കണ്ണൂർ: 'കണ്ണൂർ കണ്ണ് തുറന്നു തന്നെ' എന്ന സിഡി ഇന്ന് വൈകുന്നേരം മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും. യു ഡി എഫ് ഗവൺമെന്റും, വലതുപക്ഷവും നടത്തുന്ന സി പി ഐ (എം) വിരുദ്ധ അപവാദപ്രചരണങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ  സാക്ഷിയാക്കികൊണ്ടാണ് ഈ പ്രദർശനം മറുപടി പറയുന്നത്. സി പി ഐ (എം)ന്റെ ഓരോ പ്രാദേശിക ഘടകവും അതത് കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ ഈ സിഡി പ്രദർശിപ്പിക്കും. ഇത് കൂടാതെ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ജില്ലയിലെ 200 പ്രധാന കേന്ദ്രങ്ങളിൽ ജൂലായ് 27 മുതൽ 30 വരെയുള്ള തീയ്യതികളിൽ ഇത് പ്രദർശിപ്പിക്കും. ബിജു മുത്തത്തിയും, ബാബുരാജ് മൊറാഴയുമാണ് സിഡിയുടെ ആവിഷ്‌കാരം നിർവഹിച്ചത്.

 

തലശ്ശേരി വർഗീയ കലാപകാലത്ത് വർഗീയ വാദികൾക്കെതിരെ മതസൗഹാർദ്ദ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങളും ,കോൺഗ്രസ്-ആർ എസ് എസ്- ലീഗ്-എൻ ഡി എഫ് തുടങ്ങിയ എല്ലാ സംഘടനകളും ചേർന്ന് നടത്തിയ ആക്രമണങ്ങളെ കുറിച്ചും, സാമ്പത്തികവും, സാംസ്‌കാരികവുമായ മുന്നേറ്റത്തിന് കമ്മ്യൂണിസ്റ്റുകാർ വഹിച്ച പങ്കും, അതിനുവേണ്ടി നടത്തിയ ത്യാഗോജ്വല പോരാട്ടങ്ങളും ഓർമ്മപ്പെടുത്തുന്നതാണ് ഈ സിഡി.