ബിജെപി അധികാരത്തിലെത്തിയാൽ കോൺഗ്രസിന്റെ അതേസാമ്പത്തികനയം നടപ്പാക്കുമെന്നുമാത്രമല്ല, രാജ്യത്തിന്റെ മതനിരപേക്ഷപാരമ്പര്യത്തെ തകർക്കാൻ നടപടി സ്വീകരിക്കുമെന്നും ഇടതുപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു. ആർഎസ്എസിന്റെ വർഗീയ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന് ശക്തമായ നിലപാടില്ലെന്നുമാത്രമല്ല, രാഷ്ട്രീയലാഭത്തിനായി അവരുമായി സന്ധിചെയ്യുന്ന സമീപനം സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതിനാൽ, ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടത് രാജ്യതാൽപ്പര്യത്തിന് അനിവാര്യമാണെന്നും ജനങ്ങളെ ഓർമപ്പെടുത്തി. ഇടതുപക്ഷം സ്വീകരിച്ച നിലപാട് അക്ഷരംപ്രതി ശരിയാണെന്ന് രാജ്യത്ത് ഇന്നു നടക്കുന്ന സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു.

ബിജെപി ആർഎസ്എസിനാൽ നയിക്കപ്പെടുന്ന സംഘടനയാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ആർഎസ്എസ് അജൻഡ ബിജെപിഭരണത്തിന്റെ തണലിൽ നടപ്പാക്കാനുള്ള ഇടപെടലാണ് നടക്കുന്നത്. ലോകം ബഹുമാനിക്കുന്ന രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവച്ചുകൊന്ന ആർഎസ്എസുകാരൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ ദിനാചരണം നടത്താൻ ഹിന്ദു മഹാസഭ തീരുമാനിച്ചു. ഗാന്ധിവധത്തിൽ ആർഎസ്എസിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ ബിജെപി സർക്കാർ അധികാരമേറ്റ ഉടനെ നശിപ്പിക്കാൻ ശ്രമിച്ചത് ഇതോടൊപ്പം കൂട്ടിവായിക്കണം. ചരിത്രത്തെയാകമാനം തിരുത്തി ഇന്ത്യയുടെ മതേതരപാരമ്പര്യത്തെ തകർക്കുന്ന നടപടികളാണ് ബിജെപി സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

സംഘപരിവാറിന്റെ ആശയങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ കൊലപ്പെടുത്തുകയെന്നത് ഒരു അജൻഡയായിത്തന്നെ ഇപ്പോൾ അവർ നടപ്പാക്കുകയാണ്. മഹാരാഷ്ട്രയിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച ധാബോൽക്കറെ കൊലപ്പെടുത്തി തങ്ങളുടെ വഴി അവർ വ്യക്തമാക്കി. ജനകീയപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഗോവിന്ദ പൻസാരെയെ കൊലപ്പെടുത്തി. ആരാണ് ശിവജി എന്ന പുസ്തകം എഴുതിയതിന്റെ പേരിൽക്കൂടിയായിരുന്നു ഈ നിഷ്ഠുര കൊലപാതകം. വിഗ്രഹാരാധനയെ എതിർത്തതിന്റെ പേരിലാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് പ്രൊഫ. കലബുർഗിയെ കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ വെടിവച്ചുകൊന്നത്. സംഘപരിവാറിന്റെ നയങ്ങൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ കെ എസ് ഭഗവാനെ കൊലപ്പെടുത്തുമെന്നും ഇവർ പ്രഖ്യാപിച്ചു. തമിഴ്‌നടൻ രജനികാന്തിനോട് ഒരു ചലച്ചിത്രത്തിൽ അഭിനയിക്കാൻ പാടില്ലെന്നുവരെ ഇവർ ആവശ്യപ്പെട്ടു. ഇത്തരം അജൻഡ കേരളത്തിലും നടപ്പാക്കാൻ തുടങ്ങിയതിന്റെ ഉദാഹരണമാണ് മാതൃഭൂമിയിൽ രാമായണത്തെക്കുറിച്ച് വ്യാഖ്യാനം എഴുതിയ പ്രൊഫ. എം എം ബഷീറിന് സംഘപരിവാർ ഭീഷണിയെതുടർന്ന് എഴുത്തുതന്നെ നിർത്തേണ്ട സാഹചര്യമുണ്ടായത്.

സാംസ്‌കാരിക സ്ഥാപനങ്ങളെ വരുതിയിലാക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു. കാവിവൽക്കരണത്തിൽ പ്രതിഷേധിച്ചാണ് നാഷണൽ ബുക്ക് ട്രസ്റ്റിൽനിന്ന് പ്രസിദ്ധ സാഹിത്യകാരൻ സേതു രാജിവച്ചത്. ചരിത്രത്തെ തിരുത്തിയെഴുതുന്നതിന്റെ ഭാഗമായി ചരിത്ര കൗൺസിലിന്റെ ചെയർമാനായി ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്ന പ്രൊഫ. സുദർശൻ റാവുവിനെ നിയമിച്ചു. വിജയദശമിനാളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗം ദൂരദർശൻ തത്സമയം സംപ്രേഷണംചെയ്യുന്ന നടപടിയും ഇതിന്റെ ഭാഗംതന്നെ.

ബിജെപിയുടെ കൂട്ടുകക്ഷിയായ ശിവസേനയും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരംപോലും നടത്താൻ പറ്റില്ലെന്ന നിലപാട് ഇവർ സ്വീകരിച്ചു. പാകിസ്ഥാനി എഴുത്തുകാരന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തു എന്നതിന്റെ പേരിലാണ് സുധീന്ദ്ര കുൽക്കർണിയുടെ ദേഹത്ത് കരിഓയിൽ ഒഴിച്ചത്. ഗുലാംഅലിയുടെ സംഗീതക്കച്ചേരി നടത്താൻ സമ്മതിക്കില്ലെന്നും ശിവസേന പ്രഖ്യാപിച്ചു.

ആർഎസ്എസിന്റെ താത്വികഗ്രന്ഥമായ 'വിചാരധാര'യിൽ രാജ്യത്തിന്റെ ഭീഷണിയായി പ്രഖ്യാപിച്ചിട്ടുള്ളത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമാണ്. ഈ ആശയം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളും ഇവർ സംഘടിപ്പിക്കുന്നു. കേരളത്തിൽനിന്ന് കമ്യൂണിസത്തെ തുടച്ചുമാറ്റുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന ഈ ആശയത്തിന്റെ ബഹിർസ്ഫുരണമാണ്. ഘർ വാപസി എന്ന പേരിൽ മതപരിവർത്തനം സംഘടിപ്പിക്കുന്നത് ധർമ ജാഗരൺ സമിതി (ഡിജെഎസ്) എന്ന സംഘപരിവാർ സംഘടനയാണ്. ഇതിന്റെ വക്താവായ രാജേന്ദ്ര സോളങ്കി പറഞ്ഞത്, 2021 ആകുമ്പോഴേക്കും ഇന്ത്യയിൽ ഒരു ക്രിസ്ത്യാനിയും അവശേഷിക്കില്ല എന്നാണ്. 1939ൽ ഗോൾവാൾക്കർ പറഞ്ഞ, ഹിന്ദുക്കളായില്ലെങ്കിൽ രണ്ടാംകിട പൗരന്മാരായി ജീവിക്കേണ്ടിവരുമെന്ന കാഴ്ചപ്പാടാണ് ഇതിലൂടെ അവതരിപ്പിച്ചത്. സാക്ഷി മഹാരാജ് എന്ന ബിജെപി എംപി മുസ്ലിങ്ങൾക്ക് വോട്ടവകാശം നൽകരുതെന്ന് ആവശ്യപ്പെട്ടു.

രാജ്യത്ത് സംഘപരിവാർ ശക്തികൾ ദളിത് ജനവിഭാഗത്തെ വേട്ടയാടുകയാണ്. നായാടിമുതൽ നമ്പൂതിരിവരെയുള്ളവരുടെ ഐക്യത്തെപ്പറ്റി പറയുന്നവരാണ് ദളിത് വിഭാഗത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ കടക്കാൻ ശ്രമിച്ച ദളിത് വിഭാഗക്കാരനെ തീവച്ച് കൊലപ്പെടുത്തി. ഹിന്ദുത്വവാദികളുടെ വിലക്ക് ലംഘിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചതിനാണ് ഭാര്യയുടെയും മക്കളുടെയും മുമ്പിലിട്ട് വെട്ടിനുറുക്കി പെട്രോളൊഴിച്ച് ഈ ദൈവവിശ്വാസിയെ കൊലപ്പെടുത്തിയത്.രാജ്യത്തെ ഞെട്ടിച്ച സംഭവമാണ് ഹരിയാനയിലെ ദളിത് കുടുംബത്തിലെ രണ്ടു പിഞ്ചുകുട്ടികളെ സംഘപരിവാറിന്റെ ഒത്താശയോടെ തീയിട്ട് കൊലപ്പെടുത്തിയ പൈശാചികനടപടി. ഫരീദാബാദിലെ സുൻപേഡ് ഗ്രാമത്തിൽ നടന്ന ഈ സംഭവത്തിൽ രണ്ടരവയസ്സുള്ള വൈഭവ് എന്ന കുട്ടിയെയും 11 മാസം പ്രായമുള്ള ദിവ്യ എന്ന കൈക്കുഞ്ഞിനെയുമാണ് വീടുവളഞ്ഞ് തീവച്ച് കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മ രേഖയുടെ നില അതീവഗുരുതരമാണ്. മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും അവശേഷിക്കുന്ന എല്ലാവരെയും ഞെട്ടിപ്പിച്ച ഈ സംഭവത്തോട് കേന്ദ്രമന്ത്രി വി കെ സിങ്ങിന്റെ പ്രതികരണം മനുഷ്യമനഃസാക്ഷിയുടെ മുമ്പിൽ എന്നും ചോദ്യചിഹ്നമായിതന്നെ നിലനിൽക്കും. മരണപ്പെട്ട കുട്ടികളെ നായ്ക്കളോടാണ് അദ്ദേഹം ഉപമിച്ചത്. ആർഎസ്എസുകാർ ഇങ്ങനെ പറയുന്നതിൽ അത്ഭുതമില്ല. ദളിതരെ മനുഷ്യരായിപ്പോലും അംഗീകരിക്കാൻ ഇവർ തയ്യാറല്ല എന്നത് 'വിചാരധാര' അടിവരയിട്ട് പറയുന്നുണ്ട്. സംഘപരിവാറിന്റെ ഇത്തരം അജൻഡകൾക്കുപിന്നാലെ ദളിത് ജനവിഭാഗങ്ങളെ കൊണ്ടുപോകുന്നതിനാണ് ചില ദളിത് സംഘടനകൾ സംസ്ഥാനത്തും ശ്രമിക്കുന്നത് എന്ന യാഥാർഥ്യം ഈ അവസരത്തിൽ നാം ഓർക്കേണ്ടതുണ്ട്. വി കെ സിങ്ങിന്റെ പ്രസ്താവന ബിജെപി അംഗീകരിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കുകമാത്രമല്ല, അദ്ദേഹത്തിനെതിരെ കേസെടുക്കാനും തയ്യാറാകണം.

പട്ടികജാതി വർഗക്കാർക്കും പിന്നോക്കവിഭാഗങ്ങൾക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന സംവരണത്തെയും അട്ടിമറിക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റേത്. സംവരണം എടുത്തുമാറ്റണമെന്ന നിലപാട് ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് ആവർത്തിച്ചു. ഇത്തരത്തിൽ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ താൽപ്പര്യങ്ങളെ ഹനിക്കുന്ന നിലപാടാണ് ഇവരുടേതെന്ന് നാം തിരിച്ചറിയണം.

ഏതു ഭക്ഷണം കഴിക്കണമെന്നത് ഒരു പൗരന്റെ അവകാശമാണ്. എന്നാൽ, അതിനെയാകെ നിഷേധിക്കുംവിധം മാട്ടിറച്ചി കഴിച്ചു എന്ന് ആരോപിച്ച് കൊലപാതകപരമ്പരകൾ രാജ്യത്ത് സൃഷ്ടിക്കുന്നു. മാട്ടിറച്ചി സൂക്ഷിച്ചു എന്നുപറഞ്ഞാണ് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്കിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പശുക്കളെ കയറ്റിക്കൊണ്ടുപോയ വണ്ടിയുടെ ഡ്രൈവറെ ആർഎസ്എസുകാർ കൊലപ്പെടുത്തി. ഹിമാചൽപ്രദേശിൽ മാടിനെ കയറ്റിക്കൊണ്ടുവന്ന ലോറിഡ്രൈവറെ അടിച്ചുകൊന്നു. ഹിമാചൽപ്രദേശിലെ സിർമൂറിൽ പശുക്കളെ കയറ്റിക്കൊണ്ടുപോയ വണ്ടിയുടെ ഡ്രൈവറായ രാംപുർ സ്വദേശി നുഅമാനെ ബജ്രംഗ്ദൾ പ്രവർത്തകർ കൊലപ്പെടുത്തുകയുണ്ടായി. നുഅമാനോടൊപ്പം ട്രക്കിൽ സഞ്ചരിച്ച നാലുപേർക്കെതിരെ പശുകള്ളക്കടത്ത് തടയൽ, മൃഗങ്ങൾക്കെതിരായ അതിക്രമം തടയൽ എന്നീ വകുപ്പുകൾപ്രകാരം കേസെടുക്കുക എന്ന വിചിത്രമായ സംഭവവും അരങ്ങേറി. എംഎൽഎ ഹോസ്റ്റലിൽ ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരിലാണ് കശ്മീരിലെ സ്വതന്ത്ര എംഎൽഎ എഞ്ചിനീയർ റഷീദിനെ നിയമസഭയ്ക്കകത്തും പുറത്തും ആക്രമിച്ചത്.

രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം പൈശാചികനീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. നെഹ്‌റുവിനെ വെടിവച്ചുകൊല്ലണമെന്ന് സംഘപരിവാർ പ്രഖ്യാപിച്ച ഘട്ടത്തിൽതന്നെ മൗനംപാലിച്ച കോൺഗ്രസ്, ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ്. ഗോവധനിരോധത്തിന്റെ പേരിൽ സംഘപരിവാർ കൊലപാതകങ്ങളുടെ പരമ്പര സൃഷ്ടിക്കുമ്പോൾ, കോൺഗ്രസ് ഇരട്ടമുഖമാണ് കാണിക്കുന്നത്. കോൺഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ് ഗോവധനിരോധത്തെ പിന്തുണയ്ക്കുന്നു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരഭദ്രസിങ്ങും ഗോവധനിരോധത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മുന്നോട്ടുവയ്ക്കുന്നത്. ഉമ്മൻചാണ്ടിയാകട്ടെ,അത് ചർച്ചാവിഷയമേ ആക്കേണ്ടെന്ന നിലപാടിലാണ്. ഇത് കോൺഗ്രസ് ആർഎസ്എസിനോട് സ്വീകരിക്കുന്ന മൃദുസമീപനത്തിന്റെ ഭാഗമാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും ഹിമാചൽപ്രദേശിലും ഉൾപ്പെടെ നടക്കുന്ന സംഘപരിവാർ ആക്രമണങ്ങളെ പ്രതിരോധിക്കാനും കോൺഗ്രസിന് കഴിയുന്നില്ല. കോൺഗ്രസ് ഭരണത്തിനുകീഴിൽ ന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷവാദികൾക്കും ജീവിക്കാനാകില്ല എന്നതിന്റെ തെളിവാണിത്.

ബീഫ് നിരോധത്തിനെതിരെ കേരളത്തിൽ ഇടതുപക്ഷപ്രസ്ഥാനം കടുത്ത പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നതിന്റെ പശ്ചാത്തലത്തിൽ ഇവിടത്തെ ബിജെപി ബീഫ് നിരോധം ആവശ്യപ്പെടുന്നില്ല. യഥാർഥത്തിൽ ഈ അജൻഡ അവർക്ക് ഇല്ലാത്തതുകൊണ്ടല്ല. അത് നടപ്പാക്കാൻ സംസ്ഥാനം പാകപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ്. എന്നാൽ, ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതിനാണ് സമുദായസംഘടനാ നേതൃത്വങ്ങളെ കൂടെനിർത്തി വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കാൻ ആർഎസ്എസ് പരിശ്രമിക്കുന്നത്. ഇത്തരം മുദ്രാവാക്യം പ്രാവർത്തികമാക്കാൻ കേന്ദ്രഭരണത്തെ ആർഎസ്എസ് ഉപയോഗിക്കുന്നു. ഇതിനായി ആഴ്ചയിൽ ഒരു ദിവസം ഒരു കേന്ദ്രമന്ത്രി കേരളം സന്ദർശിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

സംഘപരിവാറിന്റെ പേരിലുള്ള കേസുകൾ പിൻവലിച്ചും തങ്ങളുടെ എതിരാളി ബിജെപിയാണെന്ന് പ്രഖ്യാപിച്ചും സംഘപരിവാറിനെ പ്രോത്സാഹിപ്പിക്കുന്ന ഉമ്മൻചാണ്ടി ഒരു കാര്യം ഓർത്താൽ നന്ന്. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം നടപ്പാക്കാൻ കേരളം പാകപ്പെട്ടാൽ ആദ്യം തകരുന്ന പാർടി കോൺഗ്രസാണെന്നത് മറന്നുപോകരുത്. ഗാന്ധിജി പിറന്ന ഗുജറാത്ത് ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. ആ നാടിപ്പോൾ ഗോഡ്‌സെയുടെ അനുയായികൾ ഭരിക്കുന്ന നാടായി. ഇന്ന് ബിജെപിക്ക് അധികാരമുള്ള സംസ്ഥാനങ്ങളെല്ലാം ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ആർഎസ്എസ് പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചപ്പോൾ അത് നേരിടാതെ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച കോൺഗ്രസിന് അവിടെ സംഭവിച്ച ദുരന്തമാണ് കേരളത്തിലും കാത്തിരിക്കുന്നത്. ഇത് മുൻകൂട്ടി മനസ്സിലാക്കി മുന്നോട്ടുപോകാൻ കേരളത്തിലെ കോൺഗ്രസുകാർക്ക് കഴിയുന്നില്ല എന്നതാണ് ആർഎസ്എസുമായി സൗഹൃദം സ്ഥാപിക്കുന്ന ഉമ്മൻചാണ്ടിയുടെ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

ഒരു കാര്യം വളരെ വ്യക്തം. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വർഗീയ അജൻഡയ്‌ക്കെതിരെ സന്ധിയില്ലാതെ പൊരുതിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുപോകുന്നത്. സംഘപരിവാറിന്റെ വർഗീയ അജൻഡകൾക്കെതിരെയും അവരെ പ്രോത്സാഹിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിനെതിരെയുമുള്ള കേരളത്തിലെ മതനിരപേക്ഷശക്തികളുടെയും മനുഷ്യസ്‌നേഹികളുടെയും വിധിയെഴുത്തുകൂടിയാകും, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉണ്ടാവുക. കേരളത്തിന്റെ മനസ്സ് അങ്ങനെയാണ് ഇപ്പോൾ ചിന്തിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്‍