കണ്ണൂർ. കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ വീട് അക്രമിച്ച് മാർക്‌സിസ്റ്റ് അക്രമമെന്ന് മുറവിളികൂട്ടാൻ നടന്ന ഗൂഡാലോചനയെകുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സി.പി.ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആവശ്യപ്പെട്ടു. 

ഇന്ന് പുലർച്ചെ 3 മണിക്കാണ് സുധാകരന്റെ വീടിന് സമീപം വെച്ച് ആയുധസഹിതം ഒരു ആർ.എസ്.എസ് പ്രവർത്തകൻ പോലീസ് പിടിയിലായത്. സുധാകരന്റെ വീട് അക്രമിക്കാനാണ് തങ്ങൾ വന്നതെന്നാണ് ആർ.എസ്.എസ് ക്രിമിനൽ രജീഷ് പോലീസിന് മൊഴിനൽകിയിട്ടുള്ളത്. നിയമസഭയിലേക്കുള്ള ജനവിധിക്ക് ശേഷം ഇത്തരമൊരു അക്രമണം നടത്തി 'മാർക്‌സിസ്റ്റ് അക്രമം' എന്ന് പ്രചരിപ്പിക്കാനുള്ള കൃത്യമായ ഗൂഡാലോചനയാണ് നടന്നത്. പിടിയിലായ ആർ.എസ്.എസുകാരൻ ആർ.എസ്.എസ് നേതാക്കൾക്കൊപ്പം ഒരു യൂത്ത് കോൺഗ്രസ് നേതാവിന്റെ പേര് കൂടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആ യൂത്ത് കോൺഗ്രസ് നേതാവ് സുധാകരന്റെ വിശ്വസ്തനാണ്. അതിന്റെ അർത്ഥം സുധാകരനും ആർ.എസ്.എസ് നേതൃത്വവും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്നാണ്. ഇപി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ഗൂഡാലോചന നടത്തിയതും ഇതേസംഘമാണ്. രജീഷിന്റെ കൂടെയുണ്ടായിരുന്ന രക്ഷപ്പെട്ട  ആർ.എസ്.എസുകാരെ കുറിച്ചും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആയതിനാൽ ക്രമസമാധാനനില തകർക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചനയിൽ പങ്കെടുത്ത മുഴുവൻ ആർ.എസ്.എസ് -കോൺഗ്രസ് നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പി.ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.