കണ്ണൂർ: സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമനുസരിച്ച് പ്രവർത്തിക്കേണ്ട ഉപദേശക സമിതി നിയമത്തിന്റെ ആരാച്ചാർ ആവരുതെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

മയക്ക്മരുന്ന് കച്ചവടക്കാർ, കവർച്ചക്കാർ, കള്ളനോട്ട് നിർമ്മാതാക്കൾ, പാരിസ്തിതിക വിധ്വംസകർ തുടങ്ങിയവരെ തടയാനാണ് ഈ നിയമം കൊണ്ടുവന്നത്. ഈ നിയമത്തിന്റെ ഉദ്ദേശ്യം അനുസരിച്ചാണോ പോലീസ് കൈക്കൊള്ളുന്ന നടപടികളെന്ന് പരിശോധിക്കാനാണ് ഉപദേശക സമിതിയുടെ ഉത്തരവാദിത്വം എന്നാൽ നിലവിലുള്ള ഉപദേശക സമിതി ഇതിന് പകരം നിയമത്തിന്റെ ഉദ്ദേശ്യം തന്നെ തകർത്തുകൊണ്ട് പോലീസിന് ആജ്ഞ നൽകുന്ന ഏജൻസിയായി  അധ:പതിച്ചിരിക്കുന്നു എന്നാണ് വാർത്തകളിലൂടെ വ്യക്തമാവുന്നത്.

വിദ്യാർത്ഥി-യുവജന പ്രവർത്തകർക്ക് നേരെ ഈ നിയമം ദുരുപയോഗം നടത്തി പോലീസ് നടപടികൾ സ്വീകരിച്ചപ്പോൾ അതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഉയർന്ന് വന്നത്. ഈ പ്രതിഷേധത്തിന്റെ മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വരികയും രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ ഈ നിയമമനുസരിച്ച് നടപടി എടുക്കില്ലെന്ന് നിയമസഭയിൽ ആഭ്യന്തര മന്ത്രിക്ക് ഉറപ്പ് നൽകേണ്ടിയും വന്നു. എന്നാൽ പോലീസിനെ ആക്രമിച്ചു എന്ന പേരിൽ കള്ള കേസ് ഉണ്ടാക്കിയാൽ അതിന്റെ പേരിൽ നടപടി എടുക്കാനാണ് ഉപദേശക സമിതി പോലീസിനോട് ഇപ്പോൾ ആജ്ഞാപിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിക്കലും പോലീസിന് ആജ്ഞ നൽകലും ഉപദേശക സമിതിയുടെ ചുമതലയിൽ പെട്ട കാര്യമല്ല. ഉപദേശകസമിതി നിയമനം സംബന്ധിച്ചുള്ള നിയമത്തിലെ 8-ാം വകുപ്പിലും നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള 9, 10 വകുപ്പുകളിലും പറയുന്നതനുസരിച്ച് പോലീസ് എടുക്കുന്ന നടപടികൾ പുന:പരിശോധന നടത്തേണ്ടുന്ന ചുമതലയാണ് ഇവർക്കുള്ളത്.  ഇത് നിർവഹിക്കുന്നതിന് പകരം ഇപ്പോൾ ഉപദേശകസമിതി നടത്തുന്ന പ്രവർത്തനം സർക്കാർ ഗൗരവമായി പരിശോധിക്കണം.

വിദ്യാർത്ഥി-യുവജന പ്രവർത്തകരെ നാട് കടത്താൻ കണ്ണൂർ റെയിഞ്ച് പോലീസ് ഐ ജി നൽകിയ നോട്ടീസിന്റെ പിന്നിലും മാർച്ച് മാസത്തിൽ ഇതേ ഉപദേശക സമിതി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നൽകിയ നിർദ്ദേശത്തെ തുടർന്നാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇപ്പോൾ ഉപദേശക സമിതി വീണ്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കള്ള കേസുകളുടെ പേരിൽ നടപടി എടുക്കാൻ ആവശ്യപ്പെടുകയാണ്.

 

ഉപദേശക സമിതിയുടെ മർമ്മ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി നേരത്തെ നൽകിയ ഉത്തരവ് വിമർശനപരമായതും സുപ്രീം കോടതി ആ ഉത്തരവിലെ പരാമർശങ്ങൾ നീക്കം ചെയ്തതും വ്യാപകമായി ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. നിയമം നൽകുന്ന അധികാരത്തിന്റെ പരിധി വിട്ട് പോലീസിന്റെ അതിക്രമം തടയാൻ ചുമതലപ്പെട്ട ഉപദേശക സമിതി ഈ നിലക്കാണ് പ്രവർത്തനം തുടരുന്നതെങ്കിൽ ഈ ഉപദേശക സമിതിയെ നാടുകടത്താൻ ജനങ്ങൾക്ക് പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുമെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.