സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജനകീയമുഖം രൂപപ്പെട്ട 1930കളിലെ തൊഴിലാളി-കർഷക മുന്നേറ്റങ്ങളിൽ നിന്ന് ഉയിർകൊണ്ടതാണ് കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ധീരോദാത്തമായ കർഷകസമരങ്ങളിലൂടെയും ശക്തമായ തൊഴിലാളി മുന്നേറ്റങ്ങളിലൂടെയും ഇന്ത്യയിലെ ഇതര ജനവിഭാഗങ്ങൾക്ക് ആവേശം പകർന്ന ഈ മണ്ണിലാണ് 1939 ഡിസംബർ മാസം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നുവീണത്. അതിന്റെ നേതൃസ്ഥാനത്ത് നിലയുറപ്പിച്ച സഖാവ് കൃഷ്ണപ്പിള്ളി അവിഭക്ത കണ്ണൂർ ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിച്ച് പാർട്ടിക്ക് അടിത്തറയുണ്ടാക്കി.
ഗുരുവായൂർ സത്യഗ്രഹമടക്കമുള്ള നവോത്ഥാന സമരങ്ങൾക്ക് നേതൃത്വം കൊടുത്ത എ.കെ.ജി.യെപ്പോലുള്ള ഉന്നതശീർഷരായ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കൾ ഈ മണ്ണിൽ പിറന്നവരാണ്. എ.കെ.ജി.യെക്കൂടാതെ കെ.പി.ആർ. ഗോപാലൻ, കെ.എ. കേരളീയൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്, കെ.പി. ഗോപാലൻ, എ.വി. കുഞ്ഞമ്പു, സുബ്രഹ്മണ്യഷേണായ്, പി.എം. ഗോപാലൻ, ഇ.കെ. നായനാർ, സി.എച്ച്. കണാരൻ, സി. കണ്ണൻ, കാന്തലോട്ട് കുഞ്ഞമ്പു, യശോദ ടീച്ചർ, ടി.സി. നാരായണൻ നമ്പ്യാർ തുടങ്ങി നിരവധി സമരങ്ങളിലൂടെ ഉയിർകൊണ്ട നേതൃത്വമാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നതനേതൃത്വത്തിൽ നിറഞ്ഞുനിന്നത്.
ഒന്നാം ലോകയുദ്ധത്തിന്റെ മുറിവുകൾ ഉണങ്ങുന്നതിനു മുമ്പ് തന്നെ ആരംഭിച്ച രണ്ടാം ലോകയുദ്ധത്തെ ചെറുക്കാനുള്ള സമര മുന്നേറ്റത്തിനിടയിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഘടകം 1937ൽ പിണറായി പാറപ്രത്ത് വെച്ച് കെ.പി. ഗോപാലന്റെ അദ്ധ്യക്ഷതയിൽ രൂപീകരിക്കപ്പെടുന്നത്. പാർട്ടിയുടെ രൂപീകരണത്തിനുശേഷം മുതിർന്ന നേതാക്കൾ ഒളിവിലിരുന്നുകൊണ്ടാണ് സമരങ്ങൾ ആസൂത്രണം ചെയ്തത്. യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്താൻ തൊഴിലാളികളെയും കർഷകരെയും സജ്ജമാക്കുകയും വിലക്കയറ്റത്തിനും ക്ഷാമത്തിനുമെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്തു. യുദ്ധവിരുദ്ധ മുന്നേറ്റങ്ങളെ തകർക്കാനുള്ള ഭരണകൂടത്തിന്റെ സംഘടിതശ്രമങ്ങളെ ചെറുക്കാനായിരുന്നു 1940 സപ്തംബർ 15ന് മർദ്ദനപ്രതിഷേധദിനമാചരിക്കാൻ പാർട്ടി തീരുമാനിച്ചത്.
1940 ജനുവരി 26നാണ് പാർട്ടി രൂപീകരണം സംബന്ധിച്ച് ചുവരെഴുത്തിലൂടെ ഔദ്യോഗികമായി അറിയിച്ചതെങ്കിലും തെളിവിൽ പ്രവർത്തിക്കാൻ അനുവാദമില്ലാത്തതിനാൽ പല തീരുമാനങ്ങളും കെ.പി.സി.സി.യിലൂടെ തന്നെയാണ് നടപ്പാക്കിയിരുന്നത്. വലതുപക്ഷ കെ.പി.സി.സി. അംഗങ്ങൾ ഇതിനെ എതിർത്തെങ്കിലും ഭൂരിപക്ഷം അംഗങ്ങളും ഇടതുപക്ഷ സമരങ്ങളെ അനുകൂലിച്ചു. ഈ പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ മർദ്ദനമുറകളെ ചെറുക്കാനുള്ള പ്രതിഷേധദിനമായി സപ്തംബർ സമരങ്ങൾ രൂപപ്പെട്ടത്. മലബാറിൽ ആ.കെ 12 കേന്ദ്രങ്ങളിൽ പ്രകടനവും പൊതുസമ്മേളനങ്ങളും നടത്താൻ തീരുമാനിച്ചു. ഇന്നത്തെ കണ്ണൂർ ജില്ലയിൽ നടന്ന നാല് സമരങ്ങളാണ് പിന്നീട് കേരളചരിത്രത്തിന്റെ ഗതിയെത്തന്നെ നിർണ്ണയിച്ച പ്രധാന ജനമുന്നേറ്റമായി മാറിയത്. മോറാഴ, മട്ടന്നൂർ, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നടന്ന സമരമായിരുന്നു അത്. ഈ സമരത്തിനിടയിലാണ് രണ്ടു സഖാക്കൾ തലശ്ശേരിയിൽ മരിച്ചുവീണത്. സ്ക്കൂൾ അദ്ധ്യാപകനായിരുന്ന അബുവും ബീഡി തൊഴിലാളിയായ ചാത്തുക്കുട്ടിയും. ഇവർ കേരളത്തിലെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളാണ്. ഈ ചെറുത്തുനില്പിൽ മോറാഴയിലും മട്ടന്നൂരിലുമായി മൂന്നു പോലീസുകാരും മരിച്ചുവീണു. മോറാഴ സമരനായകനായ കെ.പി.ആറിനെ വധശിക്ഷക്ക് വിധിച്ചെങ്കിലും ശക്തമായ ജനകീയ ചെറുത്തുനില്പിനെ തുടർന്ന് ജീവപര്യന്തം തടവാക്കി മാറ്റേണ്ടിവന്നു.
യുദ്ധത്തിന്റെ ഭീകരമായ മുഖം ദർശിച്ച നാളുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ബഹുമുഖ പ്രവർത്തനങ്ങളിലൂടെ ജനകീയതയുടെ പതാകാവാഹകരായി. ഭക്ഷ്യക്ഷാമത്തെ ചെറുക്കാൻ, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ, കോളറ പോലുള്ള മഹാവ്യാധികളെ നേരിടാൻ പാർട്ടി ജനങ്ങളെ സജ്ജമാക്കി. വിപുലമായ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടു. ഭരണകൂടത്തിന്റെ എല്ലാ ഭീകരതകളെയും വെല്ലുവിളിച്ചുകൊണ്ടാണ് ക്ഷാമകാലത്തും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്ന ജന്മി-നാടുവാഴി-ബ്രിട്ടീഷ് തേർവാഴ്ചയെ പാർട്ടി നേരിട്ടത്. അതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് ആദ്യം കയ്യൂരിലും പിന്നീട് കരിവെള്ളൂരിലും കാവുമ്പായിയിലും ദർശിച്ചത്. കയ്യൂരിൽ നാലു സഖാക്കളെ തൂക്കിലേറ്റി. കരിവെള്ളൂർ വെടിവെപ്പിൽ രണ്ടുസഖാക്കളും കാവുമ്പായിയിൽ അഞ്ചു സഖാക്കളും രക്തസാക്ഷികളായി.
യുദ്ധം അവസാനിച്ചെങ്കിലും യുദ്ധത്തിന്റെ കെടുതികൾ അവസാനിച്ചില്ല. ക്ഷാമവും ദുരിതവും പട്ടിണിയും പകർച്ചവ്യാധികളും തുടർന്നുകൊണ്ടിരുന്നു. അതുപോലെതന്നെ 1947ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചെങ്കിലും കമ്മ്യൂണിസ്റ്റുകാരെയും ജനകീയ മുന്നേറ്റങ്ങളെയും അടിച്ചമർത്തുന്ന ബ്രിട്ടീഷ് നയം അവസാനിച്ചില്ല. കോൺഗ്രസ് ഗവൺമെന്റ് അത് തുടർന്നുകൊണ്ടേയിരുന്നു. അതിനെ തുടർന്നാണ് 1948ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കട്ടാതീസിസും പിന്നീടുള്ള ജനകീയ സമരങ്ങൾ ശക്തിപ്പെട്ടതും. മലബാറിലും വിശേഷിച്ച് ഇന്നത്തെ കണ്ണൂർ ജില്ലയിലും യുദ്ധക്കെടുതികെൾക്കെതിരെ നടന്ന സമരങ്ങളുടെ തുടർച്ചതന്നെയായിരുന്നു നടന്നുകൊണ്ടിരുന്നത്.
ഉടുക്കാൻ തുണിയില്ലാത്തവരും കഴിക്കാൻ ഭക്ഷണമില്ലാത്തവരുമായ പട്ടിണിപ്പാവങ്ങൾക്ക് വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക-തൊഴിലാളി സംഘടനകളും ജനകീയ ചെറുത്തുനില്പുകൾ നടത്തിയത്. ഭക്ഷ്യധാന്യങ്ങൾ പൂഴ്ത്തിവെച്ച ജന്മിത്തമ്പുരാക്കന്മാരുടെ പത്തായപ്പുരയിലേക്ക് മാർച്ച് ചെയ്ത് അവ ന്യായവില ഷോപ്പുകൾ വഴി ജനങ്ങൾക്ക് വിതരണം ചെയ്യുന്ന സമരമാണ് ഇക്കാലത്ത് മുഖ്യമായും പാർട്ടി ഏറ്റെടുത്തത്.
ഈ സമരത്തിനിടയിലാണ് നിരവധി സഖാക്കൾക്ക് ജീവൻ ബലികൊടുക്കേണ്ടിവന്നത്. കോറോം, തില്ലങ്കേരി, മുനയൻകുന്ന്, പഴശ്ശി തുടങ്ങി നിരവധി സമരങ്ങൾ ഇക്കാലത്ത് അരങ്ങേറി. വിശക്കുന്നവന് ഭക്ഷണം നൽകാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഈ ത്യാഗോജ്ജ്വല സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ കോൺഗ്രസ് ഭരണാധികാരികൾ ശ്രമിച്ചെങ്കിലും വടക്കേ മലബാറിന്റെ ഈ ധീരമായ സമരപാരമ്പര്യമാണ് ഒരു ജനകീയ ശക്തിയായി പിൽക്കാല ജീവിതത്തിൽ അടിസ്ഥാന വർഗത്തെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയത്.
ജയിലിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് പാടിക്കുന്നിലെ പാറപ്പുറത്ത് വെച്ച് വെടിയുണ്ടക്കിരയായ രയിരുനമ്പ്യാരും കുട്ട്യപ്പയും മഞ്ഞേരി ഗോപാലനും സമരഭൂമിയിലെ ധീരതയുടെ ഇതിഹാസങ്ങളാണ്. നിരവധി സമരങ്ങളിൽ ജയിൽശിക്ഷയ്ക്ക് വിധിച്ച സഖാക്കളെയാണ് സേലം ജയിൽ 1950 ഫിബ്രവരി 11ന് നിഷ്ഠൂരമായി വെടിവെച്ചുകൊന്നത്. 22 സഖാക്കളാണ് സേലം ജയിലിലെ ഇടുങ്ങിയ തടവറക്കുള്ളിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്നത്.
സാമ്രാജ്യത്വഭരണത്തെ തകർത്തെറിഞ്ഞ് ജനകീയ ഭരണം സ്ഥാപിക്കാനുള്ള തൊഴിലാളികളുടെയും കർഷകരുടെയും മുന്നേറ്റം കോൺഗ്രസ് ഭരണത്തിന്റെ ജന്മി-ബൂർഷ്വാ പക്ഷപാതത്തിനെതിരെ ആഞ്ഞടിച്ചതിന്റെ പ്രതിഫലനമാണ് 1957ലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം. അടിമസമാനമായ ജീവിതത്തില നിന്നും നിഷ്ഠൂരമായ അടിച്ചമർത്തലിന്റെ കരാളഹസ്തങ്ങളില നിന്നും മോചിതനായി ആത്മാഭിമാനമുള്ള പൗരന്മാരായി കേരളത്തിലെ തൊഴിലാളിയും കർഷകരും മറ്റു സാമാന്യജനതയും വളർന്നുവന്നത് ജനകീയ സമരങ്ങളുടെ ഈ കനൽപാതകൾ താണ്ടിയിട്ടാണ്. ഈ സമരങ്ങളുടെയും മുന്നേറ്റങ്ങളുടെയും ഇടർച്ചയില്ലാത്ത തുടർച്ചയാണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.