Article Index

VI  ജനകീയ ജനാധിപത്യവും അതിന്റെ പരിപാടിയും

6.1 ഇന്നത്തെ ബൂർഷ്വാ-ഭൂപ്രഭു ഭരണത്തിൻകീഴിലെ പിന്നോക്കാവസ്ഥ, ദാരിദ്ര്യം, പട്ടിണി എന്നിവയിൽനിന്ന് മോചനം ലഭിക്കുമെന്ന് ജനങ്ങൾക്ക് ആശിക്കാൻപോലും വഴിയില്ലെന്നാണ് അനുഭവങ്ങൾ കാണിച്ചുതരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തുടർച്ചയായി വൻകിട ബൂർഷ്വാസി ഭരണകൂടാധികാരത്തിലാണ്. ഒരുവശത്ത് ജനസാമാന്യത്തിന്റെ ചെലവിലും മറുവശത്ത് സാമ്രാജ്യത്വവുമായും വൻകിട ഭൂപ്രഭുത്വവുമായും സന്ധിചെയ്തും വിലപേശിക്കൊണ്ടും തങ്ങളുടെ വർഗത്തിന്റെ പദവിയെ കൂടുതൽ ശക്തിപ്പെടുത്താൻ അവർ ഭരണകൂടാധികാരത്തെ ഉപയോഗിച്ചുവരികയുമാണ്. ഉയർന്നുവരുന്ന ബൂർഷ്വാസിയാൽ തകർക്കപ്പെട്ട പ്രാങ് മുതലാളിത്ത സമൂഹത്തിന്റെ ചാരത്തിന്മേലാണ് വികസിത മുതലാളിത്ത രാജ്യങ്ങളിൽ മുതലാളിത്തം വളർന്നുവന്നതെങ്കിൽ, അതിനുവിരുദ്ധമായി ഇന്ത്യയിൽ പ്രാങ് മുതലാളിത്ത സമൂഹത്തിനുമേൽ മുതലാളിത്തം അടിച്ചേൽപ്പിക്കപ്പെടുകയാണുണ്ടായത്. മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വികാസത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധികളിൽ ഒന്നാണ് പ്രാങ് മുതലാളിത്തത്തെ തകർക്കുകയെന്നത്. എന്നാൽ, തങ്ങളുടെ വാഴ്ചക്കാലത്ത് ബ്രിട്ടീഷ് കോളനി ഭരണാധികാരികളോ സ്വാതന്ത്ര്യത്തിനുശേഷം ഭരണം ഏറ്റെടുത്ത ഇന്ത്യൻ ബൂർഷ്വാസിയോ അതിനെ തകർക്കാൻ ശ്രമിക്കുകയുണ്ടായില്ല. അതിനാൽ ഇന്നത്തെ ഇന്ത്യൻ സമൂഹം കുത്തക മൂലധനമേധാവിത്വവും ജാതി-മത-ഗോത്ര സ്ഥാപനങ്ങളും തമ്മിലുള്ള ഒരു സവിശേഷസംയോഗമാണ്. അതിനാൽ ജനാധിപത്യ വിപ്ലവം പൂർത്തിയാക്കുന്നതിനും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിന് പശ്ചാത്തലമൊരുക്കുന്നതിനും വേണ്ടി, പ്രാങ് മുതലാളിത്ത സമൂഹത്തെ തകർക്കുന്നതിൽ താൽപര്യമുള്ള എല്ലാ പുരോഗമനശക്തികളെയും ഒന്നിപ്പിക്കുകയും വിപ്ലവശക്തികളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നത് തൊഴിലാളിവർഗത്തിന്റെയും അതിന്റെ പാർടിയുടെയും കടമയായിത്തീർന്നിരിക്കുന്നു.  

6.2 സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുകയെന്ന തങ്ങളുടെ ലക്ഷ്യം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) മുറുകെപ്പിടിക്കുന്നു. ഇന്നത്തെ ഭരണകൂടത്തിന്റെയും വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂർഷ്വാ-ഭൂപ്രഭു ഗവൺമെൻറിന്റെയും കീഴിൽ അത് നേടിയെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. തൊഴിലാളിവർഗ ഭരണകൂടത്തിൻകീഴിൽ മാത്രമേ യഥാർഥ സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കാൻ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുമ്പോൾതന്നെ, സാമ്പത്തിക വികസനത്തിന്റെ നിലവാരവും തൊഴിലാളിവർഗത്തിന്റെയും അതിന്റെ സംഘടനയുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പക്വതയും കണക്കിലെടുത്തുകൊണ്ട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) , ജനങ്ങളുടെ മുമ്പിൽവെക്കുന്ന അടിയന്തരലക്ഷ്യം ഇതാണ്: 

ഉറച്ച തൊഴിലാളി-കർഷകസഖ്യത്തിന്റെ അടിസ്ഥാനത്തിൽ, തൊഴിലാളിവർഗ നേതൃത്വത്തിൽ, എല്ലാ അസ്സൽ ഫ്യൂഡൽവിരുദ്ധ, കുത്തകവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ശക്തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തിൽ ജനകീയജനാധിപത്യം സ്ഥാപിക്കുക. ഇന്നത്തെ ബൂർഷ്വാ-ഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ് ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുകയെന്നതാണ് ഇതിനുള്ള പ്രഥമവും പ്രധാനവുമായ മുന്നുപാധി. ഇന്ത്യൻ വിപ്ലവത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂർത്തീകരിക്കാനും സോഷ്യലിസത്തിന്റെ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കാനും ഇതുകൊണ്ട് മാത്രമേ കഴിയൂ.  

ജനകീയ ജനാധിപത്യ ഗവൺമെൻറ് നിർവഹിക്കുന്ന കടമകളും പരിപാടികളും ഇവയാണ്

6.3 ഭരണകൂട ഘടനയുടെ മേഖലയിൽ: രാജ്യത്ത് അധിവസിക്കുന്ന വിവിധ ദേശീയ ജനവിഭാഗങ്ങളുടെ യഥാർഥ സമത്വത്തിന്റെയും സ്വയംഭരണാവകാശത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യൻ യൂണിയന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും വളർത്തുന്നതിനും വേണ്ടിയും താഴെപറയുന്ന വിധത്തിൽ ഫെഡറൽ ജനാധിപത്യ ഭരണകൂടഘടന വളർത്തിക്കൊണ്ടു വരുന്നതിനു വേണ്ടിയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) പ്രവർത്തിക്കുന്നു.  

i. ജനങ്ങളാണ് പരമാധികാരികൾ: ഭരണകൂടാധികാരത്തിന്റെ എല്ലാ ഉപകരണങ്ങളും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യതപ്പെട്ടവയായിരിക്കും. പ്രായപൂർത്തി വോട്ടവകാശത്തിന്റെയും ആനുപാതിക പ്രാതിനിധ്യതത്ത്വത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരും തിരിച്ചു വിളിക്കപ്പെടാവുന്നവരുമായ ജനപ്രതിനിധികളായിരിക്കും ഭരണകൂടാധികാരങ്ങൾ പ്രയോഗിക്കുന്ന പരമാധികാരികൾ. അഖിലേന്ത്യാ കേന്ദ്രത്തിൽ രണ്ടു സഭകളുണ്ടായിരിക്കും. ജനസഭയും സംസ്ഥാനങ്ങളുടെ സഭയും.

ii. ഇന്ത്യൻ യൂണിയനിലെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ അധികാരങ്ങളും യഥാർഥമായ സ്വയം ഭരണാധികാരവും ഉണ്ടായിരിക്കും. ഗോത്രവർഗമേഖലകൾക്കോ അഥവാ ജനസംഖ്യയിൽ നിയതമായ വംശീയചേരുവയുള്ളതും സവിശേഷ സാമൂഹ്യ-സാംസ്‌കാരിക പരിതഃസ്ഥിതികളാൽ വ്യതിരിക്തമായിട്ടുള്ളതുമായ മേഖലകൾക്കോ അതതു സംസ്ഥാനങ്ങൾക്കുള്ളിൽ പ്രാദേശിക സ്വയംഭരണാധികാരം ഉണ്ടായിരിക്കുന്നതും അവയുടെ വികസനത്തിന് പൂർണമായ സഹായം ലഭിക്കുന്നതുമാണ്. 

iii. സംസ്ഥാനതലത്തിൽ ഉപരിസഭകൾ ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാനങ്ങൾക്ക്, മുകളിൽനിന്ന് നിയമിക്കപ്പെടുന്ന ഗവർണർമാരും ഉണ്ടായിരിക്കുന്നതല്ല. അതത് സംസ്ഥാനങ്ങളുടെയോ പ്രാദേശികാധികാര സമിതികളുടെയോ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴിലായിരിക്കും എല്ലാ ഭരണസർവീസുകളും. എല്ലാ ഇന്ത്യൻ പൗരന്മാരെയും സംസ്ഥാനങ്ങൾ ഒരേവിധത്തിൽ പരിഗണിക്കുന്നതാണ്. ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ സമുദായത്തിന്റെയോ ദേശീയതയുടെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഉണ്ടായിരിക്കുന്നതല്ല.  

iv. പാർലമെണ്ടിലും കേന്ദ്രഭരണത്തിലും എല്ലാ ദേശീയഭാഷകൾക്കും തുല്യത ഉണ്ടായിരിക്കുന്നതാണ്. തങ്ങളുടേതായ ദേശീയഭാഷയിൽ സംസാരിക്കാനുള്ള അവകാശം എല്ലാ പാർലമെണ്ട് അംഗങ്ങൾക്കും ഉണ്ടായിരിക്കുന്നതാണ്. മറ്റ് എല്ലാ ഭാഷകളിലും തൽസമയ തർജുമ ലഭ്യമാക്കുന്നതുമാണ്. ഗവൺമെൻറിന്റെ എല്ലാ കൽപ്പനകളും നിയമങ്ങളും ചട്ടങ്ങളും പ്രമേയങ്ങളും എല്ലാ ദേശീയഭാഷകളിലും ലഭ്യമാക്കുന്നതാണ്. ഏക ഔദ്യോഗികഭാഷ എന്ന നിലയിലുള്ള ഹിന്ദിയുടെ ഉപയോഗം നിയമപരമായി നിർബന്ധമാക്കുകയില്ല. വിവിധ ഭാഷകൾക്ക് തുല്യപ്രാധാന്യം നൽകിക്കൊണ്ടുമാത്രമേ രാജ്യത്തൊട്ടാകെയുള്ള ബന്ധഭാഷയായി ഹിന്ദിക്ക് അംഗീകാരം നേടാൻ കഴിയുകയുള്ളൂ. അതുവരെ, ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിക്കുക എന്ന ഇന്നത്തെ വ്യവസ്ഥ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും ഉന്നത നിലവാരം വരെ തങ്ങളുടെ മാതൃഭാഷയിലൂടെ ബോധനം നേടാൻ ജനങ്ങൾക്കുള്ള അവകാശം ഉറപ്പുവരുത്തും. ഒരു സംസ്ഥാനത്തെ എല്ലാ പൊതുസ്ഥാപനങ്ങളിലും ഔദ്യോഗികസ്ഥാപനങ്ങളിലും ഭരണഭാഷയായി ആ സംസ്ഥാനത്തെ ഭാഷ ഉപയോഗിക്കാനുള്ള അവകാശവും ഉറപ്പുവരുത്തും. ഒരു സംസ്ഥാനത്തിലെ ഭാഷയ്ക്കു പുറമേ ഏതെങ്കിലും ന്യൂനപക്ഷത്തിന്റെയോ ന്യൂനപക്ഷങ്ങളുടെയോ പ്രദേശത്തിന്റെയോ ഭാഷ കൂടി ആ സംസ്ഥാനത്തിന്റെ ഭാഷയ്ക്ക് പുറമേ ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണെങ്കിൽ അതിനും വ്യവസ്ഥ ഉണ്ടാക്കുന്നതാണ്. ഉറുദുഭാഷയും അതിന്റെ ലിപിയും സംരക്ഷിക്കപ്പെടുന്നതാണ്.

v. ഘടകസംസ്ഥാനങ്ങൾ തമ്മിൽ തമ്മിലും വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽതമ്മിലും സാമ്പത്തിക-രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലുള്ള പരസ്പര സഹകരണം വളർത്തിയെടുത്തും വർധിപ്പിച്ചും ഇന്ത്യയുടെ•ഐക്യം ദൃഢതരമാക്കാനുള്ള നടപടികൾ ജനകീയ ജനാധിപത്യ ഗവൺമെൻറ് കൈക്കൊള്ളുന്നതാണ്. ദേശീയതകളുടെയും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും നാനാത്വം മാനിക്കപ്പെടുന്നതാണ്; നാനാത്വത്തിലെ ഏകത്വം ശക്തിപ്പെടുത്താനുള്ള നയങ്ങൾ അംഗീകരിക്കുന്നതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ദുർബലങ്ങളായ സംസ്ഥാനങ്ങൾക്കും മേഖലകൾക്കും പ്രദേശങ്ങൾക്കും അവയുടെ പിന്നോക്കാവസ്ഥ ദ്രുതഗതിയിൽ തരണം ചെയ്യാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, പ്രത്യേക ശ്രദ്ധയും സാമ്പത്തികവും മറ്റുമായ പ്രത്യേക സഹായങ്ങളും നൽകുന്നതായിരിക്കും.  

vi. ജനകീയ ജനാധിപത്യ ഭരണകൂടം, പ്രാദേശിക ഭരണത്തിന്റെ മേഖലയിൽ ജനങ്ങളാൽ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ടതും വേണ്ടത്ര അധികാരങ്ങളും ഉത്തരവാദിത്വങ്ങളും ഉള്ളതും ആവശ്യമായ ധനസ്ഥിതിയുള്ളതുമായ പ്രാദേശിക സമിതികളുടെ അതിബൃഹത്തായ ഒരു ശൃംഖല, ഗ്രാമതലംമുതൽ മുകളിലോട്ട്, ഉണ്ടാക്കുന്നതായിരിക്കും. പ്രാദേശിക സമിതികളുടെ സജീവ പ്രവർത്തനങ്ങളിൽ ജനങ്ങളെ പങ്കെടുപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതായിരിക്കും.  

vii. നമ്മുടെ എല്ലാ സാമൂഹ്യ-രാഷ്ട്രീയ സ്ഥാപനങ്ങളിലേക്കും ജനാധിപത്യത്തിന്റെ ചൈതന്യം സംക്രമിപ്പിക്കാൻ ജനകീയ ജനാധിപത്യ ഭരണകൂടം ശ്രമിക്കുന്നതായിരിക്കും. ദേശീയ ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും ജനാധിപത്യ രൂപത്തിലുള്ള മുൻകയ്യും നിയന്ത്രണവും വ്യാപിപ്പിക്കുന്നതായിരിക്കും. രാഷ്ട്രീയപ്പാർടികളും, ട്രേഡ് യൂണിയനുകളും കർഷക കർഷകത്തൊഴിലാളി സംഘടനകളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മറ്റ് വർഗ-ബഹുജന സംഘടനകളും ഇക്കാര്യത്തിൽ നിർണായകമായ പങ്കുവഹിക്കുന്നതായിരിക്കും. ജനങ്ങളുടെ ജനാധിപത്യപരമായ അഭിലാഷങ്ങളോട് നിരന്തരം പ്രതികരിക്കാൻ പാകത്തിൽ നിയമനിർമാണ-നിർവഹണ സംവിധാനങ്ങളെ സജ്ജമാക്കാൻ ആവശ്യമായ നടപടികൾ ഗവൺമെൻറ് കൈക്കൊള്ളുന്നതാണ്; ഭരണത്തിലും സർക്കാരിന്റെ പ്രവർത്തനങ്ങളിലും ബഹുജനങ്ങളും അവരുടെ സംഘടനകളും സജീവ പങ്കുവഹിക്കുന്നു എന്ന് ഗവൺമെൻറ് ഉറപ്പുവരുത്തും. ഭരണകൂടത്തിലും ഭരണത്തിലുമുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വപരമായ പതിവുകൾ ഇല്ലായ്മ ചെയ്യാൻ അതു പ്രവർത്തിക്കുന്നതായിരിക്കും.  

viii. ജനകീയ ജനാധിപത്യ ഭരണകൂടം കള്ളപ്പണം കണ്ടെടുക്കുന്നതും അഴിമതി ഇല്ലാതാക്കുന്നതും പൊതുജനസേവകരുടെ സാമ്പത്തിക കുറ്റങ്ങളും അഴിമതികളും കണ്ടെത്തി ശിക്ഷിക്കുന്നതും ആയിരിക്കും.  

ix. നീതി നടപ്പാക്കുന്ന കാര്യത്തിൽ ജനാധിപത്യപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതായിരിക്കും. ന്യായയുക്തവും കൃത്യനിഷ്ഠവുമായ നീതി ഉറപ്പുവരുത്തും. ആവശ്യമുള്ളവർക്ക് നിയമപരമായ ആശ്വാസം എളുപ്പത്തിൽ ലഭ്യമാകത്തക്ക വിധത്തിൽ സൗജന്യമായി നിയമസഹായവും വിദഗ്‌ധോപദേശവും ഏർപ്പെടുത്തുന്നതായിരിക്കും.  

x. സായുധസേനയിലെ അംഗങ്ങളിൽ ദേശാഭിമാനത്തിന്റെയും ജനാധിപത്യത്തിന്റെയും ജനസേവനത്തിന്റെയും വികാരം ഉളവാക്കാൻ ജനകീയ ജനാധിപത്യ ഗവൺമെൻറ് ശ്രമിക്കുന്നതായിരിക്കും. അവർക്ക് നല്ല ജീവിതനിലവാരവും സേവന വ്യവസ്ഥകളും സാംസ്‌കാരിക സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ഗവൺമെൻറ്, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും പ്രദാനം ചെയ്യുന്നതായിരിക്കും. സൈനിക പരിശീലനം നേടാൻ കായികശേഷിയുള്ള എല്ലാ ആളുകളെയും പ്രേരിപ്പിക്കും; ദേശീയ സ്വാതന്ത്ര്യത്തിന്റെയും അതിന്റെ സംരക്ഷണത്തിന്റെയും വികാരം എല്ലാവരിലും വളർത്തും.

xi. പൗരസ്വാതന്ത്ര്യങ്ങൾ പൂർണമായും ഉറപ്പുവരുത്തുന്നതായിരിക്കും. വ്യക്തികൾക്കും അവരുടെ വാസസ്ഥലത്തിനും ആക്രമണങ്ങളിൽനിന്ന് നിയമപരമായ സംരക്ഷണം, വിചാരണ കൂടാതെയുള്ള തടങ്കൽ ഒഴിവാക്കൽ, ചിന്തക്കും മതവിശ്വാസത്തിനും ആരാധനക്കും പ്രസംഗത്തിനും പത്രപ്രവർത്തനത്തിനും സംഘടിക്കുന്നതിനും രാഷ്ട്രീയപ്പാർടികളും സംഘടനകളും രൂപീകരിക്കുന്നതിനുമുള്ള അവകാശം, എവിടെയും സഞ്ചരിക്കാനും ജോലി ലഭിക്കാനുമുള്ള സ്വാതന്ത്ര്യം, ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഇതെല്ലാം ഉറപ്പുവരുത്തും.  

xii. തൊഴിൽ ചെയ്യാനുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമായി ഉറപ്പുവരുത്തും. മതമോ ജാതിയോ ലിംഗമോ വംശമോ ദേശീയതയോ നോക്കാതെ തുല്യജോലിക്ക് തുല്യവേതനവും എല്ലാ പൗരന്മാർക്കും തുല്യാവകാശങ്ങളും ഉറപ്പുവരുത്തും. ശമ്പളങ്ങളിലും വരുമാനങ്ങളിലും ഉള്ള വലിയ അസമത്വങ്ങൾ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരും.  

xiii. ഒരു ജാതിയുടെമേൽ മറ്റൊരു ജാതി ഏൽപ്പിക്കുന്ന സാമൂഹ്യമായ അടിച്ചമർത്തൽ ഇല്ലാതാക്കും. അയിത്തവും സാമൂഹ്യമായ എല്ലാ വിവേചനങ്ങളും നിയമപരമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെടും. സേവനത്തുറകളുടെയും മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങളുടെയും കാര്യത്തിൽ പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും മറ്റ് പിന്നോക്ക സമുദായങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ അനുവദിക്കുന്നതായിരിക്കും.  

xiv സാമൂഹ്യമായ അസമത്വങ്ങൾ നീക്കം ചെയ്യും; സ്ത്രീകൾക്ക് എതിരായ വിവേചനം അവസാനിപ്പിക്കും; ഭൂമിയടക്കമുള്ള സ്വത്തുക്കളുടെ പിന്തുടർച്ചാവകാശംപോലുള്ള കാര്യങ്ങളിൽ സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പുവരുത്തും; എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക് തുല്യാവകാശം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യവും സാമ്പത്തികവും കുടുംബപരവുമായ സംരക്ഷണനിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരും; ജോലികളിലും സേവനങ്ങളിലും ഉള്ള പ്രവേശനം ഉറപ്പുവരുത്തും. കുടുംബഘടനയെ ജനാധിപത്യവൽക്കരിക്കുന്നതിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി ശിശുസംരക്ഷണത്തിനും വീട്ടുജോലികൾക്കും ആവശ്യമായ സഹായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടും.  

xv രാഷ്ട്രത്തിന്റെ മതനിരപേക്ഷ സ്വഭാവം ഉറപ്പുവരുത്തും. സർക്കാർ കാര്യങ്ങളിലും രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും ഉള്ള മതസ്ഥാപനങ്ങളുടെ ഇടപെടൽ നിരോധിക്കും. മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകും. അവരോടുള്ള ഏതു തരം വിവേചനവും നിരോധിക്കപ്പെടും.  

xvi. എല്ലാ തലങ്ങളിലും വിപുലമായ ശാസ്ത്രീയ വിദ്യാഭ്യാസം ഏർപ്പെടുത്തുന്നതിനായി പൊതു വിദ്യാഭ്യാസ വ്യവസ്ഥ വിപുലപ്പെടുത്തും. സെക്കണ്ടറിതലംവരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ സ്വഭാവവും ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ആധുനികമാക്കപ്പെടുകയും കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യും. വിപുലമായ ഗവേഷണ സ്ഥാപനങ്ങളിലൂടെ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വികാസം ഉറപ്പുവരുത്തും. കായിക വിനോദ പ്രവർത്തനങ്ങളുടെ വളർച്ചക്കായി സമഗ്രമായ ഒരു നയം ആവിഷ്‌കരിക്കും.  

xvii. സൗജന്യമായ ആരോഗ്യ-വൈദ്യ-മാതൃ ശുശ്രൂഷാസേവനങ്ങളുടെ അതിവിപുലമായ ശൃംഖല സ്ഥാപിക്കപ്പെടും. ശിശുമന്ദിരങ്ങളും തൊഴിലെടുക്കുന്നവർക്ക് വിശ്രമഭവനങ്ങളും വിനോദകേന്ദ്രങ്ങളും സ്ഥാപിക്കും. വൃദ്ധ പെൻഷൻ ഉറപ്പുവരുത്തും. സ്ത്രീകളിലും പുരുഷന്മാരിലും കുടുംബാസൂത്രണബോധം സൃഷ്ടിക്കുന്നതിനായി നിർബന്ധിതമല്ലാത്ത ജനസംഖ്യാനയം ജനകീയ ജനാധിപത്യ ഗവൺമെൻറ് വികസിപ്പിച്ചെടുക്കും.  

xviii. പരിസ്ഥിതി സംരക്ഷിക്കുവാനുള്ള സമഗ്രമായ നടപടികൾ കൈക്കൊള്ളും. പരിസ്ഥിതി സന്തുലനം നിലനിർത്തേണ്ടതിന്റെ ആവശ്യം മനസിൽവെച്ചുകൊണ്ടുള്ള വികസന പരിപാടികൾ ആസൂത്രണം ചെയ്യും. രാജ്യത്തിന്റെ ജൈവവൈവിധ്യവും ജൈവവിഭവങ്ങളും സാമ്രാജ്യത്വ ചൂഷണത്തിൽനിന്ന് സംരക്ഷിക്കും.  

xix. സമൂഹത്തോട് സമന്വയിക്കപ്പെട്ട പൂർണപൗരർ എന്ന നിലയിൽ ജീവിക്കാൻ അവശർക്കുള്ള അവകാശം സംരക്ഷിക്കപ്പെടും. വൃദ്ധർക്കു മാന്യമായ ജീവിതം നയിക്കാനുള്ള അവകാശം സർക്കാർ സഗൗരവം ഉറപ്പുവരുത്തും. മൊത്തത്തിൽ പറഞ്ഞാൽ മൗലികാവകാശങ്ങളായി പരിഗണിക്കപ്പെട്ടുവരുന്ന സാമൂഹ്യാവകാശങ്ങൾ ജനകീയ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വമായിരിക്കും. 

xx. ജനാധിപത്യ-മതനിരപേക്ഷ വീക്ഷണമുള്ള ഒരു പുതിയ പുരോഗമന ജനകീയ സംസ്‌കാരം വളർത്തിക്കൊണ്ടുവരുന്നതിനായി, ജനകീയ ജനാധിപത്യ ഭരണകൂടവും ഗവൺമെൻറും ജനങ്ങളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതാണ്. ജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവുമായ ജീവിതത്തെ സമ്പുഷ്ടമാക്കുന്നതിന് ഉതകുന്ന കലയും സംസ്‌കാരവും സാഹിത്യവും രൂപപ്പെടുത്തി വളർത്തിക്കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതാണ്. ജാതിചിന്തയും ലിംഗപക്ഷപാതവും വർഗീയ മുൻവിധികളും അന്ധവിശ്വാസങ്ങളും അധീശത്വാശയങ്ങളും ഉന്മൂലനം ചെയ്യുന്നതിന് അത് ജനങ്ങളെ സഹായിക്കുന്നതാണ്. ശാസ്ത്രീയ സമീപനത്തെ അത് പ്രോൽസാഹിപ്പിക്കും. രാജ്യത്താകെയുള്ള ജനാധിപത്യ ജനവിഭാഗങ്ങളുടെ പൊതുവായ ആശയാഭിലാഷങ്ങളുമായി ഇണങ്ങിച്ചേരുന്നവിധത്തിൽ തങ്ങളുടെ വ്യതിരിക്തമായ ഭാഷയെയും സംസ്‌കാരത്തെയും ജീവിതരീതിയെയും വളർത്തിക്കൊണ്ടുവരാൻ അത്, ഗോത്രവർഗ ജനങ്ങളടക്കമുള്ള ഓരോ ഭാഷ-ദേശീയതയേയും സഹായിക്കുന്നതായിരിക്കും. മറ്റു രാജ്യങ്ങളിലെ ജനങ്ങളുമായി സാഹോദര്യം വളർത്തിയെടുക്കുന്നതിനും വർഗീയവും ദേശീയവുമായ വിരോധം ഇല്ലാതാക്കുന്നതിനും ആവശ്യമായ വികാരങ്ങൾ അതു ജനങ്ങളിൽ സന്നിവേശിപ്പിക്കും.  

xxi.ഇലക്‌ട്രോണിക് മാധ്യമങ്ങൾക്കു പൊതുപ്രക്ഷേപണ വ്യവസ്ഥയിൽ ഊന്നൽ നൽകിക്കൊണ്ട് മാധ്യമങ്ങൾ വികസിപ്പിക്കപ്പെടും. സ്വകാര്യവ്യക്തികളുടെ കൈകളിൽ മാധ്യമ ആസ്തികൾ കേന്ദ്രീകരിക്കുന്നതും ഇന്ത്യൻ മാധ്യമങ്ങളിൽ വിദേശ ഉടമസ്ഥത അനുവദിക്കുന്നതും അല്ല. ജനാധിപത്യപരമായ നിയന്ത്രണവും ഉത്തരവാദിത്വബാധ്യതയും ഉറപ്പുവരുത്തും.

6.4 കൃഷിയുടെയും കർഷകരുടെയും മേഖലയിൽ: കൃഷിയെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യക്കുള്ളത്. ജനസംഖ്യയിൽ 70 ശതമാനത്തിലേറെയും ഗ്രാമങ്ങളിലാണ് വസിക്കുന്നത്. അതിനാൽ കൃഷി വികസിപ്പിക്കേണ്ടതും കർഷക ജനസാമാന്യത്തിന്റെ ജീവിതനിലവാരം ഉയർത്തേണ്ടതും സമ്പദ്‌വ്യവസ്ഥയുടെ സമഗ്ര വികസനത്തിൽ നിർണായക ഘടകങ്ങളാണ്.  

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ജനകീയ ജനാധിപത്യ ഗവൺമെൻറ് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതായിരിക്കും  

i. മൗലികമായ ഭൂപരിഷ്‌കാരങ്ങൾ നടപ്പാക്കിക്കൊണ്ട് ഭൂപ്രഭുത്വം അവസാനിപ്പിക്കും. കർഷകത്തൊഴിലാളികൾക്കും ദരിദ്ര കൃഷിക്കാർക്കും സൗജന്യമായി ഭൂമി വിതരണം ചെയ്യുക.  

ii. ദരിദ്രകൃഷിക്കാരും കർഷകത്തൊഴിലാളികളും കൈത്തൊഴിൽക്കാരും ഹുണ്ടികക്കാർക്കും ഭൂപ്രഭുക്കൾക്കും കൊടുക്കാനുള്ള കടങ്ങൾ റദ്ദാക്കുക. 

iii. വൻകിട കച്ചവടക്കാരിൽനിന്നും ബഹുരാഷ്ട്ര കോർപ്പറേഷനുകളിൽനിന്നും വിലനിലവാരത്തിന്റെ കുത്തനെയുള്ള ഏറ്റക്കുറച്ചിലുകളിൽനിന്നും കർഷക ജനസാമാന്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി സർക്കാരിന്റെ നേതൃത്വത്തിൽ ഒരു വിപണന വ്യവസ്ഥ വളർത്തിയെടുക്കുക. കൃഷിക്കാർക്കും കൈത്തൊഴിൽക്കാർക്കും കർഷകത്തൊഴിലാളികൾക്കും കുറഞ്ഞ പലിശനിരക്കിൽ ദീർഘകാല വായ്പ ഉറപ്പുവരുത്തുക. കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക.  

iv. ജലസേചന-വിദ്യുച്ഛക്തി സൗകര്യങ്ങൾ പരമാവധി വർധിപ്പിക്കുക. അവ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുക. കാർഷികമേഖലയിൽ നാടൻ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കു പ്രോൽസാഹനം നൽകുക. ഉൽപ്പാദനക്ഷമത വർധിപ്പിക്കാനായി ആധുനിക സാങ്കേതികവിദ്യകളും മെച്ചപ്പെട്ട വിത്തിനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് കൃഷിസമ്പ്രദായം പരിഷ്‌കരിക്കാൻ കൃഷിക്കാരെ സഹായിക്കുക.  

v. കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിയും സാമൂഹ്യസുരക്ഷാനടപടികളും ജീവിത പരിതഃസ്ഥിതികളും ഉറപ്പുവരുത്തുക. 

vi. കൃഷിക്കും മറ്റ് സേവനങ്ങൾക്കുമായി, സ്വയം സന്നദ്ധതയുടെ അടിസ്ഥാനത്തിൽ കൃഷിക്കാരുടെയും കൈത്തൊഴിൽക്കാരുടെയും സഹകരണ സംഘങ്ങൾക്ക് പ്രോത്‌സാഹനം നൽകുക.  

vii. ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും കുറഞ്ഞവിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി സമഗ്രമായ ഒരു പൊതുവിതരണ സമ്പ്രദായം ഏർപ്പെടുത്തുക.  

6.5 വ്യത്യസ്ത നിലവാരങ്ങളിലുള്ള സാമ്പത്തിക വികസനത്തോടും വ്യത്യസ്ത സാമൂഹ്യ-സാമ്പത്തിക മാതൃകകളോടും കൂടിയ ഒരു വലിയ രാജ്യമാണ് ഇന്ത്യ. അതിനാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിനും ജനങ്ങളുടെ ജീവിതപരിതഃസ്ഥിതികളുടെ അനുക്രമമായ പുരോഗതിക്കും ആവശ്യമായ ഉൽപ്പാദനശക്തികൾ ദ്രുതഗതിയിൽ വളർച്ച കൈവരിക്കണമെങ്കിൽ, സമ്പദ്‌വ്യവസ്ഥയുടെ പരമപ്രധാനമേഖലകളിൽ പൊതു ഉടമസ്ഥത നടപ്പാക്കിയും മറ്റ് മേഖലകളിൽ നിയന്ത്രകമാർഗനിദേശക പങ്ക് കൈക്കൊണ്ടും ജനകീയ ജനാധിപത്യ ഗവൺമെൻറ് നിർണായകമായ കടമ നിർവഹിക്കേണ്ടതുണ്ട്. ജനകീയ ജനാധിപത്യ സമ്പദ്‌വ്യവസ്ഥ, വിവിധ ഉടമസ്ഥതാരീതികളോടു കൂടിയ ഒരു ബഹുഘടനാ സംവിധാനമായിരിക്കും. എന്നാൽ അതിൽ പൊതുമേഖലയ്ക്ക് മേധാവിത്വപരമായ പങ്കുണ്ടായിരിക്കുകയും ചെയ്യും. ആഗോളസമ്പദ്‌വ്യവസ്ഥയിൽ വമ്പിച്ച മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തുനിന്നുള്ള ആധുനിക സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുന്ന അവസരത്തിൽത്തന്നെ, നമ്മുടെ രാജ്യം അതിന്റെ സ്വാശ്രയ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താൻ പരിശ്രമിക്കും. 

6.6 വ്യവസായത്തിന്റെയും തൊഴിലിന്റെയും മേഖലയിൽ: കർഷകജനസാമാന്യത്തിന്റെ കുറഞ്ഞ വാങ്ങൽക്കഴിവിന്റെ ആഘാതം മാത്രമല്ല നമ്മുടെ വ്യവസായത്തിന് സഹിക്കേണ്ടിവരുന്നത്. ഉൽപ്പാദനത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും കുത്തക കുടുംബങ്ങളുടെ മരണപ്പിടിത്തത്തിന്റെയും വിദേശമൂലധനത്തിന്റെ വർധമാനമായ നുഴഞ്ഞുകയറ്റത്തിന്റെയും സാമ്രാജ്യത്വ ഏജൻസികൾ ചെലുത്തിക്കൊണ്ടിരിക്കുന്ന നാനാരൂപങ്ങളിലുള്ള മേധാവിത്വത്തിന്റെയും ആഘാതങ്ങളും അതിന് സഹിക്കേണ്ടിവരുന്നുണ്ട്. കുത്തകകമ്പനികളിൽ ആസ്തികൾ കേന്ദ്രീകരിക്കപ്പെടുന്നതുമൂലം സാമ്പത്തിക വികസനം വികൃതമാക്കപ്പെടുകയും വ്യാപകമായ അസമത്വങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. വിദേശമൂലധനത്തിന്മേലുള്ള ആശ്രിതത്വവും അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിന്റെ തിട്ടൂരങ്ങളും കടുത്ത ചൂഷണത്തിനും വികസന•വൈകൃതങ്ങൾക്കും വഴിവയ്ക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്നവയല്ല ഇവ. അതിനാൽ വ്യവസായത്തിന്റെ മേഖലയിൽ ജനകീയ ജനാധിപത്യ ഗവൺമെൻറ് താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുന്നതായിരിക്കും.  

i വ്യവസായധനം, കച്ചവടം, സേവനം എന്നീ വിവിധ മേഖലകളിൽ ഇന്ത്യനും വിദേശിയുമായ കുത്തകകളെ ഇല്ലാതാക്കുന്നതിനും അവയുടെ ആസ്തികൾ ഏറ്റെടുക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളും. 

ii. ആധുനികവൽക്കരണം, ജനാധിപത്യവൽക്കരണം, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ നിയന്ത്രണങ്ങളിലൂടെ അഴിമതിയിൽനിന്നും മോചിപ്പിക്കൽ, ഉത്തരവാദിത്വം നിശ്ചയിക്കൽ, മാനേജ്‌മെൻറിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തൽ, മൽസരിക്കാനുള്ള കഴിവ് ഉണ്ടാക്കിക്കൊടുക്കൽ എന്നിവയിലൂടെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും. അതിലൂടെ അവയ്ക്ക് സമ്പദ്‌വ്യവസ്ഥയിൽ നായകസ്ഥാനം ഉറപ്പുവരുത്തും.

iii. ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിൽ വിദേശ പ്രത്യക്ഷനിക്ഷേപം അനുവദിക്കും. സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള താൽപര്യത്തിനുവേണ്ടി ഫിനാൻസ് മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും.

iv. വായ്പ, ന്യായമായ വിലയ്ക്ക് അസംസ്‌കൃത സാധനങ്ങൾ, വിപണന സൗകര്യങ്ങൾ എന്നിവ നൽകി ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സഹായിക്കും.  

v.   സന്തുലിതവും ആസൂത്രിതവുമായ സാമ്പത്തിക വികസനം കൈവരിക്കാൻ കഴിയത്തക്ക വിധത്തിൽ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെയും വിപണിയെയും നിയന്ത്രിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യും. വിദേശവാണിജ്യത്തെ നിയന്ത്രിക്കും.  

vi. താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് തൊഴിലാളികളുടെ ജീവിത നിലവാരം മൗലികമായി മെച്ചപ്പെടുത്തും. 1. ജീവിക്കാൻ ആവശ്യമായ കൂലി നിശ്ചയിക്കുക. 2. തൊഴിൽ നിയമം ക്രമമായി കുറച്ചുകൊണ്ടുവരിക. 3. ഓരോരോ രീതിയിലുള്ള അവശതകൾക്കും തൊഴിലില്ലായ്മക്കും പരിഹാരമായി സാമൂഹ്യ ഇൻഷ്വറൻസ്. 4. തൊഴിലാളികൾക്ക് പാർപ്പിട സൗകര്യം. 5. കൂട്ടായി വിലപേശാനും പണിമുടക്കാനുമുള്ള ട്രേഡ്‌യൂണിയനുകളുടെ  അവകാശം അംഗീകരിക്കൽ. രഹസ്യ വോട്ടെടുപ്പിലൂടെ ട്രേഡ് യൂണിയനുകൾക്ക് അംഗീകാരം. 6. ബാലവേല ഇല്ലായ്മ ചെയ്യുക.

vii. തൊഴിലാളികൾക്കും കൃഷിക്കാർക്കും കൈത്തൊഴിൽക്കാർക്കും നികുതിയിൽനിന്ന് പരമാവധി ആശ്വാസം നൽകുക. കൃഷിയിലും വ്യവസായത്തിലും കച്ചവടത്തിലും പടിപടിയായുള്ള നികുതിനിരക്കുകൾ ഏർപ്പെടുത്തുക. സാധാരണക്കാരുടെ താൽപര്യങ്ങൾക്കു നിരക്കുന്ന ഒരു വിലനയം ഫലപ്രദമായി നടപ്പാക്കുക.  

6.7 വിദേശനയത്തിന്റെ മേഖലയിൽ: ലോകസമാധാനം കാത്തുസൂക്ഷിക്കുന്നതിനും സാമ്രാജ്യത്വത്തിന്റെ മേധാവിത്വത്തിനെതിരായി നീങ്ങുന്നതിനും അന്താരാഷ്ട്രബന്ധങ്ങൾ ജനാധിപത്യവൽക്കരിക്കുന്നതിനും ഇന്ത്യ അർഹമായ പങ്ക് നിർവഹിക്കുമെന്ന് ഉറപ്പുവരുത്താനായി ജനകീയ ജനാധിപത്യ ഗവൺമെൻറ് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതായിരിക്കും.

i.   സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ രാജ്യങ്ങളുമായും ബന്ധം വളർത്തിയെടുക്കുക. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും എല്ലാ വികസ്വരരാജ്യങ്ങളുമായി ബന്ധവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുക. സാമ്രാജ്യത്വ രാജ്യങ്ങളുടെ മേധാവിത്വത്തെ ചെറുക്കാനായി ദക്ഷിണ-ദക്ഷിണ സഹകരണം പ്രോൽസാഹിപ്പിക്കുകയും ചേരിചേരാപ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക.

ii. സോഷ്യലിസ്റ്റ് രാജ്യങ്ങളുമായും സമാധാനകാംക്ഷികളായ എല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദബന്ധവും സഹകരണവും വളർത്തിയെടുക്കുക. സാമ്രാജ്യത്വത്തിന് എതിരായും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള എല്ലാ സമരങ്ങൾക്കും പിന്തുണ നൽകുക.  

iii. ആണവ യുദ്ധഭീഷണി ഇല്ലാതാക്കാൻവേണ്ടി പ്രവർത്തിക്കുക. സാർവത്രിക ആണവനിരായുധീകരണത്തിനുവേണ്ടി പ്രവർത്തിക്കുക. സർവനാശം വരുത്തുന്ന എല്ലാവിധ ആയുധങ്ങളും (ആണവ-രാസ-ജൈവ ആയുധങ്ങളെല്ലാം) നിർമാർജനം ചെയ്യുക. വിദേശ സൈനികത്താവളങ്ങളെല്ലാം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുക. പരിസരസംരക്ഷണത്തിനും പരിസ്ഥിതി സന്തുലനത്തിനും വേണ്ടി അന്താരാഷ്ട്ര സഹകരണം വളർത്തിക്കൊണ്ടുവരിക.  

iv. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്താൻ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ബർമ എന്നിവയുമായി നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിനും സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനും പരസ്പര ചർച്ചകളിലൂടെ പ്രത്യേക ശ്രമം നടത്തുക. ദക്ഷിണേഷ്യൻ സഹകരണം വളർത്തുക.