പയ്യാമ്പലം പാർക്കിൽ സൈനിക ആഫീസർമാർക്ക് അവധിക്കാല വിശ്രമത്തിന് വസതി നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്നും ഡി എസ് സി അധികൃതർ പിൻതിരിയണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കണ്ണൂർ ജില്ലക്ക് അഭിമാനമായ പയ്യാമ്പലം പാർക്കിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഒരു ഭാഗം തിരിച്ച് പിടിക്കാനാണ് ഡി എസ് സി അധികൃതർ ശ്രമിക്കുന്നത്. ഇത് ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുക. ഉപയോഗശൂന്യമായ സ്ഥലം ടൂറിസം വകുപ്പ് നിരവധി വർഷത്തെ ശ്രമഫലമായി ഭീമമായ സംഖ്യ ചിലവഴിച്ച്് വികസിപ്പിച്ചെടുത്തതാണ് പയ്യാമ്പലം പാർക്ക്.

 

പാർക്കിന്റെ പ്രവേശന കവാടം മുതൽ ബീച്ചിലേക്കുള്ള നടപ്പാത വരെ കടലിനോട് ചേർന്ന് നിൽക്കുന്ന സ്ഥലമാണ് തിരിച്ച് പിടിക്കുന്നത്. ഇവിടെ വേനൽകാല വസതി നിർമ്മിച്ചാൽ ബീച്ചിൽ നിന്നുള്ള കടൽ കാഴ്ച പൂർണ്ണമായും മറയപ്പെടുകയാണ് ചെയ്യുക. പ്രതിരോധ സേനക്ക് ഈ ആവശ്യത്തിന് സൗകര്യപ്രദമായ വെറെയും സ്ഥലം ഉണ്ടന്നിരിക്കെ പൊതുജനങ്ങൾ ഉപയോഗിക്കുന്ന മനോഹരമായ പാർക്ക് ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിൽ നിന്നും പ്രതിരോധ വകുപ്പ് പിന്തിരിയണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.