കണ്ണൂർ : കോർപ്പറേഷൻ ഡപ്യൂട്ടി മേയർക്കെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയവുുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കൽപ്പിത കഥ മാത്രമാണെന്ന്  സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

ഡപ്യൂട്ടി മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരുവിധ വിയോജിപ്പും അഭിപ്രായ വ്യത്യാസവും എൽ ഡി എഫ് മുന്നണിക്കകത്ത് ഉണ്ടായിട്ടില്ല. നിലവിലുള്ള മേയർ ഭരണപാടവമില്ലാത്തവരാണെന്ന വാർത്തയിലെ പരാമർശം വസ്തുതകൾക്ക് നിരക്കുന്നതല്ല. തെരുവ് വിളക്കുകൾ,  മാലിന്യനിർമാർജ്ജനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമാണ് മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. തികച്ചും കാര്യക്ഷമവും പ്രാപ്തവുമായ ഭരണമാണ് കഴിഞ്ഞ 6 മാസക്കാലമായി കോർപ്പറേഷൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മാതൃഭൂമി പത്രത്തിന്റെ ശ്രമങ്ങളെ തള്ളിക്കളയണമെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.