കണ്ണൂർ : ടീം സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമുള്ള ബന്ധം കേരളമാകെ അംഗീകരിച്ചുകഴിഞ്ഞതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവെക്കുക എന്ന മുദ്രാവാക്യം ഉന്നയിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭം കേരളത്തിലാകെ നടന്നുവരുന്നത്. എന്നാൽ ഉമ്മൻ ചാണ്ടി രാജിവെക്കാൻ സന്നദ്ധമാവുന്നില്ലെന്നുമാത്രമല്ല ജൂഡീഷ്യൽ അന്വേഷണ പരിധിയിൽ നിന്നും തന്നെയും തന്റെ ഓഫീസിനെയും രക്ഷിക്കുന്നതിന് വൃത്തികെട്ട അടവുകൾ പയറ്റിക്കൊണ്ടിരിക്കുകയാണ്. ഏന്ത് നീചമായ മാർഗ്ഗവും സ്വീകരിച്ചുകൊണ്ട് അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമങ്ങളാണ് ഉമ്മൻ ചാണ്ടി  നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ ബഹിഷ്‌കരിക്കുക, ഉമ്മൻ ചാണ്ടിക്ക് കരിങ്കൊടി കാണിക്കുക എന്നീ സമരമുറകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രഖ്യാപിച്ചത്. കേരളമാകെ കടുത്ത പ്രതിഷേധമാണ് ഉമ്മൻ ചാണ്ടി നേരിട്ടുകൊണ്ടിരിക്കുന്നത്. ഭീകരമായ മർദ്ദന സംവിധാനം കൊണ്ട് ഈ പ്രതിഷേധത്തെ അടിച്ചമർത്താമെന്നാണ് സർക്കാർ വ്യാമോഹിക്കുന്നത്.

 

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന് ശേഷം ആദ്യമായി ആഗസ്ത് 31-നു ഉമ്മൻ ചാണ്ടി കണ്ണൂരിൽ എത്തിച്ചേരുകയാണ്. ചെമ്പേരി വിമൽ ജ്യോതി ഇൻജിനീയറിങ്ങ് കോളജിന്റെ പിരിപാടിയിലും കലക്‌ട്രേറ്റ് മൈതാനിയിൽ സരസ് മേള ഉൽഘാടന ചടങ്ങിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിച്ചേരുന്നത്. ഈ പരിപാടികളിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രിക്ക് ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കാൻ എൽ ഡി എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.  ഈ ജനകീയ പ്രതിഷേധ സമരത്തിൽ മുഴുവൻ ബഹുജനങ്ങളും പങ്കെടുക്കണമെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ മുഴുവൻ ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.