പ്രൊഫ. വി എന്‍ മുരളി

സംഘടനാരൂപത്തില്‍ ജര്‍മനിയിലെ ഫാസിസത്തെയും നാസിസത്തെയും അനുകരിക്കുന്ന ഇന്ത്യയിലെ സംഘപരിവാരം മതരാഷ്ട്രീയത്തില്‍ ഇസ്ലാമിക തീവ്രവാദത്തെയാണ് മാതൃകയാക്കുന്നത്. ബ്രിട്ടീഷുകാര്‍പോലും ഇന്ത്യനെഴുത്തുകാരെ വെടിവച്ച് കൊല്ലുകയോ വിമര്‍ശിച്ചതിന്റെ പേരില്‍ തൂക്കിക്കൊല്ലുകയോ ചെയ്തിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഭടന്മാരും കമ്യൂണിസ്റ്റുകാരുമൊന്നും ഇന്ത്യയിലിന്ന് കാണുമായിരുന്നില്ല. കോളനി ഭരണകര്‍ത്താക്കളേക്കാള്‍ ക്രൂരന്മാരായിത്തീര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ഭരണകൂടം. 2013ല്‍ എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമായിരുന്ന ഡോ. നരേന്ദ്ര ധാബോല്‍ക്കറെ വെടിവച്ചുകൊന്നു. 2015 ജനുവരിയില്‍ ഗോവിന്ദ് പന്‍സാരയെ വധിച്ചു. 2015 ആഗസ്ത് 30ന് ഡോ. എം എം കലബുര്‍ഗിയെ കൊന്നു. കെ എസ് ഭഗവാന്‍ എന്ന ബുദ്ധിജീവിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുകയാണ്. കേരളത്തില്‍ മതനിരപേക്ഷ ബുദ്ധിജീവിയും സാഹിത്യവിമര്‍ശകനുമായ ഡോ. എം എം ബഷീര്‍ രാമായണപഠനങ്ങള്‍ എഴുതി എന്നതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ഭീഷണി ഉയര്‍ന്നിരിക്കുന്നു. മാപ്പിള രാമായണം എന്നൊരു രാമായണം പണ്ടുമുതല്‍ക്കേ നിലനിന്ന നാടാണിത്. 1924ല്‍ ആര്‍എസ്എസ് രൂപീകരിക്കുന്നതിന്മുമ്പേ മാപ്പിള രാമായണം കേരളത്തിലുണ്ട്.

ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ ബംഗ്ലാദേശിലെ മുസ്ലിംതീവ്രവാദികളെയാണ് അനുകരിക്കുന്നത്. ബംഗ്ലാദേശില്‍ എഴുത്തുകാര്‍ മുസ്ലിംതീവ്രവാദികളാല്‍ വധിക്കപ്പെടുകയാണ്. 1994ല്‍ എഴുത്തുകാരി തസ്ലീമാ നസ്രീന്‍ വധഭീഷണിയെ തുടര്‍ന്ന് ബംഗ്ലാദേശ് വിട്ടു. 2013ല്‍ അഹമ്മദ് റെജീബ് ഹൈദര്‍ കൊലചെയ്യപ്പെട്ടു. 2015ല്‍ ബ്ലോഗ് എഴുത്തുകാരനായ അഭിജിത് റോയിയെ കൊന്നു. ഇന്ത്യയിലും ബുദ്ധിജീവികളും മതനിരപേക്ഷ എഴുത്തുകാരും വധിക്കപ്പെടുകയും വധഭീഷണി നേരിടുകയും ചെയ്യുന്നു. രാജാറാം മോഹന്‍ റോയി മുതല്‍ ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും വരെയുള്ള നവോത്ഥാന ചിന്തകരും യോഗിവര്യന്മാരും മനസ്സിലാക്കി വ്യാഖ്യാനിച്ച ഹിന്ദുമതമോ ആത്മീയതയോ അല്ല ആര്‍എസ്എസ് കൊണ്ടുവരുന്ന ഹിന്ദുമതം. നാരായണഗുരുവിന്റെ തലമുറ ആത്മീയതയിലൂടെ മനുഷ്യനെ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ സംഘപരിവാരം ആത്മീയത ഉപയോഗിച്ച് മനുഷ്യനെ കൊല്ലുകയാണ് ചെയ്യുന്നത്. ഇവരെ നിലയ്ക്കുനിര്‍ത്താന്‍ സംഘടിത മനുഷ്യശക്തിക്ക് മാത്രമേ സാധ്യമാകൂ. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. ആ അവകാശം ഉപയോഗിച്ചതിനാണ് കലബുര്‍ഗി രക്തസാക്ഷിയായത്. ആളിനെ കൊല്ലാം; പക്ഷേ ആശയങ്ങളെ വധിക്കാനാവില്ല എന്നതിന്റെ തെളിവാണ് ഇന്ത്യയിലാകെ ഈ കൊലപാതകത്തിനെതിരെ ഉയരുന്ന പ്രതിഷേധം.

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അടുത്ത കാലത്തുപറഞ്ഞത് ഇന്ത്യയുടെ ശത്രുക്കള്‍ അഞ്ച് "എം'കള്‍ ആണെന്നാണ്. മുസ്ലിം, മിഷനറിമാര്‍, മെക്കാളെയിസം, മെറ്റീരിയലിസം, മാര്‍ക്സിസം- ഈ അഞ്ച് "എം'കളെയും തുടച്ചുനീക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യം. ഗോള്‍വാള്‍ക്കരുടെ വിചാരധാരയില്‍ പറഞ്ഞിരുന്നത് മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്ന് മൂന്നു "ശത്രുക്കളെ' കുറിച്ചുമാത്രമാണ്. ഇപ്പോള്‍ അത് അഞ്ചായി വര്‍ധിച്ചു. പുതുതായി കൂട്ടിച്ചേര്‍ത്ത ശത്രുക്കളിലൊന്നാണ് "മെറ്റീരിയലിസം' എന്നതും ഭൗതികചിന്ത വച്ചുപുലര്‍ത്തിയ മൂന്ന് യുക്തി ചിന്തകരെയാണ് അടുത്തകാലത്ത് കൊലചെയ്തത് എന്നതും കാര്യങ്ങളുടെപോക്ക് വ്യക്തമാക്കുന്നു. 40 സംഘടനകളാണ് സംഘപരിവാറിന്റെ കീഴില്‍ വര്‍ഗീയ ഫാസിസ്റ്റ് അജന്‍ഡ നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നത്. ഹിറ്റ്ലറുടെ ഫൈനല്‍ സൊല്യൂഷന്‍ (ആത്യന്തിക പരിഹാരം) പ്രസിദ്ധമാണ്. ഏതു പ്രശ്നത്തിന്റെയും ആത്യന്തിക പരിഹാരം ഹിറ്റ്ലര്‍ക്ക് ആളിനെ കൊല്ലുക എന്നതായിരുന്നു.

മോഡി മുഖ്യമന്ത്രിയായികിത്തെ ഗുജറാത്തില്‍ വര്‍ഗീയകലാപത്തില്‍ രണ്ടായിരത്തിലധികംപേര്‍ കൊല്ലപ്പെട്ടു. സംവിധായകന്‍ രാകേഷ് ശര്‍മ ഇതിനെകുറിച്ചുള്ള ഡോക്യൂമെന്ററിക്ക് ഫൈനല്‍ സൊല്യൂഷന്‍ എന്നാണ് പേരിട്ടത്. സ്വച്ഛ് ഭാരത് റോഡ് തൂക്കുന്നതല്ല; എതിരാളിയെ തുടച്ചുനീക്കുന്നതാണ്. ഗാന്ധിജിയുടെ ഇന്ത്യയെ അതിവേഗം, നമ്മുടെ കണ്‍മുമ്പില്‍ വച്ചു തന്നെ "ഗോഡ്സെയുടെ ഇന്ത്യയാക്കി' തലകീഴ് മറിക്കാനാണ് സംഘപരിവാര്‍ നീക്കം. ചരിത്രത്തിലാദ്യമായി ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ഇത്തവണ അവര്‍ ആചരിച്ചത് ശൗര്യദിനമായിട്ടാണ്. ഗാന്ധിജിയെ കൊന്നത് ഏറ്റവും വലിയ ശൂരതയായി പ്രചരിപ്പിക്കുന്നു. രാജ്യത്ത് പല ഭാഗത്തും അവര്‍ ഗോഡ്സെയ്ക്ക് അമ്പലം പണിയുകയാണ്. കേരളത്തിലുള്‍പ്പെടെ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മേല്‍പ്പാലങ്ങള്‍ക്ക് ഗോഡ്സെയുടെ പേര് നല്‍കി. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍, "ഗോഡ്സെയാണ് ശരി'എന്ന് സ്ഥാപിക്കാന്‍ സംഘപരിവാര്‍ ബിഗ്ബഡ്ജറ്റ് സിനിമ തയാറാക്കുന്നുണ്ട്. വര്‍ഗീയ ഫാസിസത്തിന്റെ സാംസ്കാരിക അജന്‍ഡകളെ ശക്തമായി നേരിടാന്‍ മതേതരശക്തികള്‍ ഒരുമിക്കേണ്ട സന്ദര്‍ഭമാണിത്.

അതിവിപുലമായ സാംസ്കാരിക മുന്നണി സംഘപരിവാറിനെതിരെ രൂപംകൊള്ളേണ്ടതുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, മാനവികത ഇതെല്ലാമാണ് മനുഷ്യനെ മുന്നോട്ടുനയിക്കേണ്ടത്. അല്ലാതെ സങ്കുചിത ജാതിമതചിന്തകളല്ല. ഭരണഘടനയില്‍ നിന്നുതന്നെ മതേതരത്വം എന്ന വാക്ക് എടുത്തുകളയാനുള്ള നീക്കം നടക്കുന്നുണ്ട്. മതമാണ് ദേശീയതയുടെ അടിസ്ഥാനം എന്നുവരുന്നത് ഇന്ത്യയുടെ നാശത്തിനേ വഴിതെളിക്കൂ. മനുഷ്യനായിരിക്കണം ദേശീയതയുടെ മാനദണ്ഡം. പൊതുഇടങ്ങള്‍ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും മതേതരവാദികള്‍ രംഗത്തുവരണം. പൗരസമൂഹവും (Civil Society) രാഷ്ട്രീയസമൂഹവും (Political Society) ശക്തിപ്പെടുത്തികൊണ്ടു മാത്രമേ ഏതുതരം മതഭ്രാന്തിനെയും നേരിടാനാകൂ. മറ്റേത് ഭ്രാന്ത് പോലെയും ചികിത്സിക്കേണ്ട ഒന്നാണ് മതഭ്രാന്തും