എ വി കുഞ്ഞമ്പു
1964ൽ സിപിഐ എം രൂപംകൊണ്ടശേഷമുള്ള ആദ്യജില്ലാ സെക്രട്ടറി. കരിവെള്ളൂർ സമരനായകനും കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യപഥികരിൽ പ്രമുഖനും. '64ൽ സിപിഐ ദേശീയകൗൺസിലിൽനിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാൻ നേതൃത്വം നൽകിയ 32 വിപ്ലവകാരികളിൽ ഒരാൾ. കേരളനിയമസഭാംഗവും രാജ്യസഭാംഗവുമായിട്ടുണ്ട്. 1967ൽ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ സെക്രട്ടറിസ്ഥാനമൊഴിഞ്ഞു. 1980 ജൂൺ എട്ടിന് അന്തരിച്ചു.
കെ പി ആർ ഗോപാലൻ
1967ൽ എ വി കുഞ്ഞമ്പു സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് ജില്ലാ സെക്രട്ടറി. മോറാഴ സമരനായകനും ലോകമറിയുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയും. ഏതാനും മാസങ്ങൾ മാത്രമാണ് സെക്രട്ടറിസ്ഥാനം വഹിച്ചത്. '67ൽ തലശേരി മണ്ഡലത്തിൽനിന്ന് നിയമസഭാംഗം. പിൽക്കാലത്ത് സിപിഐ എമ്മിൽനിന്ന് അകന്ന് ബോൾഷെവിക് പാർടി രൂപീകരിച്ചു. അവസാനകാലത്ത് വീണ്ടും പാർടി സഹയാത്രികനായി. 1997 ആഗസ്ത് നാലിന് അന്തരിച്ചു.
എം വി രാഘവൻ
1967 ഡിസംബറിൽ പെരളശേരിയിൽ നടന്ന ജില്ലാ പ്ലീനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1971ൽ കണ്ണൂരിൽ നടന്ന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറി. കണ്ണൂർ ജില്ലയിൽ സിപിഐ എമ്മിനെ അജയ്യശക്തിയാക്കി വളർത്തിയെടുക്കുന്നതിൽ സുപ്രധാനപങ്കുവഹിച്ചു. അടിയന്തരാവസ്ഥയുടെ ഭീകരനാളുകളിൽ ഒളിവിൽ കഴിഞ്ഞ് പാർടിയെ നയിച്ചു. പിന്നീട് സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർടി നിയമസഭാകക്ഷി സെക്രട്ടറിയുമായിരുന്നു. 1986ൽ ബദൽരേഖാപ്രശ്‌നത്തിൽ പാർടിയിൽനിന്ന് പുറത്തായി. തുടർന്ന് സിഎംപി രൂപീകരിച്ച് വലതുപക്ഷത്ത് നിലയുറപ്പിച്ചു. ദീർഘകാലം നിയമസഭാംഗം. രണ്ടുതവണ സംസ്ഥാനമന്ത്രിസഭയിലും അംഗമായിട്ടുണ്ട്. 2014 നവംബർ ഒമ്പതിന് അന്തരിച്ചു.
പാട്യം ഗോപാലൻ
എം വി രാഘവൻ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സെക്രട്ടറിയായി. മികച്ച സംഘാടകൻ, ക്രാന്തദർശിയായ നേതാവ്, ഉജ്വല വാഗ്മി എന്നീ നിലകളിൽ ജനങ്ങളുടെ കണ്ണിലുണ്ണി. 1965ൽ തലശേരി മണ്ഡലത്തിൽ ജയിലിൽകിടന്ന് മത്സരിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ലെ പൊതുതെരഞ്ഞെടുപ്പിൽ തലശേരിയിൽനിന്ന് ലോക്‌സഭാംഗം. 1978 സെപ്തംബർ 27ന് ഹൃദയാഘാതം മൂലം അന്തരിച്ചു.
ചടയൻ ഗോവിന്ദൻ
1978ൽ പാട്യം ഗോപാലന്റെ അകാലവിയോഗത്തെ തുടർന്ന് ജില്ലാ സെക്രട്ടറിയായി. 1981ൽ പാനൂരിലും 1985ൽ പയ്യന്നൂരിലും നടന്ന ജില്ലാ സമ്മേളനങ്ങളും സെക്രട്ടറിയായി തെരഞ്ഞെടുത്തു. കരുത്തുറ്റ സംഘാടകനും ജനകീയനേതാവും. പിൽക്കാലത്ത് സംസ്ഥാന സെക്രട്ടറി വരെയായി ഉയർന്നു. 1977ൽ അഴീക്കോട് മണ്ഡലത്തിൽനിന്ന് നിയമസഭാംഗം. 1998 സെപ്തംബർ 9ന് അന്തരിച്ചു.
പിണറായി വിജയൻ
1986ൽ ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയായി. 1988ൽ കണ്ണൂരിൽ നടന്ന ജില്ലാ സമ്മേളനത്തിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് കരുത്തിന്റെയും അതുല്യമായ സംഘാടകവൈഭവത്തിന്റെയും പ്രതീകമായി ജനമനസ്സുകളിൽ ഇടംനേടി. 1971, '77, '91 വർഷങ്ങളിൽ കൂത്തുപറമ്പിൽനിന്നും 1996ൽ പയ്യന്നൂരിൽനിന്നും നിയമസഭാംഗം. '96-98ൽ സംസ്ഥാന വൈദ്യുതി- സഹകരണമന്ത്രി. ദീർഘകാലം സംസ്ഥാന സെക്രട്ടറി. 2002 മുതൽ പൊളിറ്റ് ബ്യൂറോ അംഗമാണ്.
ടി ഗോവിന്ദൻ
1988ൽ സ. പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയായി. ചില സംഘടനാ പ്രശ്‌നങ്ങളെ തുടർന്ന് ഒഴിയേണ്ടിവന്നു. കാസർകോട് ലോക്‌സഭാമണ്ഡലത്തിൽനിന്ന് മൂന്നു തവണ തുടർച്ചയായി(1996, 1998, 1999) പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിയൻ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും ആൾരൂപമായി ജനമനസ്സുകളിൽ നിറഞ്ഞുനിന്ന നേതാവ്. 2011 ഒക്‌ടോബർ 23ന് അന്തരിച്ചു.
കോടിയേരി ബാലകൃഷ്ണൻ
ടി ഗോവിന്ദനുശേഷം ജില്ലാ സെക്രട്ടറിപദത്തിലെത്തി. 1991ലെ തലശേരി, '95ലെ തളിപ്പറമ്പ് സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1991- 95ൽ സംസ്ഥാനഭരണത്തിന്റെ നെഗളിപ്പിൽ കോൺഗ്രസ് നേതാവ് കെ സുധാകരനും സംഘവും അഴിച്ചുവിട്ട കടന്നാക്രമണങ്ങളിൽനിന്ന് പാർടിയെ രക്ഷിക്കാൻ ധീരമായ നേതൃത്വം നൽകി. മികച്ച സംഘാടകനും പ്രഭാഷകനും പാർലമെന്റേറിയനും. ദീർഘകാലമായി തലശേരി മണ്ഡലശത്ത നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. നിലവിൽ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും.
ഇ പി ജയരാജൻ
1995ൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയായി. 1998ലെ കണ്ണൂർ, 2001ലെ ഇരിട്ടി സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംഘപരിവാരത്തിന്റെയും കോൺഗ്രസിന്റെയും തുടർച്ചയായ കടന്നാക്രമണങ്ങളിൽനിന്ന് പാർടിയെ രക്ഷിക്കാൻ ധീരോദാത്ത നേതൃത്വം. '95ൽ പാർടി ചണ്ഡീഗഡ് കോൺഗ്രസിൽ പങ്കെടുത്ത് ട്രെയിനിൽ മടങ്ങുന്നതിനിടെ രാഷ്ടീയ എതിരാളികൾ നിയോഗിച്ച ക്രിമിനൽസംഘം വധിക്കാൻ ശ്രമിച്ചു. നീണ്ടകാലത്തെ ചികിത്സയിലൂടെ അത്ഭുതകരമായി വീണ്ടും ജീവിതത്തിലേക്ക്. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗവും മട്ടന്നൂർ എംഎൽഎയും. നേരത്തെ ഒരു തവണ അഴീക്കോട് മണ്ഡലത്തെയും നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.
എം വി ഗോവിന്ദൻ മാസ്റ്റർ
ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2002ൽ ജില്ലാ സെക്രട്ടറിയായി. മികച്ച സംഘാടകനും പ്രഭാഷകനും. രണ്ടു തവണ തളിപ്പറമ്പ് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം.
പി ശശി
സ. എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2005ൽ ജില്ലാ സെക്രട്ടറിയായി. 2008ലെ കണ്ണൂർ സമ്മേളനവും സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നീട് ചില സംഘടനാ വിഷയങ്ങളെ തുടർന്ന് ഒഴിവാക്കപ്പെട്ടു.
പി ജയരാജൻ
പി ശശിയെ നീക്കം ചെയ്ത ഒഴിവിൽ ജില്ലാ സെക്രട്ടറിയായി. 2012ലും 2015ലും വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാർടിയെ തകർക്കാനുള്ള ഭരണകൂടശക്തികളുടെയും സംഘപരിവാരത്തിന്റെയും ഗൂഢനീക്കങ്ങളെ നിശ്ചയദാർഢ്യത്തോടെ ചെറുക്കുന്നു. 1999ലെ തിരുവോണനാൾ ആർഎസ്എസ് വധശിക്ഷ വിധിച്ചെങ്കിലും വൈദ്യശാസ്ത്രമികവും അനിതരസാധാരണമായ ഇച്ഛാശക്തിയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 2001, 2005, 2006 തെരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പ് മണ്ഡലത്തലിൽനിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2006-11ൽ സിപിഐ എം നിയമസഭാകക്ഷി സെക്രട്ടറി.
* 1964-65ൽ ചൈനാചാരന്മാരെന്നു മു്രദകുത്തി നേതാക്കളെയാകെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ പി വി അപ്പക്കുട്ടിയും അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ സെക്രട്ടറി എം വി രാഘവൻ ഒളിവിൽ പോയതിനെ തുടർന്ന് കെ വി നാരായണൻ നമ്പ്യാരും സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചു.