Article Index

മോഡിപ്രഭാവംകൊണ്ടും വെള്ളാപ്പള്ളിപ്രതിഭാസംകൊണ്ടും കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ ആര്‍എസ്എസ് കൊതിച്ചിരുന്നു. ആ മോഹം ഫലവത്താകുന്നതിന്റെ ലക്ഷണങ്ങളില്ല. 87 മുനിസിപ്പാലിറ്റിയുള്ളതില്‍ പാലക്കാട്ട് ചെയര്‍മാന്‍ സ്ഥാനം കിട്ടിയതും വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ മുന്നിലെത്തിയതും തിരുവനന്തപുരം കോര്‍പറേഷനിലെ പ്രകടനവുമൊഴികെ ബിജെപി അത്ഭുതങ്ങളൊന്നും കാണിച്ചിട്ടില്ല. സംസ്ഥാനത്ത് എട്ട് പതിറ്റാണ്ടുമുമ്പുതന്നെ വിലാസമുണ്ടാക്കാന്‍ ശ്രമിച്ച ആര്‍എസ്എസിന്റെ വഞ്ചി ഇപ്പോഴും കരയ്ക്കടുത്തിട്ടില്ല. അത് സാധ്യമാകാത്തത് കേരളത്തിലെ ജനങ്ങള്‍ മതനിരപേക്ഷമായി ചിന്തിക്കുകയും രാഷ്ട്രീയവും മതവും രണ്ടാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നതുകൊണ്ടാണ്. കോണ്‍ഗ്രസും മുസ്ളിംലീഗും ബിജെപിയും (കോലീബി) ചേര്‍ന്ന് മത്സരിച്ചപ്പോള്‍പ്പോലും ആ മുക്കൂട്ടുമുന്നണിയ പരാജയപ്പെടുത്തി മതനിരപേക്ഷ ചേരിയായ ഇടതുപക്ഷത്തിന് കണ്ണഞ്ചിപ്പിക്കുന്ന വിജയം നല്‍കിയ പാരമ്പര്യമാണ് കേരളത്തിന്റേത്. അങ്ങനെയുള്ള മഹിതപാരമ്പര്യത്തെ തകര്‍ത്ത് കേരളീയരെ ജാതി– മത അടിസ്ഥാനത്തില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള ശ്രമം ആരുനടത്തിയാലും വിജയിക്കില്ല എന്നതിന്റെ അസന്ദിഗ്ധമായ പ്രഖ്യാപനമാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലം.  

ഇന്ത്യയില്‍ ഏറ്റവുമധികം ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്കാണ് തലശേരി. അവിടെ സംഘടനാരൂപവും അക്രമങ്ങളിലെ നായകത്വവുമല്ലാതെ ജനങ്ങള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനം സംഘത്തിനില്ല. 1929 മുതല്‍ ആര്‍എസ്എസ് നേതൃത്വം മലബാറിലും തുടര്‍ന്ന് തിരു– കൊച്ചി പ്രദേശങ്ങളിലും കണ്ണുവച്ചിട്ടുണ്ട്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന കക്ഷികള്‍, രാഷ്ട്രീയ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടിക്കപ്പെടുക. ആര്‍എസ്എസ് അത്തരമൊരു കക്ഷിയല്ല. അത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായ സംഘടനയാണ്. "ഹിന്ദുരാഷ്ട്ര സിദ്ധാന്തമാണ് ശരിയായ ദേശീയ സിദ്ധാന്തം, ഹൈന്ദവ സംഘടനയാണ് ദേശത്തിന്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും ഭാസുരതയ്ക്കും അനിവാര്യമായ അടിസ്ഥാനം'' (ആര്‍എസ്എസ് നവോത്ഥാനത്തിന്റെ സാരഥി, കുരുക്ഷേത്ര, പേജ് 86) എന്നാണ് അത് പറയുന്നത്. അതിനര്‍ഥം, ആര്‍എസ്എസ് നിര്‍വചനപ്രകാരമുള്ള ഹിന്ദുവല്ലാത്ത ഏതൊരാള്‍ക്കും അന്യമാണ് ഇന്ത്യ എന്നാണ്. വ്യത്യസ്ത മതങ്ങള്‍ നിലനില്‍ക്കുന്ന, മതനിരപേക്ഷ ചിന്തയ്ക്ക് വേരോട്ടമുള്ള ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റണം എന്ന സിദ്ധാന്തം രാഷ്ട്രത്തിന്റെ ഭരണഘടനയ്ക്കും നിലനില്‍പ്പിനുതന്നെയും വിപത്താണ്. ഭരണഘടനാപരമായി രാഷ്ട്രീയ പാര്‍ടിയായി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസിന് കഴിയില്ല. മതേതരത്വം പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴില്‍, മതരാഷ്ട്രത്തിന്റെ വക്താക്കള്‍ക്ക് രാഷ്ട്രീയ പാര്‍ടിയായി പ്രവര്‍ത്തിക്കാനുള്ള അനുവാദമില്ല എന്നതുകൊണ്ടാണ്, സാംസ്കാരിക സംഘടന എന്ന പ്രച്ഛഹ്നവേഷം ആര്‍എസ്എസ് അഴിച്ചുമാറ്റാത്ത്. എന്നാല്‍, 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നേരിട്ട് രാഷ്ട്രീയത്തിലേക്ക് വരുന്നതും മുമ്പ് ഒളിവിലും മറവിലും ബിജെപിയെ നിയന്ത്രിച്ചിരുന്നവര്‍ പരസ്യമായിത്തന്നെ രാഷ്ട്രീയ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നതും നാം കണ്ടു.

ബിജെപിയുടെ സംഘടനാ രൂപം സ്വതന്ത്രമല്ല. ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാറിലെ ഒരു കണ്ണി മാത്രമാണ് ആ കക്ഷി.  ബിജെപിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനോ, സ്വന്തം നിലയില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാനോ കഴിയില്ല. ആര്‍എസ്എസ് നല്‍കുന്ന ആജ്ഞകള്‍ അനുസരിക്കാന്‍ നിയോഗിക്കപ്പെട്ട രാഷ്ട്രീയ ഏജന്‍സി എന്നതിലപ്പുറമുള്ള പ്രസക്തി ബിജെപിക്കില്ല. അതുകൊണ്ടാണ്, ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാവായ എല്‍ കെ അദ്വാനിയെ അവഗണനയുടെ പിന്നാമ്പുറത്തേക്ക് തള്ളിയതും സ്വയംസേവകനായ നരേന്ദ്ര മോഡിയെ  പകരം പ്രതിഷ്ഠിച്ചതും. അതതു സമയത്തെ നേട്ടത്തിനുവേണ്ടി മുതിര്‍ന്ന നേതാവിനെയെന്നല്ല എന്തിനെയും തള്ളിപ്പറയാനും നശിപ്പിച്ചുകളയാനും ആര്‍എസ്എസ് മടിക്കാറില്ല. ബിജെപി എന്ന രാഷ്ട്രീയ പാര്‍ടി നയിക്കപ്പെടുന്നത് ആര്‍എസ്എസിന്റെ ആജ്ഞാനുസരണമാണെന്ന് തുറന്നുസമ്മതിക്കാന്‍ ആ കക്ഷിക്കും ആര്‍എസ്എസ് നേതൃത്വത്തിനും സങ്കോചമില്ലാതായി എന്നതാണ് 2014ലെ പൊതുതെരഞ്ഞെടുപ്പോടെ വന്ന സവിശേഷാവസ്ഥ. പതിറ്റാണ്ടുകള്‍ ജനസംഘത്തെയും തുടര്‍ന്ന് ബിജെപിയെയും നയിച്ച പരിചയസമ്പന്നരായ നേതാക്കള്‍ക്കുമുന്നിലൂടെ മഹാരാഷ്ട്രയിലെ വ്യവസായി നിധിന്‍ ഗഡ്കരി ബിജെപി അധ്യക്ഷ പദവിയിലെത്തിയത് മേല്‍ സൂചിപ്പിച്ച പ്രവണതയുടെ ഒരുദാഹരണം. മോഡിസര്‍ക്കാര്‍ വന്നതോടെ അമിത് ഷായാണ്് ബിജെപിയുടെ അധ്യക്ഷന്‍. ഗുജറാത്തിന്റെ നാലതിരുകളിലൊതുങ്ങി, വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയപരീക്ഷണങ്ങള്‍ നടത്തിയ അമിത് ഷാ ഡല്‍ഹിയിലെ നേതൃസ്ഥാനത്തേക്ക് പൊടുന്നനെ നിയോഗിക്കപ്പെട്ടത് ആര്‍എസ്എസ് തീരുമാനമനുസരിച്ചാണ്. അതിലൂടെ ബിജെപിയുടെ നിയന്ത്രണം ഫലത്തില്‍ നാഗ്പുരിലെ ഹെഡ്ഗേവാര്‍ ഭവനിലായി (ആര്‍എസ്എസ് ആസ്ഥാനം). സര്‍ക്കാര്‍ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും ഫയലുകളുമായി ആര്‍എസ്എസിനെ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും ചെന്നപ്പോള്‍, ഭരണഘടനാബാഹ്യമായി നിയന്ത്രിക്കപ്പെടുന്ന സര്‍ക്കാരാണ് നരേന്ദ്ര മോഡിയുടേതെന്ന് അവര്‍തന്നെ സമ്മതിക്കുന്ന നിലയാണുണ്ടായത്.

ഈ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി മാത്രമേ കേരളത്തില്‍ കുമ്മനം രാജശേഖരന്‍ എന്ന ഹിന്ദു ഐക്യവേദി നേതാവ് പൊടുന്നനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടതിന്റെ രസതന്ത്രം പരിശോധിക്കാനാകൂ. ബിജെപിയില്‍ മിസ്ഡ് കോള്‍ അംഗത്വമില്ലെങ്കില്‍പ്പോലും ആ പാര്‍ടിയുടെ പരമോന്നത സ്ഥാനത്ത് നിയോഗിക്കപ്പെടാം. ഡല്‍ഹിയില്‍ ചെന്ന് 'സ്ഥാനം ഏറ്റുവാങ്ങുന്ന'തുവരെ കുമ്മനം രാജശേഖരന്‍ കേരളത്തിലെ വര്‍ഗീയവിഷയങ്ങളില്‍ ഇടപെടുന്ന വിവിധ സംഘടനകളുടെ നേതാവായിരുന്നു. ഒരുദിവസംപോലും ബിജെപിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത അദ്ദേഹത്തെ, പതിറ്റാണ്ടുകളുടെ അനുഭവമുള്ള ബിജെപിയിലെ എല്ലാ നേതാക്കളെയും നോക്കുകുത്തിയാക്കിയാണ് ആര്‍എസ്എസ് നിയമിച്ചത്.

കുമ്മനത്തിന് പിന്നാലെ ആര്‍എസ്എസിന്റെ ഡസന്‍ കണക്കിന് നേതാക്കള്‍ ബിജെപിയുടെ വേഷമണിയാന്‍ പോകുന്നു. ആരാണവര്‍? പ്രാദേശികമായി കണ്ടുമുട്ടുന്ന ആര്‍എസ്എസുകാരോട് ചോദിച്ചുനോക്കൂ– മേഖലയിലെ വിഭാഗ് പ്രചാരക് ആരാണെന്ന്്. അയാളുടെ വീടെവിടെ, മറ്റു വിവരങ്ങളെന്തൊക്കെ എന്ന്. ഉത്തരം കിട്ടില്ല. ചന്ദ്രേട്ടന്‍, കൃഷ്ണേട്ടന്‍, രാജേട്ടന്‍ തുടങ്ങിയ വിളികളല്ലാതെ ആര്‍എസ്എസ് പ്രചാരകരുടെ ഒരു വിവരവും സ്വയംസേവകര്‍ക്കുതന്നെ ഉണ്ടാകില്ല. അങ്ങനെ രഹസ്യാത്മകത പുലര്‍ത്തിയും ദുരൂഹമായും ഇടപെടുന്ന സംഘടനയാണത്. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ആര്‍എസ്എസ് സൂക്ഷിക്കാറില്ല. യോഗങ്ങള്‍ക്ക് മിനിറ്റ്സ് എഴുതാറില്ല. അത്തരമൊരു സംഘടനയുടെ രാഷ്ട്രീയദല്ലാള്‍മാരായാണ് ബിജെപി പ്രവര്‍ത്തിക്കുന്നത് എന്ന യാഥാര്‍ഥ്യം മറ്റെല്ലാ പാര്‍ടികളില്‍നിന്നും അതിനെ വേര്‍പെടുത്തി നിര്‍ത്തുന്നു.

ആര്‍എസ്എസിന്റെ പതാക 'ഭഗവദ്ധ്വജ'മാണ്. ദൈവത്തിന്റെ; ഹിന്ദു ദൈവത്തിന്റെ കൊടി. അതിന്റെ ആയുധ പരിശീലനം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്. ആയുധശേഖരണം അമ്പലത്തിലാണ്. മതമാണ് അതിന്റെ സ്ഥിരനിക്ഷേപം. അതിന്റെ പലിശ വാങ്ങി ജീവിക്കുന്നവര്‍ക്ക് വൈകാരികമായ സംഘാടനവും വിദ്വേഷത്തിന്റെ ഉല്‍പ്പാദനവും പ്രയാസകരമായ ഒന്നല്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പതാകയുമായി താരതമ്യം ചെയ്യുക– തൊഴിലാളിയുടെ അധ്വാനത്തെ പ്രതീകവല്‍ക്കരിക്കുന്ന ചുറ്റികയും കര്‍ഷകനെ പ്രതിനിധാനംചെയ്യുന്ന അരിവാളുമാണ് അതിലെ അടയാളം. കമ്യൂണിസ്റ്റ് പാര്‍ടി അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിക്കുമ്പോള്‍ ആര്‍എസ്എസ് മതത്തിന്റെ അടിസ്ഥാനത്തില്‍ വികാരവും വിദ്വേഷവും കെട്ടഴിച്ചുവിട്ട് സംഘാടനം നടത്തുന്നു. സങ്കുചിത ചിന്തകളുയര്‍ത്തിയുള്ള വൈകാരികമായ സംഘാടനം താരതമ്യേന എളുപ്പമാണ്; വിനാശകരവും. അത്തരം എളുപ്പവഴിയില്‍ ലക്ഷ്യത്തിലെത്താന്‍ കേന്ദ്രഭരണത്തിന്റെ തണലും തുണയുമുണ്ടായിട്ടുകൂടി ആര്‍എസ്എസിന് കഴിയുന്നില്ല എന്നതിലാണ് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ ഔന്നത്യവും ദൃഢതയും കാണാനാകുന്നത്. എന്നാല്‍, പരാജിതന്റെ പകയോടെ ആര്‍എസ്എസ് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ ആക്രമിക്കുന്നത് തുടരുകയാണ്. പലവട്ടം ആവിഷ്കരിച്ച് പരാജയപ്പെട്ട പരീക്ഷണങ്ങള്‍ പുതിയ രൂപത്തില്‍ ആവര്‍ത്തിക്കുകയാണ്. നവംബര്‍ മൂന്നാംവാരം ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് നേരിട്ട് പങ്കെടുത്ത് കണ്ണൂരില്‍ ചേര്‍ന്ന സവിശേഷ സമന്വയ ബൈഠക് അത്തരമൊരു ശ്രമത്തിന്റെ വേദിയായിരുന്നു.