കണ്ണൂർ : ബി ജെ പി അക്രമത്തിനെതിരെ മതേതര ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും പ്രതിഷേധം ഉയർത്തികൊണ്ടുവരണമെന്നും എൽ ഡി എഫ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. 

ജില്ലയിൽ ഒരു കൊലപാതകമുൾപ്പെടെ നിരവധി അക്രമങ്ങൾ നടത്തിയ അക്രമകാരികളെ തുറന്ന് കാട്ടുന്നതിന് 27 മുതൽ ഒരാഴ്ചക്കാലം വിപുലമായ ജനസദസുകൾ സംഘടിപ്പിക്കും. 

ജില്ലയിൽ മണ്ഡലാടിസ്ഥാനത്തിൽ മെയ് 29-നു മട്ടന്നൂർ, മെയ് 30-നു   മെയ് 30-നു പാനൂർ, കൂത്തുപറമ്പ, മെയ് 31-നു പയ്യന്നൂർ, പിലാത്തറ, ശ്രീകണ്ഠപുരം, പുതിയതെരു, കണ്ണൂർ സിറ്റി, ഇരിട്ടി, ജൂൺ 1-നു തളിപ്പറമ്പ, പിണറായി, തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും.

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനു നേരെ പിണറായി കണ്ട്യൻമുക്കിൽ വെച്ച് വെണ്ടുട്ടായിയിലെ ആർഎസ്എസ് ക്രിമിനൽ സംഘം ആഹ്‌ളാദ പ്രകടനം നടത്തുന്നവർ സഞ്ചരിച്ച വാഹനത്തിനുനേരെ ബോംബെറിഞ്ഞു. പത്തോളം ബോംബുകളാണ് എറിഞ്ഞത്.  വാഹനം അടിച്ചുതകർത്തു. വാഹനത്തിൽ  കുട്ടികൾ ഉൾപ്പെടെ ഉണ്ടായിരുന്നു. വാഹനത്തിൽ നിന്നും തെറിച്ചുവീണ സിപിഐ(എം) പ്രവർത്തകനായ ചേരിക്കലിലെ സി.വി. രവീന്ദ്രനെ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തുകയും വാഹനം കയറ്റി കൊലപ്പെടുത്തുകയും ചെയ്തു.  ബോംബേറിൽ 9 പേർക്ക് സാരമായ പരിക്കുപറ്റി.  ഇവരെ തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.  തലശ്ശേരി സഹകരണാശുപത്രിയിൽ ചികിത്സനേടിയ ജിതിൻ, കൊല്ലപ്പെട്ട രവീന്ദ്രന്റെ മകനാണ്.  

കൂത്തുപറമ്പ് കരേറ്റയിൽ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനുനേരെ കല്ലെറിഞ്ഞു.  പരിക്കുപറ്റിയ ഷിബിൻജിത്തിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നീർവേലിയിൽ ഹോട്ടൽ തൊഴിലാളിയായ ശശീന്ദ്രന്റെ വീട്ടിൽ കയറി ഭാര്യ സാവിത്രി, മക്കൾ ആരോമൽ, അതുൽ എന്നിവരെ ഭീകരമായി മർദ്ദിച്ചു.  ഇരുകാലുകളും തകർന്ന അതുലിനെ മംഗലാപുരം തേജസ്വിനി ഹോസ്പിറ്റലിലും ഗുരുതരമായി പരിക്കേറ്റ സാവിത്രിയെയും ആരോമലിനെയും കണ്ണൂർ എ.കെ.ജി. സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പുദിവസം കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ലോക്കൽ കമ്മിറ്റിയംഗം വി. രാജീവന്റെ വീടിനുനേരെ കല്ലെറിഞ്ഞു ജനൽചില്ലുകൾ പാടേ തകർത്തു.  രാജീവന്റെ ഭാര്യ ഷൈജയുടെ പേരിലുള്ള ദേശാഭിമാനി ഏജൻസി പത്രം വിതരണം ചെയ്യുന്ന വീടുകളിൽ കയറി പത്രം എടുക്കരുതെന്ന് ഭീഷണിപ്പെടുത്തി.  

മെയ് 20ന് രാത്രി കണ്ണവം വെളുമ്പത്ത് ബ്രാഞ്ച് സെക്രട്ടറി സുരേഷ്ബാബുവിന്റെ വീടിനുനേരെ അക്രമം നടത്തി.

ചെറുവാഞ്ചേരിയിൽ മെയ് 17ന് സിപിഐ(എം) ഓഫീസിനു നേരെ ആക്രമണം നടത്തുകയും ബോർഡ് എടുത്തുകൊണ്ടുപോകുകയും ചെയ്തു. 30-ാം തവണയാണ് ഇതേ ഓഫീസ് ആക്രമിക്കുന്നത്.

മട്ടന്നൂർ പഴശ്ശി ഏളക്കുഴിയിൽ ആഹ്ലാദപ്രകടനത്തിനുനേരെ ആക്രമണം നടത്തി.  ജയകൃഷ്ണൻ, ഷിജിൻ എന്നിവർക്ക് വെട്ടേറ്റു. കണ്ണൂർ എ.കെ.ജി. സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.  

പഴശ്ശരി പെരിഞ്ചേരി ബാവോത്ത് പാറയിൽ ആഹ്ലാദപ്രകടനത്തിനുനേരെ ബോംബെറിഞ്ഞ് 2 പേർക്ക് പരിക്കുപറ്റി കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

മരുതായി മേറ്റടി പാർട്ടി ഓഫീസ് നിശ്ശേഷം തകർത്തു.

ചാവശ്ശേരിയിൽ ആഹ്ലാദപ്രകടനത്തിനുനേരെ ബോംബെറിയുകയും വാഹനത്തിന് കേടുപാട് സംഭവിക്കുകയും എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.

പായം ചീങ്ങാക്കുണ്ടത്ത് ആഹ്ലാദപ്രകടനത്തിനുനേരെ നടന്ന ആക്രമണത്തിൽ 3 പേർക്ക് പരിക്കുപറ്റി.  ഇവരെ ഇരിട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഉളിക്കൽ നുച്യാട് ആഹ്ലാദപ്രകടനത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടു.  3 പേരെ കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

പയ്യന്നൂർ കുന്നരുവിൽ പാർട്ടി പ്രവർത്തകനായ സിവി ധനരാജിന്റെ വീടിനുനേരെ മെയ് 21ന് രാത്രി കല്ലെറിഞ്ഞു. 

പെരിങ്ങോം കാഞ്ഞിരപ്പൊയിലിൽ ആഹ്ലാദപ്രകടനത്തിനുനേരെ കല്ലെറിഞ്ഞതിനെ തുടർന്ന് സിപി റഷീദിന് പരിക്കുപറ്റി. ചെറുപുഴ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂമാഹിയിൽ അഴീക്കൽ ശ്രീലേഷിനെ ആക്രമിച്ചു പരിക്കേൽപിച്ചു.  തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊക്ലിയിലെ 4 പേരെ കോഴിക്കോട് അഴിയൂരിൽ വെച്ച് ആക്രമിച്ച് പരിക്കേല്പിച്ചതിനെ തുടർന്ന് തലശ്ശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

പാനൂർ കുറ്റ്യേരി കെ.സി.മുക്കിൽ ആഹ്ലാദപ്രകടനത്തിനുനേരെ കല്ലേറ് നടത്തി.  2 പേർക്ക് പരിക്കുപറ്റി. തലശ്ശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

താഴെ കുന്നോത്തുപറമ്പ് അഹ്ലാദപ്രകടനത്തിനുനേരെ കല്ലേറ് നടത്തി 4 പേർക്ക് പരിക്കുപറ്റി. 

മയ്യിൽ എട്ടേയാറിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ നിധിനെ അടിച്ചുപരിക്കേല്പിച്ചു.

മുണ്ടേരി പടങ്ങോട്ട് കെ. ശ്രീധരൻ, എൻ. പ്രഭാകരൻ എന്നിവരുടെവീടുകൾക്ക് നേരെ ആക്രമണം നടത്തി.

മെയ് 17ന് രാത്രി കുഞ്ഞിമംഗലം തെക്കുമ്പാട് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സെക്രട്ടറിയും പാർട്ടി മെമ്പറുമായ പി. സുരേന്ദ്രനെ വീട്ടിൽ കയറി വലിച്ചിറക്കി അടിച്ചുപരിക്കേല്പിച്ചു.  പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. 

എളയാവൂർ എടച്ചൊവ്വയിൽ ബെയ്‌സൺ, കിരൺ എന്നിവരെ അടിച്ചു പരിക്കേല്പിച്ചു.  എ.കെ.ജി. ആശുപത്രിയിൽ ചികിത്സതേടി.  മൊറാഴ കുഞ്ഞരിയാൽ സി എച്ച് നാരായണൻ മാസ്റ്റർ സ്മാരക മന്ദിരം, മൊറാഴ ഗ്രാമീണ വായനശാല, മാങ്ങാട് കൃഷ്ണപ്പിള്ള സ്മാരക മന്ദികം എന്നിവ 23-നു രാത്രി കല്ലെറിഞ്ഞ് തകർത്തു. കണ്ണോത്തുംചാൽ അഴീക്കോടൻ സ്മാരക മന്ദിരത്തിന് നേരെ 26-നു പുലർച്ചെ ബോംബെറിഞ്ഞ് തകർത്തു. സി പി ഐ (എം) വയലളം ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രന്റെ വീട് ഏറിഞ്ഞ് തകർത്തു, മാഹി ചെമ്പ്രകുന്നിൽ അമൃതേഷ്, മുരളീധരൻ, ലിജേഷ്, ജയൻ എന്നിവരെ അക്രമിച്ച് പരിക്കേൽപ്പിച്ചു.  

ജില്ലയിലാകെ 65-ഓളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 

ജില്ലയിൽ ബി ജെ പി നടത്തിയ അക്രമ പരമ്പരകൾ പരിശോധിച്ചാൽ യഥാർത്ഥ അക്രമകാരികളെ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയണം. ഇക്കാര്യങ്ങൾ മറച്ചുവെച്ചാണ് ബി ജെ പി കള്ള പ്രചാരവേല നടത്തുന്നത്. കോൺഗ്രസുമായി വോട്ട് കച്ചവടം നടത്തിയും പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്ത നിരാശയിൽ നിന്നുമാണ് ബി ജെ പിയുടെ കള്ള പ്രചാരവേല. സംഘപരിവാറിന്റെ വർഗ്ഗിയം പ്രതിരോധിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനം മാത്രമാണ്. എൽ ഡി എഫ് പ്രവർത്തകരെ തെരുവിൽ നേരിടുമെന്ന കേന്ദ്രമന്ത്രിയുടെ പ്രതികരണം ആർ എസ് എസ് ക്രിമിനലുകൾക്ക് പ്രചോദനമാകുന്നതാണ്.

കോൺഗ്രസ് നേതാവ് കെ സുധാകരൻ ആർ എസ് എസ് ക്രിമിനലുകളുമായി ചേർന്ന് സ്വന്തം വീടിനു നേരെ അക്രമണം നടത്തി ഇടതുപക്ഷത്തിനുമേൽ പഴിചാരി എൽ ഡി എഫ് സർക്കാരിന്റെ ജനകീയ സത്യപ്രതിജ്ഞയുടെ മാറ്റ് കുറക്കാനുള്ള നീക്കം പോലീസിന്റെ ഇടപെടലിനെ തുടർന്ന് പൊളിയുകയായിരുന്നു.

എൽ ഡി എഫ് അധികാരത്തിൽ വന്നതോടെ അരാജകത്വം സംഘടിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതിനാണ് സംഘപരിവാർ നീക്കം. ഇടതുപക്ഷ സ്വാധീന കേന്ദ്രങ്ങളിൽ നുഴഞ്ഞ്കയറി സംഘർഷമുണ്ടാക്കി നേട്ടമുണ്ടാക്കാമെന്ന ചിന്തൻബൈഠക് തീരുമാനമാണ് ജില്ലയിൽ നടപ്പിലാക്കുന്നത്. ഇതിനെ മതേതര വിശ്വാസികളെ അണിനിരത്തി നേരിടുക തന്നെ ചെയ്യും. 

കൺവീനർ