കണ്ണൂർ : ചിറക്കൽ രാജാസ് ഹൈസ്‌കൂൾ ഉൾപ്പെട്ട സ്ഥലം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ എംപിയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് വെളിപ്പെട്ട സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇതേകുറിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെടുന്നു.

 

ചിറക്കൽ സ്‌കൂളും അതിനോട് അനുബന്ധിച്ച സ്ഥലവും കോൺഗ്രസ് നേതാവായിരുന്ന കെ കരുണാകരന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റ് 16 കോടി രൂപക്ക് വാങ്ങിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അതിൽ 50 ലക്ഷം രൂപ സംഭാവനയായി തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടതിൽ ദുരൂഹത നിലനിൽക്കുന്നു. ഈ സംഭാവനക്ക് റസീറ്റ് നൽകാൻ സുധാകരൻ തയ്യാറാവാത്തത് ഈ തുക തട്ടിയെടുക്കാനാണ് എന്ന കാര്യം വ്യക്തമാണ്. മാത്രവുമല്ല 16 കോടി രൂപക്ക് വിൽപ്പന നടത്തുകയും 15 1/2 കോടി രൂപ രജിസ്‌ട്രേഷൻ രേഖയിൽ കാണിക്കണമെന്നും പറയുന്നത് എംപിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പാണ് വെളിവാകുന്നത്. ഇത് സുധാകരൻ എംപിക്ക് തട്ടിയെടുക്കാനാണ് എന്ന ആക്ഷേപം കോൺഗ്രസുകാർ തന്നെ ഉയർത്തിയിരിക്കുകയാണ്. മാത്രവുമല്ല കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ ഈ സ്ഥലം വാങ്ങിക്കാനുള്ള പേര് പറഞ്ഞ് ഗൾഫ് നാടുകളിലടക്കം പോയി സുധാകരൻ കോടികൾ പിരിച്ചെടുത്തതായി വാർത്ത വന്നിട്ടുണ്ട്. അതിനാൽ ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. കോവിലകം സമിതി സുധാകരന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് സ്ഥലം കൈമാറില്ലെന്ന്  തീരുമാനിച്ച സാഹചര്യത്തിൽ കെ കരുണാകരന്റെ പേര് പറഞ്ഞ് പിരിച്ചെടുത്ത പണം ബന്ധപ്പെട്ടവർക്ക് തിരിച്ച് നൽകാൻ കെപിസിസി നേതൃത്വം നിർദ്ദേശം നൽകുകയും വേണം.