കണ്ണൂർ : എൽ ഡി എഫിന്റെ ആഹ്‌ളാദ പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ് സി പി ഐ (എം) പ്രവർത്തകനും ഈർച്ചമിൽ തൊഴിലാളിയുമായ രവീന്ദ്രനെ കൊലപ്പെടുത്തിയ ആർഎസ് എസിന്റെ കിരാത നടപടിയിൽ പ്രതിഷേധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.

ആർ എസ് എസ് ക്രിമിനലുകളുടെ താവളമാണ് പുത്തൻകണ്ടം. സ്ഥിരമായി അക്രമങ്ങൾ സംഘടിപ്പിക്കുന്ന ഒരു സംഘമാണിത്. ഇവരുടെ താവളത്തിലൂടെ മറ്റാർക്കും പകൽ സമയത്ത് പോലും സഞ്ചരിക്കാൻ അവകാശമില്ല. ആഹ്‌ളാദ പ്രകടനം അതുവഴി കടന്ന് പോയതിനാലാണ് ബോംബെറിഞ്ഞത്. ആർ എസ് എസിന്റെ ഉന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് അക്രമത്തിന് പിണറായി പഞ്ചായത്ത് തന്നെ തെരഞ്ഞെടുത്തത്. ആഹ്‌ളാദ പ്രകടനം നടത്തുകയായിരുന്ന വാഹനത്തിൽ 6 വയസ് പ്രായമുള്ള കുട്ടികളടക്കം ഉണ്ടായിരുന്നു. ബോംബേറിൽ പരിക്ക് പറ്റിയ 4 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ചതിന് ശേഷം വാഹനത്തിൽ നിന്നും നിലത്ത് വീണ രവീന്ദ്രന്റെ ദേഹത്ത് കൂടെ അക്രമികൾ സഞ്ചരിച്ച വാഹനം കയറ്റിയാണ് കൊലപാതകം. തലയും നെഞ്ചിൻകൂടും തകർന്നു. കാലുകൾ ബോംബേറിൽ ചിതറിപ്പോയിരുന്നു. ആർ എസ് എസിന്റെ മറ്റൊരു താവളമായ കരേറ്റയിലും എൽ ഡി എഫ് ആഹ്‌ളാദ പ്രകടനത്തിന് നേരെ ഇവർ ബോംബെറിഞ്ഞു. ഇവിടെ 2 പ്രവർത്തകന്മാർക്ക് പരിക്കേറ്റു. ഒരാളുടെ വിരൽ അറ്റുപോയി. 

കേരളത്തിൽ ഒരു സീറ്റിൽ ജയിച്ചപ്പോൾ തന്നെ കൊലപാതകം സംഘടിപ്പിച്ചുകൊണ്ട് ആർ എസ് എസ് രംഗത്തിറങ്ങിയിരിക്കുന്നു. ഇത്തരം അക്രമികൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം.. അക്രമത്തിന് നേതൃത്വം കൊടുത്ത ക്രിമിനലുകളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് കഴിയണം.

മെയ് 20-നു നാളെ ജില്ലയിൽ ആഹ്‌ളാദ പ്രകടനങ്ങൾ ഒഴിവാക്കണം. രവീന്ദ്രന്റെ ശവസംസ്‌കാരം നടക്കുന്നതിനാൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ പിണറായി, വേങ്ങാട്, ധർമ്മടം, കോട്ടയം പഞ്ചായത്തുകളിൽ ഹർത്താൽ ആചരിക്കാനും ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ഹർത്താലിൽ നിന്നും വാഹനങ്ങളെയും മറ്റ് അവശ്യ മേഖലയെയും ഒഴിവാക്കിയിട്ടുണ്ട്. 

ആർ എസ് എസിന്റെ പൈശാചികമായ അക്രമത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തികൊണ്ടുവരാനാണ് സി പി ഐ (എം) ഉദ്ദേശിക്കുന്നത്. സി പി ഐ (എം) പ്രവർത്തകന്മാർ ആത്മസംയമനം പാലിക്കുകയും പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.