സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലടക്കാന്‍ ആര്‍എസ്എസും സിബിഐയും ഒരേതന്ത്രം പ്രയോഗിക്കുന്നു. ഈ വിഷയത്തില്‍ പകയോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ അതേഭാഷയാണ് സിബിഐ പിന്‍പറ്റിയിരിക്കുന്നത്. കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്റെ ജാമ്യത്തെ എതിര്‍ത്ത് സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാക്കുകള്‍ ആര്‍എസ്എസിന്റെതാണ്. ജയരാജനെ അറസ്റ്റ്ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  സിബിഐയെ കുറ്റപ്പെടുത്തി ആര്‍എസ്എസ് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാക്ക് അയച്ച കത്തിലെ വരികളാണ് സിബിഐയും ബുധനാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജയിലുള്ളതെന്നത് യാദൃശ്ചികമല്ല. സംഘപരിവാര ഉപശാലകളില്‍ അരങ്ങേറിവരുന്ന ഗൂഢാലോചനയുടെ ആയുധമായാണ് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്ന വാദം ശരിവെക്കുന്നതാണ് സിബിഐയുടെ ഒടുവിലത്തെ നീക്കവും.

ജയരാജനാണ് കതിരൂര്‍ മനോജ്‌വധക്കേസിലെ ബുദ്ധികേന്ദ്രമെന്നാണ് സിബിഐ ഹര്‍ജിയില്‍ ആക്ഷേപിച്ചിരിക്കുന്നത്.ഏറെക്കാലമായി സംഘപരിവാരം പ്രചരിപ്പിക്കുന്ന നുണയാണിത്. ജയരാജനെ അറസ്റ്റ്ചെയ്ത് വലയിലാക്കി സിപിഐ എമ്മിന്റെ കണ്ണൂരിലെ മുന്നേറ്റത്തിന്റെ മുനയൊടിക്കാമെന്ന വ്യാമോഹത്തില്‍ ആര്‍എസ്എസ് സൃഷ്ടിച്ച കള്ളക്കഥയാണിത്. സിബിഐ ഹര്‍ജി നല്‍കിയ അതേസമയത്താണ് ജയരാജനെ അറസ്റ്റ്ചെയ്യാത്തതില്‍ കലിപൂണ്ട് ആര്‍എസ്എസ് നേതാക്കള്‍ അമിത്ഷാക്ക് അയച്ച കത്ത് പുറത്തുവന്നത്. രാഷ്ട്രീയ എതിരാളിക്കെതിരായുള്ള ആര്‍എസ്എസിന്റെ വാക്കുകള്‍ സിബിഐ നീതിപീഠത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ പകയുടെ രാഷ്ട്രീയ ഉപകരണമായി ആ ഏജന്‍സി അധപതിച്ചുവെന്ന് പകല്‍പോലെ വ്യക്തമാവുകയാണ്.

മനോജ് വധകേസില്‍  നേരത്തെ പി ജയരാജനില്‍നിന്ന് സിബിഐ മൊഴിയെടുക്കുകയും വെറുതെ വിടുകയും ചെയ്തതാണ്. ആ കേസിലാണ്  ഇപ്പോള്‍ പ്രതിയും മുഖ്യകണ്ണിയുമാക്കിയിരിക്കുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ പി ജയരാജന്‍ പ്രതിയല്ലെന്ന് പറഞ്ഞ സിബിഐ ഹൈക്കോടതിയിലെത്തിയപ്പോള്‍  മാറ്റി പറയുകയാണ്. ഗൂഢാലോചന കേസില്‍ പി ജയരാജന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള ഒന്നും ഹാജരാക്കാന്‍ കഴിയാത്ത സിബിഐ ആണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത്. 

മനോജ് വധക്കേസില്‍ ബുദ്ധികേന്ദ്രം പി ജയരാജനാണെന്നും മറ്റ് പല കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും പി ജയരാജനാണെന്നുമാണ് സത്യവാങ് മൂലത്തില്‍ പറയുന്നത്. കേസില്‍ സിപിഐ എം നേതാക്കളുടെ പങ്ക് പുറത്ത്കൊണ്ടുവരാന്‍ സിബിഐ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ആര്‍എസ്എസ് അമിത് ഷാക്കയച്ച കത്തിലും ഇതേ വാചകങ്ങളുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായി പി ജയരാജനെ കേസില്‍ കുടുക്കാനുള്ള ആര്‍എസ് എസ് നീക്കമാണ് സിബിഐയുടെ ഇടപെടലിന് പിന്നിലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര ഭരണത്തെ ഉപയോഗിച്ച് സിബിഐയെ കൊണ്ട് പി ജയരാജനെ പ്രതിപട്ടികയില്‍ ചേര്‍ത്തത് ഇതിനാണ്. ഇതിനെതിരെ പി ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബിഐ സത്യവാങ്മൂലം നല്‍കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഐഎമ്മിനെ ശരിപ്പെടുത്താന്‍ കേന്ദ്രഭരണാധികാരികളായ ബിജെപിയും സംസ്ഥാനത്തെ യുഡിഎഫ് ഭരണവും ഒരേമനസോടെ പ്രവര്‍ത്തിക്കുന്നുവെന്ന്കൂടി  ഇതില്‍ നിന്ന് മനസിലാക്കാം. കഴിഞ്ഞ ദിവസം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യുഷന്‍സിനെ ഉപയോഗിച്ചായിരുന്നു ഉമ്മന്‍ചാണ്ടി ഭരണം ഹൈക്കോടതിയില്‍ രാഷ്ട്രീയ നീക്കം നടത്തിയത്. സമാനമായ കുടിലനീക്കമാണ്സിബിഐ വഴി  ബിജെപിയും ആര്‍എസ്എസും  നടത്തിയിട്ടുള്ളതും. 

(കടപ്പാട്:ദേശാഭിമാനി)