കണ്ണൂര് > സി.പി.ഐ(എം) 23-ാം പാര്ട്ടി കോണ്ഗ്രസ്സ് 2022 ഏപ്രില് മാസം കണ്ണൂരില് വെച്ച് നടത്തുന്നതിന്റെ മുന്നോടിയായി കണ്ണൂര് ജില്ലാസമ്മേളനം ഡിസംബര് മധ്യത്തില് മാടായി ഏരിയയിലെ എരിപുരത്ത് വെച്ച് നടത്താന് ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില് പി ജയരാജന് അധ്യക്ഷത വഹിച്ചു. കേന്ദ്ര-സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള് പി.ബി അംഗം കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചു. ജില്ലയിലെ പ്രവര്ത്തനങ്ങളും, ഭാവി പരിപാടികളും ജില്ലാസെക്രട്ടറി എം വി ജയരാജന് വിശദമാക്കി. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്, എം വി ഗോവിന്ദന് മാസ്റ്റര്, പി കെ ശ്രീമതി ടീച്ചര്, കെ കെ ശൈലജ ടീച്ചര് എന്നിവരും യോഗത്തില് പങ്കെടുത്തു. ബ്രാഞ്ച് സമ്മേളനങ്ങള് സപ്തംബര് 10 മുതല് 30 വരെയുള്ള തീയ്യതികള്ക്കുള്ളിലും, ലോക്കല് സമ്മേളനങ്ങള് ഒക്ടോബര് മാസവും, ഏരിയാസമ്മേളനങ്ങള് നവംബര് മാസവും നടത്താന് തീരുമാനമെടുത്തു. 3970 ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് ചുരുങ്ങിയത് ഒരു കേന്ദ്രത്തിലെങ്കിലും ശുചീകരണ പ്രവര്ത്തനം നടത്തും. കുടുംബയോഗങ്ങള് ഓണ്ലൈനായിട്ടാണ് സംഘടിപ്പിക്കുക. ഉദ്ഘാടന സമ്മേളനത്തില് രക്തസാക്ഷി കുടുംബങ്ങളെയും, പഴയകാല പ്രവര്ത്തകരെയും ക്ഷണിക്കും. പ്രദേശങ്ങളെ അടിസ്ഥാമാക്കിയുള്ള 225 ലോക്കല് സമ്മേളനങ്ങളോടനുബന്ധിച്ച് സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റുകാരും എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണവും, പൊതുയോഗവും ഓണ്ലൈനായി സംഘടിപ്പിക്കും. നവംബറില് നടത്തുന്ന 18 ഏരിയാസമ്മേളനങ്ങള് രണ്ട് ദിവസങ്ങളിലായാണ് നടത്തുക. കലാസാംസ്കാരിക പരിപാടികള്, വെബിനാറുകള്, പൊതുസമ്മേളനം എന്നിവ വെര്ച്വലായും, ചരിത്ര ചിത്രപ്രദര്ശനവും സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള എല്ലാ പരിപാടികളും കോവിഡ് പ്രോട്ടോകോള് പാലിച്ചുകൊണ്ടായിരിക്കും നടത്തുക. സമ്മേളന പ്രവര്ത്തനങ്ങള് വിജയിപ്പിക്കണമെന്ന് എല്ലാ പാര്ട്ടി ഘടകങ്ങളോടും, പ്രവര്ത്തകരോടും സി.പി.ഐ(എം) ജില്ലാകമ്മിറ്റി അഭ്യര്ത്ഥിച്ചു.
കണ്ണൂർ ജില്ലാ സമ്മേളനം എരിപുരത്ത്
- Details
- Category: Press Releases
- Hits: 1975