കണ്ണൂർ: പാനൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഐ(എം) നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുമെന്ന് സിപിഐ(എം) ജില്ലാകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിലവിലുള്ള പ്രസിഡന്റിനെ ജില്ലാ കോൺഗ്രസ് നേതൃത്വം നിർബന്ധപൂർവ്വം രാജിവെപ്പിച്ചതിനെ തുടർന്ന് കോൺഗ്രസിലും യുഡിഎഫിലും ശക്തമായ ഭിന്നതയുണ്ടായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി   പുറത്താക്കപ്പെട്ട പ്രസിഡന്റ് മത്സരിച്ചു. കോൺഗ്രസിലും യുഡിഎഫിലും ഉണ്ടായ ഭിന്നതയെ  ഉപയോഗപ്പെടുത്തേണ്ടത് തന്നെയാണ്. എന്നാൽ അതിനു വേണ്ടി ബി ജെ പിയുടെ സഹകരണത്തോടെ ഒരു സ്ഥാനാർത്ഥിയെ പിന്തുണക്കുന്നത് സിപിഐ(എം) നയമല്ല.

കോൺഗ്രസും ബി ജെ പിയും ആഗോളവൽക്കരണ നയത്തിന്റെ കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. പാർലിമെന്റിൽ ഇരുകക്ഷികളും ജനവിരുദ്ധ സമീപനങ്ങളുടെ കാര്യങ്ങളിൽ പലപ്പോഴും യോജിക്കാറുണ്ട്. ബി ജെ പി യാവട്ടെ വർഗ്ഗീയ കക്ഷിയാണ്. ഉറച്ച മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന സിപിഐ(എം)ന്റെ പ്രഖ്യാപിത രാഷ്ട്രീയ നയത്തിൽ നിന്നും ചില സഖാക്കൾ വ്യതിചലിച്ചു. അതുകൊണ്ടാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഐ(എം) തീരുമാനിച്ചത്. എന്നാൽ സിപിഐ(എം)നെ കുറ്റപ്പെടുത്തുന്ന മുല്ലപ്പള്ളിയുടെ പാർട്ടി കേരളത്തിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും  ബിജെപിയുമായി യോജിച്ച് ഭരണത്തിൽ പങ്കാളിയാണ്. ബിജെപിയുമായി ചേർന്ന് അധികാരത്തിൽ എത്താൻ മാത്രമല്ല ഭരണത്തിന്റെ പങ്ക് പറ്റാനും കോൺഗ്രസ് യാതൊരു മടിയും കാട്ടാറില്ലെന്നതാണ് അനുഭവം. എന്നാൽ സിപിഐ(എം) രാഷ്ട്രീയ നയത്തിൽ ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യാറില്ല. ബിജെപിയുമായി ചേർന്നു ഭരിക്കുന്ന  സ്ഥാപനങ്ങളിലെ ഭരണം ഉപേക്ഷിക്കാനോ അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം കൊടുത്ത കോൺഗ്രസുകാരുടെ പേരിൽ നടപടി എടുക്കാനോ ധൈര്യമുണ്ടോ എന്ന് മുല്ലപ്പള്ളി വ്യക്തമാക്കണം.

 

പുതിയ പഞ്ചായത്ത് പ്രസിഡന്റിന് എതിരായി നിയമാനുസൃതമായ അവിശ്വാസ പ്രമേയം സിപിഐ(എം) കൊണ്ടുവരികയും ചെയ്യും.