കണ്ണൂർ : സി പി ഐ (എം) ജില്ല സെക്രട്ടറി പി ജയരാജന്റെ മകനെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതിന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ശ്രീമതി ബിന്ദു കൃഷ്ണക്കും വാർത്ത പ്രസിദ്ധീകരിച്ച ദൃശ്യ മാധ്യമങ്ങൾക്കും പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. അഡ്വ: ബി പി ശശീന്ദ്രൻ മുഖേനയാണ് നോട്ടീസ് അയച്ചത്.

തിരുവനന്തപുരത്ത് ജൂലൈ 27-നു നടത്തിയ വാർത്ത സമ്മേളനത്തിൽ തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പത്രസമ്മേളനത്തിൽ പറഞ്ഞതെന്നും നോട്ടീസിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ പ്രേരണക്ക് വഴങ്ങിയാണ് ഇത്തരം തെറ്റായ വാർത്ത പ്രചരിപ്പിച്ചത്.

 

തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് എന്നെയും പാർടിയേയും അപമാനിക്കണമെന്ന് ഉദ്ദേശത്തോടു കൂടിയാണ് ചാനലുകൾ വാർത്ത നൽകിയത്. അതിനാൽ പാർടിയെയും എന്നെയും എന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതിനുള്ള ഈ ആരോപണം പിൻവലിച്ച് നോട്ടീസ് കിട്ടി രണ്ട് ദിവസത്തിനകം പത്രസമ്മേളനത്തിലൂടെ എന്നോടും പ്രേക്ഷകരോടും ഖേദപ്രകടനം നടത്തിയില്ലെങ്കിൽ സിവിലായും ക്രിമിനലായും മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ പറഞ്ഞു.