കണ്ണൂർ:  അധികാരത്തിന്റെ മത്ത് പിടിച്ച ലീഗ് തീവ്രവാദികളുടെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിനത്തിൽ രാത്രി പരിയാരം ഓണപ്പറമ്പിലും ആഗസ്ത് 16-ന് രാത്രി എടയന്നൂരിലും നടത്തിയ അക്രമണങ്ങളിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ശക്തിയായി പ്രതിഷേധിച്ചു.

ആഗസ്ത് 15-നാണ് പരിയാരം ഓണപ്പറമ്പിൽ മുസ്ലീം പള്ളിക്കും മദ്രസകെട്ടിടത്തിനും നേരെ ലീഗ് തീവ്രവാദികൾ അക്രമം നടത്തിയത്. ഈ രണ്ട് കെട്ടിടങ്ങളും നിശേഷം തകർക്കപ്പെട്ടു. അക്രമത്തിൽ പരിക്കുപറ്റിയ ഒരാൾ ഗുരുതരാവസ്ഥയിൽ മംഗലാപുരം ആശുപത്രിയിലാണ്. മാത്രവുമല്ല അവിടെ നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും അക്രമികൾ തകർത്തു. പിറ്റേന്ന് നടക്കേണ്ട  പള്ളിയുടേയും-മദ്രസ്സകെട്ടിടത്തിന്റേയും ഉദ്ഘാടന ചടങ്ങിന്റെ വേദിയും തകർത്തു. ഇതേ പള്ളിയിൽ രണ്ട് വർഷം മുമ്പ് ലീഗ് ക്രിമിനലുകൾ അക്രമം നടത്തി അവിടെയുള്ളവരെ പരിക്കേൽപ്പിച്ചിരുന്നു. അന്ന് അക്രമം നടത്തിയ ലീഗ് ക്രിമിനൽ മുഹമ്മദ് അലിയുടെ നേതൃത്വത്തിലുള്ള അതേ സംഘം തന്നെയാണ് ഇപ്പോഴത്തെ അക്രമത്തിന്റെയും പിന്നിൽ.

 

മതവികാരം ഇളക്കിവിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ലീഗ് നേതൃത്വത്തിന് മുസ്ലീങ്ങളുടെ ആരാധനാലയവും മതവിദ്യാഭ്യാസ സ്ഥാപനവും തകർത്തതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. പള്ളികൾ തകർക്കുന്നത് ഹിന്ദുത്വ തീവ്രവാദികളുടെ അജണ്ടയാണെന്നാണ് ഇതേവരെ കരുതിയിരുന്നത്. ഇതിപ്പോൾ അധികാര ഹുങ്കിൽ ലീഗിലെ തീവ്രവാദികൾ ഏറ്റെടുത്തിരിക്കുകയാണ്. ലീഗിന്റെ കുടക്കീഴിലാണ് തീവ്രവാദം വളരുന്നത് എന്നതിന്റെ തെളിവുകൂടിയാണ് ഈ അക്രമസംഭവങ്ങൾ.