എൽഡിഎഫിന്റെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ പ്രകടന പത്രിക 30നകം പ്രസിദ്ധീകരിക്കുമെന്ന് ജില്ലാകൺവീനർ കെ പി സഹദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാപഞ്ചായത്ത് പ്രകടന പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സെമിനാർ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് വൈകിട്ട് നാലിന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ പദ്ധതികൾ ജനപങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ 16ന് അഭിപ്രായപ്പെട്ടികൾ സ്ഥാപിക്കും. വാർഡ് അടിസ്ഥാനത്തിൽ പെട്ടികളുണ്ടാവും. ജനങ്ങൾക്ക് അഭിപ്രായങ്ങൾ കവറുകളിലാക്കി പെട്ടിയിൽ നിക്ഷേപിക്കാം. കവറിന് പുറത്ത് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിങ്ങനെ രേഖപ്പെടുത്തണം. 25ന് പെട്ടികളിൽനിന്ന് കവറുകൾ ശേഖരിക്കും. എൽഡിഎഫിന്റെ ബന്ധപ്പെട്ട കമ്മിറ്റികൾ ചർച്ചചെയ്ത് ഇവ ക്രോഡീകരിക്കും. ഇ മെയിൽ വഴിയും നിർദേശങ്ങൾ അയക്കാം. This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ജില്ലാപഞ്ചായത്തിന്റെ കരട് മാനിഫെസ്റ്റോ 16നകം പ്രധാന കേന്ദ്രങ്ങളിൽ പ്രസിദ്ധീകരിക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും 25നകം നൽകണം. ഇത് ചർച്ച ചെയ്തശേഷം ഒക്ടോബർ രണ്ടിന് നടക്കുന്ന സെമിനാറിനുള്ള കരട് മാനിഫെസ്റ്റോ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സെമിനാറിൽ ചർച്ച നടക്കുക. സെമിനാറിലെ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് പ്രകടനപത്രിക പുറത്തിറക്കും. വാർത്താസമ്മേളനത്തിൽ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജൻ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണൻ, സിപിഐ സംസ്ഥാന കൗൺസിലംഗം സി പി മുരളി, ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാജേഷ് പ്രേം, എൻസിപി ജില്ലാപ്രസിഡന്റ് വി വി കുഞ്ഞികൃഷ്ണൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി ആർ വേശാല, സിഎംപി ജില്ലാസെക്രട്ടറി സി കെ നാരായണൻ, ബാബുരാജ് ഉളിക്കൽ(കേരള കോൺഗ്രസ്), കെ എം ബാലകൃഷ്ണൻ (ഫോർവേഡ് ബ്ലോക്ക്), എം വി ധർമദാസ് (ജെഎസ്എസ്), കെ വി വിജയൻ(സിഎംപി) എന്നിവരും പങ്കെടുത്തു.