ആലുവയിലെ പാഠശാലയിൽ കുട്ടികൾക്കൊപ്പം ഊണുകഴിക്കുകയായിരുന്നു നാരായണഗുരുവും കുറ്റിപ്പുഴ കൃഷ്ണപിള്ളയും. നായർ, പുലയ, ഈഴവ, പറയ വിഭാഗത്തിൽപ്പെട്ടവരായിരുന്നു കുട്ടികൾ. ഊണിനിടയിൽ സ്വാമി കുറ്റിപ്പുഴയോട് ചോദിച്ചു 'പോയോ?'

കുറ്റിപ്പുഴയ്ക്ക് മനസ്സിലായില്ല.

സ്വാമി വീണ്ടും ചോദിച്ചു.

'എല്ലാം പോയോ?

അപ്പോൾ കുറ്റിപ്പുഴയ്ക്ക് മനസ്സിലായി ജാതിയിൽനിന്ന് പൂർണവിമുക്തനായോ എന്നാണ് സ്വാമിയുടെ ചോദ്യമെന്ന്. കുറ്റിപ്പുഴ ഒന്നുംപറഞ്ഞില്ല, ചിരിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സ്വാമി ചോദിച്ചതിന് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ എസ്എൻഡിപി നേതൃത്വം മറുപടിപറയുന്നു ജാതി പറയണം. ഏതാണ് ഗുരുനിന്ദ?.

നാമം രൂപത്തോട് ചേരുമ്പോൾ ഒരു സങ്കൽപ്പത്തിന് വാസ്തവികത കൈവരികയാണെന്ന് സ്വാമി. മിഥ്യാസങ്കൽപ്പത്തെ ഇല്ലാതാക്കാൻ പേരിനെ ഇല്ലാതാക്കണം. അത് ജാതിവ്യത്യാസം ഇല്ലാതാക്കാൻ സഹായിക്കും. പട്ടി പട്ടിയെ കണ്ടാൽ തിരിച്ചറിയും, മനുഷ്യൻ മനുഷ്യനെ കണ്ടാൽ എന്തുകൊണ്ട് തിരിച്ചറിയപ്പെടാതെ പോകുന്നു എന്ന ചോദ്യം ക്ഷണികമായ വികാരമായിരുന്നില്ല, തലമുറകളുടെ തലച്ചോറിലേക്ക് സ്വാമി കൊളുത്തിയ നെരിപ്പോടായിരുന്നു.

ഈഴവരുടെ കാനേഷുമാരി കണക്കെടുത്ത് അധികാരരാഷ്ട്രീയത്തിന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു യോഗനേതൃത്വം.

ഏതാണ് ഗുരുനിന്ദ?.

മരുത്വാമലയിലെ പിള്ളത്തടം എന്ന ഗുഹയിൽ മനത്തിൽ സ്ഫുടം ചെയ്ത്, ശങ്കരദർശനത്തിന്റെ അദ്വൈതങ്ങളിലൂടെ കയറിയിറങ്ങി, ആത്മനിഷ്ഠമായ ആധ്യാത്മികചിന്തകളിൽ സമത്വത്തെയും നീതിയെയും സ്ഥാപിച്ച് അവധൂതനായി 15 വർഷം നാണു എന്ന നാരായണൻ അലഞ്ഞു; സത്യംതേടിയ ബുദ്ധനെപ്പോലെ, സാമൂഹ്യസ്പന്ദനങ്ങൾ തേടിയിറങ്ങിയ വിവേകാനന്ദനെപ്പോലെ. ദൈവങ്ങളെ നിഷേധിച്ച ബുദ്ധൻ പിന്നെ സ്വർണത്തിൽ പൂശിയ വിഗ്രഹമായി. മരണത്തിന്റെ അനിവാര്യതയെക്കുറിച്ച് ബോധ്യമുള്ള മനുഷ്യൻ, മനസ്സും ശരീരവും സമൂഹത്തിന്റെ നന്മയ്ക്ക് സമർപ്പിക്കുന്നതാണ് സന്യാസം എന്ന് വിളംബരംചെയ്ത വിവേകാനന്ദൻ സർസംഘചാലകന്മാരുടെ ആയുധപ്പുരയ്ക്ക് കാവൽനിൽക്കുന്ന കാവിക്കൊടി കെട്ടിയ നിശ്ചലദൃശ്യമായി.എന്നിട്ടും നമ്മുടെ ഗുരുസ്വാമികളെ റാഞ്ചാൻ അവർക്ക് കഴിഞ്ഞില്ല. ബ്രാഹ്മണ്യത്തിന്റെ താളിയോലക്കെട്ടുകളിൽ തിളച്ച അനാചാരത്തിന്റെ നെയ്യിൽ നിസ്സഹായരായ മനുഷ്യരെ മുക്കിപ്പിടിച്ച ധാർഷ്ട്യത്തിന്റെനേരെ തിരിഞ്ഞുനിൽക്കാൻ ഇരുപതാം നൂറ്റാണ്ടിനെ പഠിപ്പിച്ച ഗുരുവരുളിനെ തൊടാൻ അപ്പോഴും അവർ ഭയന്നു. സനാതനധർമം എന്നും ആർഷധർമം എന്നും ഒരിക്കൽ പോലും പറയാത്ത ഗുരുവിനെയാണ് അധികാരബ്രാഹ്മണ്യത്തിന്റെ പാദസേവയ്ക്കായി സമർപ്പിക്കുന്നത്.

പറയൂ, ഏതാണ് ഗുരുനിന്ദ?.

ഒന്നരപ്പതിറ്റാണ്ട് സ്വാമി നടന്നു. കാട്ടുപാതകളിലൂടെ, ഗ്രാമങ്ങളിലൂടെ, നഗരങ്ങളിലൂടെ. ജാത്യാചാരങ്ങളുടെ മതിൽക്കെട്ടുകൾക്കിടയിലൂടെ നേർരേഖപോലെ നടന്നു. ദാരിദ്ര്യം, രോഗം, അനാചാരം, അന്ധവിശ്വാസം ആതുരാലയമായിരുന്നു അന്ന് മലയാളമണ്ണ്. ആര്യഭിക്ഷുവിന് വെള്ളം കൊടുത്താൽ പാപിയാകുമെന്ന് ഭയന്ന ചണ്ഡാലിയായ മാതംഗിമാർ ഉണ്ടായ നാട് (ചണ്ഡാലഭിക്ഷുകി കുമാരനാശാൻ), സ്വന്തം വീട് കത്തിനശിച്ചാലും ശരി തീണ്ടൽജാതിക്കാർ കിണർ അശുദ്ധമാക്കാതിരുന്നാൽ മതി എന്ന് ചിന്തിച്ച 'ശുദ്ധരിൽ ശുദ്ധന്മാരു'ണ്ടായ നാട് (ശുദ്ധരിൽ ശുദ്ധൻ വള്ളത്തോൾ), സ്വന്തം മകൾ മുങ്ങിച്ചത്താലും പുലയന്റെ കൈകൊണ്ട് രക്ഷപ്പെടേണ്ട എന്ന് കരുതിയ മാതാക്കൾ ഉണ്ടായ നാട്(അമ്പലക്കുളം ഉള്ളൂർ). ഇത് പീഡനമാണെന്ന് മനസ്സിലാകാത്ത പീഡിതർ. ദൈവഹിതം നടപ്പാക്കുകയാണെന്ന് പീഡകർ. 'തീണ്ടാട്ടലും', 'ഒച്ചാട്ടലും', 'ആട്ടും' നിറഞ്ഞുനിന്ന സമൂഹം. ജാത്യാഭിമാനത്തിന്റെ 'ഹോ..ഹോ..'യും കീഴടങ്ങലിന്റെ 'ഏ..ഏ..യും' ശബ്ദങ്ങൾ ഭരണം നടത്തിയ നാട്ടുവഴികൾ. വൈക്കം ക്ഷേത്രത്തിന്റെ മുന്നിലൂടെ നടക്കാൻ സ്വാമിയെപ്പോലും വിലക്കി. നായരിൽനിന്ന് കമ്മാളൻ മാറേണ്ടത് 24 അടി. ഈഴവർ തുടങ്ങിയവർ 36 അടി. കണക്കൻ മുതൽ പേർ 48 അടി. പുലയൻ 64 അടി. ഉള്ളാടൻ 72 അടി. ദേശഭേദമനുസരിച്ച് അളവുകളിൽ വ്യത്യാസമുണ്ടെന്ന് കേരളചരിത്രത്തിൽ കെ പി പത്മനാഭമേനോൻ. ഇത് ലംഘിച്ചാൽ ജാതിവിധിപ്രകാരം ശിക്ഷിക്കണം. ശിക്ഷിക്കാൻ മടിച്ചാൽ അതിനും ശിക്ഷ. നെയ്ത്തുകാരന്റെ സൂചിപോലെ അവർണർക്ക് ഓടിക്കളിച്ച് ജീവിക്കേണ്ടിവന്നു എന്ന് സി കേശവൻ 'ജീവിതസമരത്തിൽ'.

ഇവിടെയാണ് സ്വാമി സൗമ്യംനിറഞ്ഞ വാക്കുകൾകൊണ്ട് ഉയിർത്തെഴുന്നേൽപ്പിന്റെ ഓങ്കാരം മുഴക്കിയത്. ഇടയന്റെ മുടിക്കോലിന് പിന്നാലെ ആട്ടിൻകുട്ടികൾ പറ്റംചേർന്നു. 1903ൽ ശ്രീനാരായണ ധർമപരിപാലന യോഗം. 1904ൽ നായർ സമാജം. 1907ൽ സാധുജന പരിപാലന യോഗം. 1909ൽ യോഗക്ഷേമ സഭ. സ്വാമി പിടിച്ച ഉലയുടെ കൈത്തണ്ടിൽനിന്ന് അഗ്‌നിസ്ഫുലിംഗങ്ങൾ ചിതറി. അത് ചിന്തയുടെ ചക്രവാളത്തിൽ നക്ഷത്രങ്ങളായി. ചരിത്രം ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നടന്നു. പുഴുകുത്തിയ പനയോലക്കെട്ടൊക്കെ തീയിലെരിഞ്ഞു.നിവർന്നുനിൽക്കാൻ അവർണന്റെ ഗീതയായ സ്വാമിവചനങ്ങളെ സവർണാലയത്തിന്റെ അധികാര ഗൂഢാലോചനയ്ക്ക് മുന്നിൽ കുനിച്ചുനിർത്താൻ കൊണ്ടുപോകുന്നത് ആരാണ്?പറയൂ, ഏതാണ് ഗുരുനിന്ദ?.

'ഭൂസുരന്മാർ' എന്ന് സ്വയംവിശേഷിപ്പിച്ച നമ്പൂതിരിമാരുടെ വൈദികവിധികൾക്ക് നടുവിൽ കിടക്കുകയായിരുന്നു അന്ന് മലയാളനാടിന്റെ ദൈവങ്ങൾ. പ്രതിഷ്ഠകളെ ഇളക്കിപ്രതിഷ്ഠിച്ച് ശ്രീകോവിലിന്റെ നിരോധിതമേഖലകളിലേക്ക് സ്വാമികൾ അവർണനെ നയിച്ചു. നെയ്യാറിൽനിന്ന് മുങ്ങിയെടുത്ത അമ്മിക്കുഴവിക്കല്ല് അരുവിപ്പുറത്തെ ഈഴവശിവനായി. കാരമുക്കിൽ ദീപം, മുരുക്കുംപുഴയിൽ ദീപത്തിന് മീതെ 'ഓം സത്യം, ധർമം, ദയ, ശാന്തി' എന്നുകൂടി എഴുതി. കളവങ്കോടത്ത് കണ്ണാടി. ഇത് ഇളക്കിമറിക്കലായിരുന്നു. ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട പാവങ്ങൾ ആശ്വാസമായി പകരം സ്ഥാപിച്ച മുഴുവൻ വെച്ചുസേവകളെയും ഗുരു വലിച്ചെറിഞ്ഞു. കോട്ടാർ എന്ന സ്ഥലത്തെ നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രത്തിൽനിന്ന് ഗുരു നശിപ്പിച്ച വിഗ്രഹങ്ങളുടെ ഒരു പട്ടിക വിവേകോദയത്തിലുണ്ട്. അത് ഇങ്ങനെ

ഇശക്കി 2, പൂതത്താൻ പീഠം 1, വങ്കാരമാടൻ പീഠം 1, ചുടലമാടൻ പീഠം 2, മല്ലങ്കരുങ്കാളി പീഠം 1, കറുപ്പൻ, ഇരുളൻ മുതലായി 21.വിഗ്രഹങ്ങളെ എടുത്തെറിഞ്ഞ് പുതിയ വിഗ്രഹങ്ങളിലേക്ക് നയിക്കുകയായിരുന്നില്ല സ്വാമി. താന്ത്രികവിധികളുടെ നിർമാണപ്പുരകൾ മാത്രമായിരുന്നില്ല സ്വാമികൾക്ക് ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങൾ വളരെ പണംചെയ്ത് പണിയേണ്ടെന്ന് സ്വാമി ഉപദേശിച്ചെന്ന് മൂർക്കോത്തു കുമാരൻ സ്വാമികളുടെ ജീവചരിത്രത്തിൽ. 'അവിടെ നാലു പുറവും പൂന്തോട്ടം ഉണ്ടാക്കണം. നല്ല വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച് അതിനുചുറ്റും തറകൾ കെട്ടണം. അപ്പോൾ ജനങ്ങൾക്ക് വന്നിരുന്ന് കാറ്റുകൊള്ളാം. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകൾ ഉണ്ടായിരിക്കണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ചു പഠിപ്പിക്കണം. ക്ഷേത്രം ഒരറ്റത്ത് അവിടെ നിന്നു കൊള്ളട്ടെ.'ക്ഷേത്രം ഒരറ്റത്ത് നിന്നുകൊള്ളട്ടെ എന്ന ജ്വലിക്കുന്ന വാക്കുകളിലൂടെ മറ്റൊരുവശത്തേക്ക് വിരൽ ചൂണ്ടുകയായിരുന്നു സ്വാമി.

അവിടെ നിന്നില്ല ഗുരു. ഇനി ക്ഷേത്രനിർമാണം പ്രോത്സാഹിപ്പിക്കേണ്ടെന്ന് 1917ൽ സ്വാമി എഴുതി. അമ്പലം കെട്ടാൻ പണം ചെലവിട്ടത് ദുർവ്യയമായി എന്ന് പശ്ചാത്തപിക്കും. കാലത്തിന് അത്രയേറെ മാറ്റം വന്നിരിക്കുന്നു. എങ്കിലും തൽക്കാലം ക്ഷേത്രം വേണ്ടെന്ന് പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല എന്നും സ്വാമി പറഞ്ഞു. ഈ വാക്കുകൾ മനുഷ്യസ്‌നേഹത്തിന്റെ ദീർഘദർശിത്വം പൂജിച്ച പൂക്കൾപോലെ മനസ്സിൽ വീഴുന്നു.ഈ പൂജാപുഷ്പങ്ങൾ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി തകർത്ത് അമ്പലം പണിയാൻ മൂർച്ചവയ്പിക്കുന്ന ഉളിത്തലപ്പുകൾക്ക് സമർപ്പിക്കുമ്പോൾ പറയൂ, ഏതാണ് ഗുരുനിന്ദ?

വൈക്കം സത്യഗ്രഹത്തിനെത്തിയ മഹാത്മാഗാന്ധി സ്വാമിയെ കാണാൻ ശിവഗിരിയിൽ ചെന്നു. അവർ മതത്തെക്കുറിച്ച്, ജാതിയെക്കുറിച്ച് സംസാരിച്ചു. മതപരിവർത്തനത്തെ കുറിച്ചായിരുന്നു ഗാന്ധിജിയുടെ ആദ്യ ചോദ്യം. 'മതപരിവർത്തനം ചെയ്തവർക്ക് സ്വതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അത് കാണുമ്പോൾ ജനങ്ങൾ 

മതപരിവർത്തനം നല്ലതാണെന്ന് പറയുന്നതിനെ കുറ്റപ്പെടുത്താനാവില്ല' എന്ന ഗുരുവിന്റെ മറുപടി ചിന്തയുടെ സാഗരത്തിലേക്ക് ചെറുചിരിയോടെ പതിച്ച കൊച്ചരുവിയായി. ഗാന്ധിജി നിർത്തിയില്ല. 'ലൗകികമായ അഭിവൃദ്ധിയല്ല, ആത്മീയമായ അഭിവൃദ്ധിയെയാണ് ഞാൻ ഉദ്ദേശിച്ചത്.' വൈകിയില്ല, മറുപടി വന്നു. 'അന്യമതങ്ങളിലും മോക്ഷമാർഗമുണ്ടല്ലോ. ലൗകികമായ സ്വതന്ത്ര്യത്തെയല്ലേ ജനങ്ങൾ അധികവും ഇച്ഛിക്കുന്നത്?'

ഗാന്ധിജി ചോദ്യം മാറ്റി. ജാതിയിലേക്ക് മാറി. ജാതിവ്യത്യാസം പ്രകൃതിദത്തമല്ലേ, ഒരു വൃക്ഷത്തിലെ ഇലകളെല്ലാം ഒരു വലിപ്പത്തിലല്ലല്ലോ എന്ന ഗാന്ധിജിയുടെ വാദത്തിന് സ്വാമി നൽകിയ മറുപടി ആ മഹാത്മാവിന്റെ മനസ്സിനെ ഇളക്കിമറിച്ചു. 'പക്ഷെ എല്ലാ ഇലകളുടെയും ചാറിന് ഒരേ രുചിയാണ്'. പിന്നെന്തിന് വർണവ്യത്യാസം എന്ന് സ്വാമി പറയാതെ കാത്ത മൗനം ഗാന്ധിജിയെ സ്വാധീനിച്ചു. പിൽക്കാലത്ത് ഗാന്ധിജി ജാതിയെ വിമർശിച്ചതിൽ ഈ സ്വാധീനവും ഉണ്ടാകാം.ആ മഹാത്മാവിന്റെ നെഞ്ചിനുനേരെ കാഞ്ചിവലിച്ച ഗോഡ്‌സെയ്ക്ക് അമ്പലം പണിയണമെന്ന് പറയുന്നവർക്ക് ദർശനമാലകൾ സമർപ്പിക്കുമ്പോൾ പറയൂ, ഏതാണ് ഗുരുനിന്ദ?

ആചാരങ്ങളുടെ ഉടുത്തുകെട്ടലുകളെ കർമംകൊണ്ട് മാത്രമല്ല, നർമംകൊണ്ടും സ്വാമി അഴിച്ചുമാറ്റിയിട്ടുണ്ട്. ശവം കുഴിച്ചിടണോ ദഹിപ്പിക്കണമോ എന്ന തർക്കമുണ്ടായപ്പോൾ സ്വാമിയുടെ പരിഹാരം 'ചക്കിലാട്ടിയാൽ മതി' എന്നായിരുന്നു. ചോദ്യം ചോദിച്ച മുൻ ഹൈക്കോടതി ജഡ്ജി ഇയ്യാക്കുട്ടി 'അയ്യോ' എന്ന് പറഞ്ഞുപോയി. ഉടൻവന്നു സ്വാമിയുടെ പ്രതികരണം. 'എന്താ നോവോ?'എല്ലാം പരിഹരിക്കാം എന്നുപറഞ്ഞ് തുള്ളിവന്ന പല്ലില്ലാത്ത കോമരത്തോട് സ്വാമി പറഞ്ഞത് ആദ്യം ആ മോണയിൽ പല്ല് വരുത്തൂ എന്നായിരുന്നു. തീർഥാടകരോട് രുദ്രാക്ഷം കഴുത്തിലിടണ്ട, അരച്ചുകലക്കി കുടിച്ചാൽ മതി, കൂടുതൽ ഗുണം കിട്ടും എന്നായിരുന്നു ഉപദേശം. ചാത്തന്റെ ഉപദ്രവം സഹിക്കാതെ വന്ന ഭക്തന് ചാത്തന് കൊടുക്കാൻ കത്തെഴുതിയതിൽ ഒരായിരം വി കെ എൻ ഫലിതം ഒന്നിച്ചുപൊട്ടുന്നതിന്റെ സുഖമുണ്ട്. കരഞ്ഞിട്ടുമുണ്ട് ഗുരു. ആട്ടിയോടിക്കപ്പെടുന്നവരെ മനുഷ്യൻ ഒന്ന് എന്ന ബോധ്യത്തിലേക്ക് ഉണർത്താനുള്ള യത്‌നത്തിലെ തിരിച്ചടികളാണ് സ്വാമിയെ കരയിപ്പിച്ചത്.

ഉരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ പുലയ പെൺകുട്ടികളെ ചേർക്കുന്നതിനെതിരെ നായർപ്രമാണികൾക്കൊപ്പം ചില ഈഴവപ്രമാണികളും ചേർന്നപ്പോൾ സ്വാമി സങ്കടപ്പെട്ടു. പക്ഷേ, മർദിതന്റെയൊപ്പമായിരുന്നു സ്വാമി. എറണാകുളം ജില്ലയിലെ കാളികുളങ്ങരയിൽ ചില ഈഴവർ കൊടുത്ത കേസിൽ 13ാം പ്രതിയായിരുന്നു സ്വാമി. സഹോദരൻ അയ്യപ്പനെ 'പുലയനയ്യപ്പൻ' എന്ന് ചില ഈഴവപ്രമാണികൾ പരിഹസിച്ചപ്പോഴും സ്വാമി വിഷമിച്ചു. അന്ന് സഹോദരനയ്യപ്പനൊപ്പം നിന്ന സ്വാമി മിശ്രവിവാഹത്തിനും പന്തിഭോജനത്തിനും ആഹ്വാനംചെയ്തു. അനാഥക്കുട്ടികൾ എന്നും സ്വാമിയുടെ ദുഃഖമായിരുന്നു. അവർക്ക് വേണ്ടിയാണ് 'ദൈവദശകം' എഴുതിയത്. 1091 ഇടവത്തിൽ പ്രബുദ്ധകേരളത്തിൽ സ്വാമി കുറിച്ചു 'നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞു. എന്നാൽ, ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ കൂട്ടത്തിൽ പെട്ടതായി വിചാരിച്ച് പ്രവർത്തിച്ചുവരുന്നതായും അത് ഹേതുവായി പലർക്കും നമ്മുടെ വാസ്തവത്തിൽ വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു'.ഇത് പറഞ്ഞ സ്വാമിയുടെ പൈതൃകം കാക്കുന്നു എന്നുപറയുന്നവർ പ്രഖ്യാപിക്കുന്നു ജാതി പറയണം. ഏതാണ് ഗുരുനിന്ദ?.

ഉറപ്പിച്ചും തറപ്പിച്ചും സ്വാമി പറഞ്ഞിട്ടുണ്ട് ജാതിയില്ല എന്ന്. അത് മനുഷ്യൻ സൃഷ്ടിച്ച മിഥ്യയാണെന്ന്. കെട്ടുകഥയാണെന്ന്. സ്വാമിയുടെ ആദ്യകാല ശിഷ്യരിൽ പ്രമുഖനായ ശിവലിംഗാനന്ദ സ്വാമികൾ നായരായിരുന്നു. ബുദ്ധനേക്കാൾ ശ്രേഷ്ഠനെന്ന് സ്വാമി വിശേഷിപ്പിച്ച സത്യവ്രതസ്വാമികൾ നായരായിരുന്നു. നെയ്യാറ്റിൻകരയിലെ നായർസമാജം സ്വാമിയുടെ ഷഷ്ഠിപൂർത്തി ആഘോഷിച്ചു. അനുമോദനം അയച്ചു. എസ്എൻഡിപി സർ. സി പി രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂർത്തിക്ക് മംഗളപത്രം സമർപ്പിച്ചു. സി പി, വി ഡി സവർക്കറെ അതിഥിയായി കൊണ്ടുവന്നു. ഹൈന്ദവവർഗീയ വിഷം തളിച്ചാണ് സവർക്കർ മടങ്ങിയതെന്ന് സി നാരായണപിള്ള തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ചരിത്രത്തിൽ. കേന്ദ്രാധികാരത്തിൽനിന്ന് അവശിഷ്ടം തേടി യോഗഭാരവാഹി ഡൽഹിയിലെത്തിയപ്പോൾ ചരിത്രം തിരിഞ്ഞുനടക്കുകയായിരുന്നു.അപ്പോൾ ജാതി പറയണം. എന്തിന്?. കേരളത്തിലെ മറ്റ് മനുഷ്യരോട് ഞങ്ങൾ ഈഴവരാണെന്ന് പ്രഖ്യാപിക്കുന്നത് എന്തിന്?.

മറ്റൊരു വഴിക്കും ആലോചിക്കാം. കേരളത്തിലെ നമ്പൂതിരിമാരോട്, നായന്മാരോട്, സിറിയൻറോമൻ ക്രിസ്ത്യാനികളോട്, മാർത്തോമക്കാരോട്, യാക്കോബായക്കാരോട്, ധീവരരോട്, പുലയരോട്, പറയരോട്, നായാടിയോട്...പേരുപറയാൻ വിട്ടുപോയ മറ്റനേകം ജാതിക്കാരോട് എന്തിനാണ് 'ഞാൻ ഈഴവനാണ് എന്ന് പ്രഖ്യാപിക്കുന്നത്?'. അതുകേട്ട് അവരും അവരുടെ ജാതി പറയാനാണോ? മതം പറയുന്ന വലിയ യജമാനന്റെ ദാസ്യവൃത്തിക്കാണോ ഇത്?.

മതം പറയുന്നുണ്ട് യോഗനേതൃത്വമേ. പാകിസ്ഥാൻ മതം പറയുന്നുണ്ട്, അഫ്ഗാനിസ്ഥാൻ മതം പറയുന്നുണ്ട്. ചന്തയിൽ പൊട്ടുന്ന അജ്ഞാതബോംബുകൾ മതം പറയുന്നുണ്ട്. ആത്മഹത്യാ ബോംബുകൾ മതം പറയുന്നുണ്ട്. മനുഷ്യരെ പിടിച്ചുനിർത്തി കഴുത്തറുത്ത് വീഡിയോ ചിത്രം പ്രദർശിപ്പിക്കുന്നവർ മതം പറയുന്നുണ്ട്. കൂട്ടക്കുരുതികൾ മതം പറയുന്നുണ്ട്. വംശഹത്യകൾ മതം പറയുന്നുണ്ട്.

അരുത്, കേരളത്തിന്റെ യുഗപുരുഷനെ വിശക്കുന്ന നരബലിത്തറകളിലെ ചോര കൊതിക്കുന്ന കൊടുംമൂർത്തിയാക്കരുത്

എം എം പൗലോസ്

(കടപ്പാട്: ദേശാഭിമാനി)