കണ്ണൂർ : വരുന്ന മഴക്കാലം രോഗവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനത്തിൽ മുഴുവൻ സി പി ഐ (എം) പ്രവർത്തകരും പങ്കാളികളാവണമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ അഭ്യർച്ചു.
കേരളത്തിൽ പകർച്ചവ്യാധി വ്യാപനം മുൻ വർഷത്തേക്കാൾ 10 ശതമാനമെങ്കിലും വർദ്ധിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഉണ്ടായ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെ ശുചീകരണ പ്രവർത്തനത്തെ കാണാനും ഓടകൾ, മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കാനും സാധിക്കണം. ജൂൺ 1 മുതൽ 5 വരെ നടക്കുന്ന ശുചിത്വ വാരാചരണം വൻ വിജയമാക്കണം. വീടുകൾ സന്ദർശിച്ച് പരിസരം വൃത്തിയാക്കുന്നതിന് നിർദ്ദേശിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും വേണം. തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും സഹായിക്കുകയും വേണം. ജൂൺ 5-നു ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും വിജയിപ്പിക്കണമെന്ന് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.