- Details
- Category: News
പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍എസ്എസിന്റെ യഥാര്‍ഥ പ്രതിനിധിയും പ്രതീകവുമാണെന്നത് തര്‍ക്കമുള്ള കാര്യമല്ല. ആര്‍എസ്എസിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രഭരണം മുന്നോട്ടുപോകുന്നതും. ആ സംഘത്തിന്റെ തനിനിറം മറച്ചുപിടിക്കാനാണ് മോഡിയുടെ പള്ളിസന്ദര്‍ശനവും മറ്റും. ഫാസിസ്റ്റുകള്‍ അവരുടെ യഥാര്‍ഥ മുഖം ഒരിക്കലും തുറന്നുകാട്ടാറില്ല. മുഖംമൂടി അവര്‍ക്കാവശ്യമാണ്. ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവുംവരെ അവര്‍ പുരപ്പുറത്തു കയറിനിന്ന് ഉച്ചത്തില്‍ ഉദ്ഘോഷിക്കും. എന്നാല്‍, ആര്‍എസ്എസിന്റെ യഥാര്‍ഥ മുഖംമൂടി അഴിച്ചുവച്ച ഒരു പരിപാടിയാണ് കഴിഞ്ഞ മൂന്നുദിവസമായി ഡല്‍ഹിയില്‍ നടന്നത്.
കേന്ദ്രഭരണത്തില്‍ ആര്‍എസ്എസിന്റെ പിടി കൂടുതല്‍ മുറുക്കാനാണ് ഉന്നതതലയോഗം സംഘടിപ്പിച്ചത്. ആര്‍എസ്എസിന്റെ ഉന്നത നേതാക്കളും പോഷകസംഘടനാ നേതാക്കളും ബിജെപിയിലെ പ്രമുഖരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പങ്കെടുത്തത്. ഒരു റാങ്ക് ഒരു പെന്ഷന്, ഭൂനിയമ ഭേദഗതി, ഗുജറാത്തിലെ പട്ടേല്‍മാരുടെ സംവരണസമരം, കാര്‍ഷികമേഖലയിലെ വളര്‍ച്ചനിരക്ക്, സെന്‍സസ് ഫലം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ് യോഗത്തില്‍ അധ്യക്ഷനായത്. വിശ്വഹിന്ദു പരിഷത്ത്, സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ മസ്ദൂര്‍ സംഘ് തുടങ്ങിയ വിവിധ പോഷകസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 15 മാസത്തിനുശേഷമാണ് ഇത്തരമൊരു ഉന്നതതലയോഗം വിളിച്ചുകൂട്ടിയത്. നരേന്ദ്ര മോഡിയുടെ ഒറ്റയാന് ഭരണമാണ് നടക്കുന്നതെന്ന തോന്നലാണ് യോഗം ചേരാന്‍ കാരണമെന്ന് പറയാനാകില്ല. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വിദേശമന്ത്രിപോലും ഒന്നിച്ചുകാണാറില്ല. ലളിത് മോഡി വിഷയത്തിലാണ് സുഷ്മ സ്വരാജിന്റെ പേര് അടുത്തകാലത്ത് ചിത്രത്തില്‍ വന്നത്. വിദേശ നയതന്ത്രബന്ധങ്ങളിലൊന്നും ആ പേര് കാണാറില്ല. മോഡിസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന യഥാര്‍ഥ വസ്തുത എല്ലായ്പോഴും മറച്ചുവയ്ക്കുന്നു.
ഒരു സാംസ്കാരിക സംഘടന മാത്രമാണ് ആര്‍എസ്എസ് എന്നും അവര്‍ക്ക് രാഷ്ട്രീയമില്ലെന്നുമാണ് തുടക്കംമുതലേ പുറത്തുപറഞ്ഞത്. ആര്‍എസ്എസ് ഹിറ്റ്ലറെയല്ലേ അനുകരിക്കുന്നത് എന്നും ഫാസിസമല്ലേ പിന്തുടരുന്നതെന്നുമുള്ള ചോദ്യത്തിന് സര്‍സംഘചാലക് മാധവസദാശിവ ഗോള്‍വാള്‍ക്കര്‍ പറഞ്ഞ മറുപടി- "ഫാസിസ്റ്റുകള്‍ക്ക് രാഷ്ട്രീയമുണ്ട്, തങ്ങള്‍ക്കതില്ല' എന്നാണ്. ഈ വ്യത്യാസംപോലും ഇപ്പോള്‍ ഇല്ലാതായി. ആര്‍എസ്എസ് രാഷ്ട്രീയലക്ഷ്യബോധമുള്ള സംഘടനയാണെന്ന് 15 മാസത്തെ മോഡിഭരണം തെളിയിച്ചു.
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതുപോലെ ആര്‍എസ്എസിന്റെ റിമോട്ട് കണ്ട്രോള് ഭരണമാണ് ഇവിടെ നടക്കുന്നത് എന്നത് ഡല്‍ഹിയിലെ ഉന്നതതലയോഗം തെളിയിച്ചു. വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളില്‍ പിടിമുറുക്കാനാണ് മോഡിസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ചരിത്ര കൗണ്‍സിലിന്റെ തലപ്പത്ത് ചരിത്ര ഗവേഷണവുമായി പുലബന്ധംപോലുമില്ലാത്ത ആര്‍എസ്എസുകാരനെ നിയമിച്ചത് ഈ ലക്ഷ്യത്തോടെയാണ്. ഇന്നത്തെ ശാസ്ത്ര ഗവേഷണ നേട്ടങ്ങളെല്ലാം ഹിന്ദുപുരാണങ്ങളില്‍ പ്രതിപാദിച്ചതാണെന്ന പ്രചാരണമാണ് അവര്‍ ബോധപൂര്‍വം അഴിച്ചുവിടുന്നത്. പ്ലാസ്റ്റിക് സര്‍ജറിവരെ ത്രേതായുഗത്തില്‍ ഇവിടെയുണ്ടായിരുന്നു എന്നുപറയാന്‍ സംഘപരിവാര്‍ നേതൃത്വത്തിന് ഒരു മടിയുമില്ല. ശ്രീകൃഷ്ണന്റെ ഗീതോപദേശത്തില്‍ ആധുനിക ചിന്തകളൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രചാരണം. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും കാവ്യങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നതില്‍ സംശയമില്ല. ഇതൊക്കെ മാനവരാശിയുടെ പൊതുസ്വത്താണ്. ഏതെങ്കിലുമൊരു മതത്തിന്റെ കുത്തകയല്ല. ധന്വന്തരിയും ചരകനുമെല്ലാം ആയുര്‍വേദത്തിന്റെ ആചാര്യന്മാരായിരുന്നുവെന്ന ചരിത്രസത്യം ആരും നിഷേധിക്കുന്നില്ല. ഇതൊന്നും ഏതെങ്കിലും ഒരു മതത്തിന്റെ സ്വകാര്യസ്വത്തായി പ്രചരിപ്പിക്കുന്നത് സങ്കുചിത ചിന്താഗതി മാത്രമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാ മേഖലയിലും ഹിന്ദുത്വ-ഫാസിസം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഫെഡറലിസം എന്നിവയ്ക്കൊക്കെ തുരങ്കംവയ്ക്കാനാണ് കുത്സിത ശ്രമം. അത് തിരിച്ചറിഞ്ഞേ മതിയാകൂ. ആര്‍എസ്എസിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്രഭരണത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ച മാത്രമാണ് ഡല്‍ഹിയില്‍ നടന്ന ഉന്നതതലയോഗം. ഈ നീക്കം നമ്മുടെ രാജ്യത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ഈ വിപത്ത് തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാതെപോകുന്നു എന്നതാണ് വസ്തുത. ആര്‍എസ്എസിന്റെ തനിനിറം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരമപ്രധാന കാര്യം. നമ്മുടെ രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ കാണിക്കുന്ന വിമുഖത ആപത്താണ്. സംഘപരിവാര്‍ ആശയപ്രചാരണം മാത്രമല്ല നടത്തുന്നത്. ആശയപരമായി അവരുമായി വിയോജിപ്പ് പ്രകടിപ്പിക്കുന്ന ബുദ്ധിജീവികളെ ഉള്‍പ്പെടെ കായികമായി ഇല്ലാതാക്കുന്നത് സ്ഥിരം പ്രവണതയായി മാറി. ഇതും നമ്മുടെ രാഷ്ട്രം നേരിടുന്ന വലിയ വിപത്താണ്. ഹിന്ദുസ്ത്രീകള്‍ അഞ്ച് കുട്ടികളെ പ്രസവിക്കണമെന്ന് പരസ്യമായി പറയാന്‍പോലും ഈ നേതാക്കള്‍ക്ക് മടിയില്ലാതായി. ഈ ഭീഷണി സംഘടിതമായി നേരിട്ടേ മതിയാകൂ