിന്റെ വർധമാനമായ സമ്മർദത്തെയും തുടർന്ന് ഇത് കൂടുതൽ ശക്തമായിട്ടുണ്ട്. അതിനാൽ ജനങ്ങളുടെ താൽപര്യാർഥം അത്തരം ഭീഷണികളിൽനിന്ന് പാർലമെന്ററി സ്ഥാപനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുകയും അത്തരം സ്ഥാപനങ്ങളെ പാർലമെന്റേതര പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ച് സമർഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്.