തെളിവെടുപ്പല്ല, സി പി ഐ (എം) നെയും പി. ജയരാജനെയും അപമാനിക്കുന്ന വിധത്തിൽ മാധ്യമ വിചാരണയാണ് സിബിഐ നടത്തുന്നത്.  ആശുപത്രിയിൽ വെച്ചോ ജയിലിൽ വെച്ചോ ജയരാജനെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. കോടതി ഉത്തരവ് വരുമ്പോൾ ജയരാജൻ ആശുപത്രിയിലായിരുന്നു. ചോദ്യം ചെയ്യൽ ആശുപത്രി ഒഴിവാക്കിയത് ഏത് കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണെന്ന് ജനങ്ങൾക്കറിയണം. ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്തിരുന്നുവെങ്കിൽ ജയിൽസൂപ്രണ്ടിന്റെ സാന്നിദ്ധ്യമുണ്ടാകുമായിരുന്നില്ല. ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ സിബിഐ അരിശം കൊണ്ടെന്നും സി ബി ഐ ഉദ്യോഗസ്ഥർ ജയിൽ സുപ്രണ്ടിൽ നിന്നും കത്തെഴുതി വാങ്ങിയെന്നുമുള്ള റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുകയാണ്.  ചോദ്യം ചെയ്യുമ്പോൾ ജയിൽ സുപ്രണ്ടിന്റെ സാന്നിധ്യം മൂലം തങ്ങൾക്ക് ശരിയായി ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും തങ്ങളുടെ കേമ്പിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും കോടതിയോട് ആവശ്യപ്പെടാൻ സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് സുപ്രണ്ട് ചെയ്തത്.     രണ്ടുകൂട്ടരും നടത്തുന്നത് ഒത്തുകളിയാണ്.  ആർഎസ്എസ് കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്.  1999ൽ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ആർഎസ്എസ് ജില്ലാ കാര്യവാഹ് ശശിയും മനോജും ഉൾപ്പെടെയുള്ളവർ.  അത്തരമാളുകളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സിബിഐയോട് പറഞ്ഞതായി വാർത്തകൾ സൃഷ്ടിക്കുന്നത് പി ജയരാജനെ ജനങ്ങളുടെ മുമ്പിൽ അപമാനിക്കാനാണ്. ഒപ്പം ഹൈക്കോടതിയിലെ ജയരാജൻ വധശ്രമക്കേസിലെ അപ്പീലിൽ ആർഎസ്എസ്സുകാരെ രക്ഷപ്പെടുത്താനുള്ള നീക്കവുമാണ്.   അന്വേഷണസംഘമോ സൂപ്രണ്ടോ അല്ലാതെ മറ്റാരുമില്ലാത്ത മുറിയിൽ നടന്ന കാര്യങ്ങൾ എങ്ങനെ പുറത്തുവരുന്നു?  ചോദ്യം ചെയ്യലിലൂടെ സിബിഐ അടക്കമുള്ള അന്വേഷണസംഘങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് വിവിധ ഘട്ടങ്ങളിൽ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. മൊഴികളുടെ രഹസ്യ സ്വഭാവമാണ് സൂക്ഷിക്കാതൈ മാധ്യമങ്ങൾക്ക് ചോർത്തികൊടുക്കുന്നതും വളച്ചൊടിച്ച് വാർത്ത നൽകുന്നതും നിയമവിരുദ്ധമാണ്. 

ചോദ്യംചെയ്യുന്ന സ്ഥലത്തുണ്ടായിരുന്നവരുടെ സെൽഫോൺ കാൾലിസ്റ്റുകൾ പരിശോധിക്കണം.  ആരാണ് മാധ്യമവിചാരണക്ക് സഹായകമായ വിവരങ്ങൾ കൈമാറിയതെന്ന് കണ്ടെത്തണം.  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വസ്തുതയല്ലെങ്കിൽ അന്വേഷണസംഘം അക്കാര്യം തുറന്നുപറയണം.  ജയരാജൻ വധശ്രമക്കേസിൽ ജില്ലാകോടതി ശിക്ഷിച്ച ശശി കതിരൂർ കേസിലെ ഒന്നാം സാക്ഷിയാണ്. ആർഎസ്എസ്സിന്റെ ഈ ജില്ലാ നേതാവിനെ രക്ഷിക്കുമെന്ന് സിബിഐ അന്വേഷണസംഘം ആർഎസ്എസ്സ് നേതൃത്വത്തിന് ഉറപ്പുകൊടുത്തിരിക്കുകയാണ്.  അന്വേഷണസംഘത്തിൽ പത്തുപേരാണ് ചോദ്യം ചെയ്യലിന് നേതൃത്വം കൊടുത്തത്.  അതിൽ ചില ഉദ്യോഗസ്ഥന്മാർ വിവാദ നായകരാണ്.  ഫസൽ കേസിൽ കള്ളത്തെളിവുണ്ടാക്കിയവരാണ്.  അതിനെതിരായി വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു.  അതിനെതുടർന്ന് കതിരൂർ കേസ് അന്വേഷണസംഘത്തിൽ ഉൾപ്പെടാതിരുന്ന വിവാദനായകരായ ഉദ്യോഗസ്ഥന്മാരും ജയരാജനെ ചോദ്യം ചെയ്യാനെത്തിയവരുടെ കൂട്ടത്തിലുണ്ട്്.  കതിരൂർ കേസിലെ പ്രതിയായ കൃഷ്ണനെ ചോദ്യം ചെയ്യുന്നതിനിടയിൽ മർദ്ദിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഇക്കൂട്ടരിൽ പ്രധാനി.  സിപിഐ(എം)നെ തകർക്കുമെന്ന് പ്രതിജ്ഞയെടുത്ത ഉദ്യോഗസ്ഥനാണിയാൾ.

തനിക്ക് കതിരൂർ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് 2016 ഫിബ്രവരി 11-നു കോടതിയിൽ ഹാജരാകുമ്പോൾ ജയരാജൻ സത്യവാങ്മൂലം നൽകിയിരുന്നു. സിബിഐ നേരത്തെ 6 മണിക്കൂർ കസ്റ്റഡിയിൽ വെച്ചുതന്നെ ജയരാജനെ ചോദ്യം ചെയ്തതുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് നാലുതവണ ആൻജിയോപ്ലാസ്റ്റി നടത്തിയ ഹൃദ്രോഗിയും 99ലെ വധശ്രമത്തെ തുടർന്ന് ശാരീരിക വൈകല്യവും അഭിമുഖീകരിക്കുന്ന ജയരാജനെ കോടതി സിബിഐയുടെ കസ്റ്റഡിയിൽ വിടാതിരുന്നത് ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് പരിശോധിച്ച് ജഡ്ജി വിധിയിൽ തന്നെ സൂചിപ്പിച്ച കാര്യമാണ്.  എന്നിട്ടും ആഭ്യന്തര മന്ത്രി പറയുന്നത് ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് ജയരാജന് രോഗമെന്നാണ്. ഇത് മന്ത്രി പദവിക്ക് യോജിച്ചതല്ല.    

ജയരാജനെ രക്ഷിക്കാൻ യു ഡി എഫ് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന ആർ എസ് എസ് കണ്ടുപിടിത്തം പരിഹാസ്യമാണ്. ചികിത്സിച്ച ആശുപത്രിയിൽ തുടർ ചികിത്സ നിഷേധിച്ചതും ആംബുലൻസിൽ കൊണ്ടുപോയി അപകടപ്പെടുത്തുകയും ചെയ്തത് ആർ എസ് എസിനും വേണ്ടി യു ഡി എഫ് സർക്കാരാണ്. വിവിധ ആശുപത്രികളിൽ ജയരാജനെ ചികിത്സിച്ച ഡോക്ടർമാരും മെഡിക്കൽ ബോർഡും ഒരു കാര്യത്തിൽ ഏകാഭിപ്രായത്തിലാണ്. നാല് തവണ ആൻജിയോപ്ലാസ്റ്റി നടത്തിയ ജയരാജന് ഹൃദ്‌രോഗ വിഭാഗം ഡോക്ടർമാരുടെ തുടർ പരിശോധനയും ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സയും ആവശ്യമാണെന്നാണ് എല്ലാ മെഡിക്കൽ റിപ്പോർട്ടിലുമുള്ളത്.

ഹൃദ്‌രോഗം പോലുള്ള മാരക രോഗമൊന്നും ഒരാൾക്കും കൃത്രിമമായി ഉണ്ടാക്കാൻ കഴിയുന്നതല്ല. ജയരാജൻ മുമ്പ് ദിവസംതോറും 12 ഗുളികകളാണ് കഴിച്ചിരുന്നത്. ഒരു മാസത്തെ പരിശോധനക്ക് ശേഷം ഇപ്പോൾ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് പ്രതിദിനം 21 ഗുളികകൾ കഴിക്കാനാണ് ഒരു ഹൃദ്‌രോഗിക്ക് വേണ്ടത് ആവശ്യമായ പരിചരണവും വ്യായാമവും വിശ്രമവുമാണ്. കാർഡിയോളജി ഡോക്ടർമാരില്ലാത്ത ജില്ലാ ആശുപത്രിയിൽ ജയരാജനെ ചികിത്സിക്കണമെന്ന ആർ എസ് എസ് വാദവും ജയരാജന് ഒരു രോഗവുമില്ലെന്ന് വിദഗ്ദ ഡോക്ടർമാരെപോലെ അഭിപ്രായപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ വാദവും ഇകൂട്ടർ സയാമീസ് ഇരട്ടകളാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. 

സിബിഐ മാധ്യമങ്ങൾക്കല്ല റിപ്പോർട്ട് നൽകേണ്ടത്, കോടതിയിലാണ്. വിവരങ്ങൾ  മാധ്യമങ്ങൾക്ക് ബോധപൂർവ്വം ചോർത്തികൊടുത്ത് മാധ്യമ വിചാരണക്ക് നേതൃത്വം കൊടുക്കുന്നവരും അതിന് ഗൂഢാലോചന നടത്തുന്ന രാഷ്ട്രീയ നേതൃത്വത്തെയും ജനങ്ങൾ തിരിച്ചറിയും.

പുന്നാട് എൻ ഡി എഫ് പ്രവർത്തകൻ മുഹമ്മദ് വധകേസിലെ പ്രതിയായ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി ഒളിവിൽ പോയത് ജനങ്ങൾ മറന്നിട്ടില്ല. അതുപോലെ ഇ പി ജയരാജൻ വധശ്രമ കേസിൽ പ്രതിയായി റിമാന്റിലായ കോൺഗ്രസ് നേതാവ് കെ സുധാകരൻ രക്ഷപ്പെടാൻ സ്വകാര്യ  ചികിത്സ തേടുകയായിരുന്നു. 

പീഢനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.