ജീവിതം പതിതർക്കുവേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ മഹാനായ വിപ്ലവകാരിയായിരുന്നു സുബ്രഹ്മണ്യ ഷേണായി. ഒരു കാലഘട്ടത്തിന്റെ മുഴുവൻ സമരോത്സുകതയും ഏറ്റുവാങ്ങി വിപ്ലവ പ്രസ്ഥാനത്തിനുവേണ്ടി സമർപ്പിച്ച ധന്യ ജീവിതം. കേരളത്തിൽ, വിശേഷിച്ച് ഉത്തരമലബാർ മേഖലയിൽ കമ്യൂണിസ്റ്റ്- കർഷകപ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത മഹാരഥന്മാരായ നേതാക്കൾ- പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ്, കേരളീയൻ, വിഷ്ണുഭാരതീയൻ, കെ പി ആർ, എ വി കുഞ്ഞമ്പു തുടങ്ങിയവരുടെ തലമുറയിലെ തേജസ്സാർന്ന മറ്റൊരു കണ്ണി.
പയ്യന്നൂരിലെ ധനിക കൊങ്ങിണി കുടുംബത്തിൽ ജനിച്ച ഷേണായി വിദ്യാർഥിയായിരിക്കെ ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്ടനായി. 1928ൽ പയ്യന്നൂരിൽ നടന്ന ചരിത്രപ്രസിദ്ധമായ കോൺഗ്രസ് രാഷ്ട്രീയ സമ്മേളനം ജീവിതത്തിൽ വഴിത്തിരിവായി. പതിനെട്ടാം വയസ്സിൽ കോൺഗ്രസിന്റെ മുഴുവൻസമയ പ്രവർത്തകൻ. 1939ൽ പിണറായി പാറപ്രത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണ സമ്മേളനം നടക്കുമ്പോഴേക്കും ഷേണായി ഉറച്ച കമ്യൂണിസ്റ്റ് പ്രവർത്തകനായി മാറിയിരുന്നു.
1940 സെപ്തംബർ 15ന്റെ ഐതിഹാസികമായ മോറാഴ ചെറുത്തുനിൽപിൽ നേതൃപരമായ പങ്ക് വഹിച്ചു. 1946ൽ മദിരാശിയിൽ ഇടക്കാല കോൺഗ്രസ് ഗവൺമെന്റ് അധികാരത്തിൽ വന്ന് വാറണ്ട് പിൻവലിക്കുന്നതുവരെ ഒളിവിൽ. പയ്യന്നൂരിലെ സ്വാതന്ത്ര്യദിന റാലിയിൽവച്ചുഅറസ്റ്റിലായി.
പതിനാറ് വർഷത്തിലധികം പയ്യന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1977ലും 80ലും പയ്യന്നൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതി അംഗവും പ്രസിഡന്റുമായി ദീർഘകാലം പ്രവർത്തിച്ചു.