സ. അഴീക്കോടൻ രാഘവൻ രക്തസാക്ഷിയായിട്ട് ഇന്നേക്ക് 43 വർഷം തികയുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാർടി നയിച്ച ഐക്യമുന്നണിയുടെ കൺവീനറുമായിരുന്ന സഖാവിനെ തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ സംഘം തൃശൂരിൽ രാത്രിയുടെ മറവിൽ അരുംകൊല ചെയ്യുകയായിരുന്നു. 1972 സെപ്തംബർ 23നാണ് തൃശൂരിൽവച്ച് കേരളത്തെ നടുക്കിയ ഈ ദാരുണസംഭവം.

അഴീക്കോടൻ രാഘവനെക്കുറിച്ച് ഇ എം എസ് പറഞ്ഞ വാക്കുകൾ ഈ അവസരത്തിൽ ഏറെ പ്രസക്തമാണ്. ''അഴീക്കോടനെ താരതമ്യപ്പെടുത്താനുള്ള ഒരു സഖാവ് നമുക്ക് ഉണ്ടായിരുന്നു. സ:കൃഷ്ണപിള്ള. മറ്റനവധി കമ്മ്യൂണിസ്റ്റുകാരെപോലെ സഖാവിന്റെ നേരിട്ടുള്ള ശിക്ഷണത്തിൽ കമ്മ്യൂണിസ്റ്റായി വളർന്ന ഒരാളാണ് സ: അഴീക്കോടൻ. തന്റെ ഗുരുവും ആചാര്യനുമായ സഖാവിന്റെ മാതൃക അനുസരിച്ച് സ്വന്തം വർഗത്തിനും രാഷ്ട്രത്തിനും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച ഒരു വിപ്ലവകാരിയായിരുന്നു. സഖാവിന്റെ ജീവൻ അപഹരിച്ചത് ഒരു മൂർഖൻ പാമ്പായിരുന്നുവെങ്കിൽ അഴീക്കോടൻ മരിച്ചുവീണത് രാഷ്ട്രീയ മൂർഖന്മാരുടെ കഠാരയിലാണ്.'' ഇടതുതീവ്രവാദത്തിന്റെ മുഖംമൂടി അണിഞ്ഞവരെ ഉപയോഗപ്പെടുത്തിയാണ് അഴീക്കോടൻ രാഘവനെ പിന്തിരിപ്പൻ ശക്തികൾ കൊലപ്പെടുത്തിയത്.

1919 ജൂലൈ ഒന്നിന് കണ്ണൂർ നഗരത്തിലെ തെക്കി ബസാറിലെ ഒരു തൊഴിലാളികുടുംബത്തിലാണ് അഴീക്കോടൻ ജനിച്ചത്. ജീവിതദുരിതങ്ങൾക്കിടയിൽ ജീവിക്കേണ്ടിവന്ന സഖാവ് ബീഡി തെറുപ്പുകാരനായി. പിന്നീട് ബീഡി യൂണിയന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1951ൽ മലബാർ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിൽ സെക്രട്ടറിയായി. 1956ൽ പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1959ൽ സംസ്ഥാനകേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. ഇടത് വലത് പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകാൻ സഖാവിന് കഴിഞ്ഞു. 1967ൽ ഐക്യമുന്നണി കോഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. 1969ൽ ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയർമാനായി. ദേശാഭിമാനിയെ പുതിയ പടവുകളിലേക്ക് നയിക്കുന്നതിൽ അതുല്യമായ സംഭാവനയാണ് സഖാവിന്റെ ഭാഗത്തുനിന്നുണ്ടായത്.

രാഷ്ട്രീയജീവിതത്തിൽ നിരവധിതവണ അദ്ദേഹത്തിന് ജയിൽവാസം ഏറ്റുവാങ്ങേണ്ടിവന്നു. 1948ൽ അറസ്റ്റുചെയ്യപ്പെടുകയും ക്രൂരമർദനത്തിന് വിധേയനാവുകയുംചെയ്തു. 1950, 1962, 1964 വർഷങ്ങളിലും ജയിൽവാസം ഏറ്റുവാങ്ങേണ്ടിവന്നു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഇടയിൽനിന്ന് ഉയർന്നുവന്ന നേതാവാണ് അഴീക്കോടൻ. സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്നവരിൽ ആത്മവീര്യമുയർത്തി അവർക്ക് മുഷ്ടിചുരുട്ടി മുന്നോട്ടുപോകാനുള്ള ധൈര്യം പ്രദാനംചെയ്ത വിപ്ലവകാരിയായിരുന്നു അഴീക്കോടൻ.

ത്യാഗപൂർണമായ ജീവിതത്തിന്റെ നേർഉദാഹരണമാണ് സഖാവിന്റെ ജീവിതം. ഏത് വിമർശങ്ങൾക്കുമുന്നിലും അസാമാന്യമായ ക്ഷമയും സഹനശക്തിയും പ്രകടിപ്പിക്കാനുള്ള സഖാവിന്റെ കഴിവ് അപാരമായിരുന്നു. ജനങ്ങളുടെ മനസ്സ് അറിഞ്ഞ സംഘാടകനായിരുന്നു സഖാവ്. ഉയർന്നുവരുന്ന എതിർപ്പുകളെ ധീരതയോടെ നേരിടുമ്പോൾത്തന്നെ പ്രശ്‌നങ്ങളെ പക്വതയോടെ സമീപിച്ച് ഏത് കുരുക്കും അഴിച്ചെടുക്കാനുള്ള പാടവവും അഴീക്കോടനിൽ ഉണ്ടായിരുന്നു. ഐക്യമുന്നണിയുടെ കൺവീനറെന്ന നിലയിൽ സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും അതിന് പരിഹാരം കാണുന്നതിനും സഖാവ് മുമ്പന്തിയിലുണ്ടായി. അഴീക്കോടൻ ജീവിച്ചിരിക്കുന്ന ഘട്ടത്തിൽ നിരവധി ആരോപണങ്ങൾ രാഷ്ട്രീയ എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും സഖാവിനെതിരെ പ്രചരിപ്പിച്ചു. വീടുപോലും സ്വന്തമായി ഇല്ലായിരുന്നെന്ന വസ്തുത പിന്നീട് പുറത്തുവന്നിട്ടും ഇത്തരം ആരോപണം ഉന്നയിച്ചവർ തെറ്റ് തുറന്നുപറയാനുള്ള സന്മനസ്സുപോലും കാണിച്ചില്ല. കള്ള പ്രചാരവേല നടത്തി വിപ്ലവകാരികളെ തേജോവധംചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തികൾ വർത്തമാനകാലത്ത് കേരളത്തിൽ സജീവമാണ്.

കമ്യൂണിസ്റ്റ് പാർടിയെ ആക്രമണത്തിലൂടെ ഉന്മൂലനംചെയ്യാൻ ശ്രമിച്ച ശക്തികൾ ഇന്നും വ്യത്യസ്തരൂപങ്ങളിൽ കേരളത്തിൽ സജീവമാണ്. യുഡിഎഫ് സർക്കാരിന്റെ ഇപ്പോഴത്തെ ഭരണകാലത്ത് 28 പാർടി സഖാക്കളെയാണ് ഇത്തരം ശക്തികൾ കൊലപ്പെടുത്തിയത്. കോൺഗ്രസിന്റെ ഗ്രൂപ്പുവഴക്കിൽ മൂന്നു പ്രവർത്തകരും കൊല്ലപ്പെടുകയുണ്ടായി. എന്നിട്ടും സിപിഐ എമ്മിനെ അക്രമകാരികളെന്ന് മുദ്രകുത്താനാണ് ഇപ്പോഴും ശ്രമം. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുന്ന ഘട്ടത്തിൽ പാർടി പ്രവർത്തകർക്കുനേരെ ആസൂത്രിത അക്രമമാണ് ആർഎസ്എസ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രകോപനം സൃഷ്ടിച്ച് സംഘർഷാത്മക അന്തരീക്ഷം രൂപപ്പെടുത്തുക എന്ന അജൻഡയാണ് ഇതിനുപിന്നിൽ. മാർക്‌സിസ്റ്റ് അക്രമം എന്ന പ്രചാരവേല സംഘടിപ്പിച്ച് യുഡിഎഫുമായി കൂട്ടുകെട്ടുണ്ടാക്കുക എന്നതാണ് ലക്ഷ്യം.

യുഡിഎഫിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസാകട്ടെ, സംഘപരിവാറിന്റെ കോൺഗ്രസിനുനേരെയുള്ള പ്രചാരവേലകളെപ്പോലും നേരിടാൻ തയ്യാറാകുന്നില്ല. ജവാഹർലാൽ നെഹ്‌റുവിനെ കൊലപ്പെടുത്തേണ്ടതാണ് എന്നുപോലും അവർ പറയുകയുണ്ടായി. ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്റ്റാമ്പുകൾ പിൻവലിച്ച് സംഘപരിവാർ നേതാക്കളുടെ സ്റ്റാമ്പുകൾ പകരം പ്രതിഷ്ഠിക്കുന്ന നിലയുണ്ടായി. ഇത്തരം ചെയ്തികൾക്കെതിരെ ചെറുവിരലനക്കാൻപോലും കോൺഗ്രസ് തയ്യാറായിട്ടില്ല. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ നേരിടാതെ അവരുമായി ഒത്തുപോകുന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഇത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഇടയാക്കുമെന്ന് ഗുജറാത്തിന്റെ അനുഭവത്തിൽനിന്നുപോലും അവർ പഠിച്ചിട്ടില്ല.

ആർഎസ്എസിന്റെ വർഗീയപ്രചാരണത്തിനും ആക്രമണത്തിനും സഹായകമായ നിലപാട് ഉമ്മൻചാണ്ടി സർക്കാർ തുടർച്ചയായി സ്വീകരിക്കുകയാണ്. പ്രവീൺ തൊഗാഡിയക്ക് എതിരെയുള്ള കേസ് സംസ്ഥാനസർക്കാർ പിൻവലിച്ചു. എം ജി കോളേജിൽ പൊലീസ് ഓഫീസറെ ആക്രമിച്ച കേസും മുൻ ചീഫ് സെക്രട്ടറി സി പി നായർക്കെതിരായ വധശ്രമ കേസും പിൻവലിച്ചതിനു പിന്നിൽ ഈ നിലപാട് കാണാം. സാമുദായിക ധ്രുവീകരണവും ന്യൂനപക്ഷവിരുദ്ധ പ്രചാരണവും നടത്തി മുന്നോട്ടുപോകാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കെതിരെ കോൺഗ്രസ് മൗനംപാലിക്കുന്നത് കേരളത്തിന്റെ ഉജ്വലമായ മതേതരസംസ്‌കാരത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്. കേരളത്തിൽ എങ്ങനെയെങ്കിലും അക്കൗണ്ട് തുറക്കാനുള്ള തീവ്രപരിശ്രമമാണ് ബിജെപി നടത്തുന്നത്. അതിന്റെ ഭാഗമായി ന്യൂനപക്ഷവിരോധം സംസ്ഥാനത്ത് രൂപപ്പെടുത്തുന്നതിനായി കള്ളപ്രചാരവേല തുടർച്ചയായി നടത്തുന്നു.

യോജിച്ച് നിൽക്കുന്ന ജനങ്ങളെ ജാതീയമായി പിളർത്തി വർഗീയമായി യോജിപ്പിക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. അതിലൂടെ സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള പദ്ധതികളും മുന്നോട്ടുവയ്ക്കുന്നു. കേരളത്തിന്റെ സാമൂഹ്യവികാസത്തിൽ ഒരു സംഭാവനയും നൽകാത്തവരാണ് സംഘപരിവാർ. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനുള്ള ഒരു നിലപാടും ഇവർക്കില്ല. മാത്രമല്ല, ജനങ്ങളെ തമ്മിലടിപ്പിച്ച്, ജീവിതദുരിതങ്ങൾക്കെതിരെ ഉയർന്നുവരേണ്ട പോരാട്ടങ്ങളെ ദുർബലപ്പെടുത്തി കോർപറേറ്റ് നയങ്ങൾക്ക് പരവതാനി ഒരുക്കുകയുമാണ്.സംഘപരിവാർ അജൻഡകളെ പിന്തുണയ്ക്കുന്ന നടപടിയാണ് ചില സമുദായസംഘടനകളുടെ നേതാക്കളും സ്വീകരിക്കുന്നത്. പ്രത്യേക രാഷ്ട്രീയപാർടികൾ ഉണ്ടാക്കി സംസ്ഥാനത്താകമാനം വലിയ ശക്തിയാകുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ, ഇത്തരമൊരു അവകാശവാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് കേരളത്തിന്റെ രാഷ്ട്രീയ അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഹിന്ദുമഹാമണ്ഡലം ഉണ്ടാക്കി കേരളത്തിൽ പിടിമുറുക്കാൻ നടത്തിയ ആർഎസ്എസിന്റെ പരിശ്രമങ്ങൾ 1960കളിൽ തന്നെ കൂമ്പടയുകയാണുണ്ടായത്. എസ്എൻഡിപി മുൻകൈ എടുത്ത് എസ്ആർപി എന്ന രാഷ്ട്രീയ പാർടിയും എൻഎസ്എസ് മുൻകൈ എടുത്ത് എൻഡിപി എന്ന രാഷ്ട്രീയ പാർടിയും കേരളത്തിൽ ഉണ്ടാക്കിയിരുന്നു. എന്നാൽ, ഇവ രണ്ടും ജനപിന്തുണ ഇല്ലാതായതോടെ സ്വയംപിരിഞ്ഞുപോവുകയായിരുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾ സമുദായസംഘടനകളുടെ നിലപാടുമായി ബന്ധപ്പെട്ടാണെന്ന വാദവും വസ്തുതകൾക്ക് നിരക്കുന്നതല്ല. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവിധ സാമുദായിക സംഘടനകളും ന്യൂനപക്ഷ വിഭാഗത്തിന്റെ സംഘടനകളും യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് എൽഡിഎഫ് അധികാരത്തിലെത്തുകയുംചെയ്തു. തുടർന്ന് ലോക്‌സഭയ്‌ക്കൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്ന 1991ലും വിജയം എൽഡിഎഫിന് ഉണ്ടാകേണ്ടതായിരുന്നു. രാജീവ് ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട സഹതാപതരംഗംകൊണ്ടും വടകര ബേപ്പൂർ മോഡൽ യുഡിഎഫ് ബിജെപി ബന്ധം സ്ഥാപിച്ചതുകൊണ്ടുമാണ് യുഡിഎഫിന് വിജയം നേടാനായത്. നിരവധി മണ്ഡലങ്ങളിൽ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചു നൽകി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്എൻഡിപി ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫിനെയും ഇടുക്കിയിൽ യുഡിഎഫിനെയുമാണ് പിന്തുണച്ചത്. എന്നാൽ, രണ്ടു സ്ഥാനാർഥികളും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയസമവാക്യങ്ങളെ നിർണയിക്കുന്നത് ജനകീയപ്രശ്‌നങ്ങളും രാഷ്ട്രീയമായ നിലപാടുകൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നിടത്തുമാണെന്ന് ഇത് വ്യക്തമാക്കുന്നു.

കേരളത്തിൽ വർഗീയധ്രുവീകരണം സൃഷ്ടിച്ച് നേട്ടംകൊയ്യാനുള്ള പരിശ്രമമാണ് യുഡിഎഫും സംഘപരിവാറും നടത്തുന്നത്. ഇതിനെതിരെ കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്ത് ഇടതുപക്ഷ ജനാധിപത്യശക്തികൾ പൊരുതുകയാണ്. അത്തരം പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പം എന്നും നിലയുറപ്പിച്ച അഴീക്കോടന്റെ സ്മരണ നമുക്ക് കരുത്തുപകരും.

കോടിയേരി ബാലകൃഷ്ണൻ