സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജന്റെ തുറന്ന കത്ത്

പ്രിയപ്പെട്ട ശ്രീ. കെ എം സൂപ്പി,

താങ്കൾ എനിക്കെഴുതിയ തുറന്ന കത്ത് വായിച്ചു. അതിന്റെ ആദ്യ ഭാഗത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് താങ്കൾ ഉന്നയിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉന്നയിച്ചിട്ടുള്ള അത്തരം ആരോപണങ്ങളൊന്നും മറുപടി അർഹിക്കുന്നില്ല.

കത്തിന്റെ അവസാന ഭാഗത്തുള്ള പട്ടുവത്തെ അരിയിൽ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ രംഗത്ത് വരണമെന്ന താങ്കളുടെ അഭ്യർത്ഥന ഞാൻ സ്വീകരിക്കുന്നു. ആ പ്രദേശത്ത് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത് ലീഗിനുള്ളിലെ ഒരു വിഭാഗം തീവ്രവാദികളായിരുന്നു എന്ന കാര്യത്തിൽ താങ്കൾക്ക് പോലും ഭിന്നാഭിപ്രായം ഉണ്ടാവാനിടയില്ല. അവരെ തള്ളിപ്പറയാൻ താങ്കളോ താങ്കളുടെ പാർടിയോ ഇതുവരെ തയ്യാറായിട്ടില്ല. തൊട്ടടുത്ത ദിവസം അരിയിൽ പ്രദേശത്ത് സി പി ഐ (എം) ഓഫീസ് പച്ച ചായം തേച്ച് വികൃതമാക്കിയിരുന്നു. ഇത് ചെയ്തത് ലീഗ് തീവ്രവാദികളാണെന്ന് ദൃക്‌സാക്ഷി തെളിവുകളോടെ വ്യക്തമാക്കപ്പെട്ടതാണ്. ഇത്തരം ഫാസിസ്റ്റ് രീതികളെ തള്ളിപ്പറയാതെ അവയൊക്കെ മറച്ചുവെക്കാനാണ് ലീഗ് നേതൃത്വം വ്രഗ്രത കാട്ടുന്നത്. ലീഗ് നേതാക്കളുടെ ഇത്തരം നടപടികളാണ് സംഘർഷം തുടർന്നുകൊണ്ടിരിക്കുന്നതിന് കാരണം.

അരിയിൽ സമാധാനം പുലർന്നുകാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും സി പി ഐ (എം) നടത്തും. ഇക്കാര്യത്തിൽ ലീഗ് ഉൾപ്പെടെയുള്ള എല്ലാ പാർടികളുമായും സഹകരിച്ചു പ്രവർത്തിക്കാനും ഞങ്ങൾ തയ്യാറാണ്.

സ്‌നേഹപൂർവ്വം

 

പി ജയരാജൻ