കണ്ണൂർ: നാറാത്തെ പോപ്പുലർ ഫ്രണ്ട് ആയുധപരിശീലന ക്യാമ്പ് അന്വേഷണം നിലച്ചതിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഉത്കണ്ഠ രേഖപ്പെടുത്തി. ദേശീയ അന്വേഷണ ഏജൻസി ഈ കേസ് ഏറ്റെടുക്കുമെന്നാണ് കേരളാപോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു നീക്കവും പിന്നീട് ഉണ്ടായില്ല. നാറാത്ത് ആയുധപരിശീലന ക്യാമ്പിൽ വെച്ച് 21 പോപ്പുലർ ഫ്രണ്ടുകാരെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് ഭരണ നേതൃത്വത്തിൽ നിന്ന്  തന്നെ തീവ്രവാദികളെ ശരിയായി ചോദ്യം ചെയ്യുന്നത്  വിലക്കി എന്ന് ആരോപണം ഉയർന്നതാണ്. ഈ ആരോപണം ശരിവെക്കുന്ന നിലയിലാണ് ഇപ്പോഴത്തെ ഈ കേസിന്റെ സ്ഥിതി.

റെയ്ഡ് നടക്കുമ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ഖമറുദ്ദീനെ 2 മാസം ആയിട്ടും കേരളാപോലീസിന് കസ്റ്റഡിയിൽ എടുക്കാൻ ആയില്ല എന്നകാര്യം ഈ കേസ് കൈകാര്യം ചെയ്യുന്ന കേരളാപോലീസിന്റെ കാര്യക്ഷമത എത്രത്തോളം ഉണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്. ഈ അനാസ്ഥ ബോധപൂർവ്വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രീയവും വിശദവുമായ നിലയിൽ അന്വേഷണം നടത്തിയാൽ പ്രതികളുമായി പലനിലയ്ക്കും ബന്ധമുള്ള ലീഗ് നേതാക്കൾ ഉൾപ്പെടെ കുടുങ്ങുമെന്നതിനാലാണ് അന്വേഷണം മരവിപ്പിച്ചത്. മാറാട് സംഭവത്തെ കുറിച്ചുള്ള  ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിലും കൂട്ടക്കൊലയിൽ ലീഗിനും എൻഡിഎഫിനും ഉള്ള പങ്കാളിത്തം എടുത്തു പറഞ്ഞതും ഈ സന്ദർഭത്തിൽ ഓർമ്മിക്കേണ്ടതാണ്.

ഭരണത്തിലുള്ള പങ്കാളിത്തം ഉപയോഗിച്ച് അന്വേഷണം മരവിപ്പിക്കാൻ ലീഗും കണ്ണൂർ എംപിയും നടത്തിയ ഇടപെടലാണ് അന്വേഷണം പാതിവഴിയിൽ നിർത്താൻ ഇടയാക്കിയിട്ടുള്ളത്. കസ്റ്റഡിയിലായ പ്രതികളുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ചും വാർത്തകൾ പുറത്തു വന്നിരുന്നു. അതേകുറിച്ചും ഒരു കാര്യവും പോലീസിന് കണ്ടെത്താൻ ആയില്ല എന്നാണ് മനസിലാക്കുന്നത്.

 

നാടിന്റെ സമാധാനത്തിന് തന്നെ ഭീഷണിയായി തീർന്ന മതതീവ്രവാദ പ്രസ്ഥാനങ്ങളോട് പ്രീണനനയമാണ് യുഡിഎഫ് ഗവൺമെന്റ് പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ടിനോട് മാത്രമല്ല ആർഎസ്എസിനോടും മൃദുസമീപനമാണ് പോലീസിനുള്ളത്. അത്യന്തം ഗുരുതരമായ നിലയിൽ മതതീവ്രവാദ പ്രവർത്തനം നടത്തുന്ന ശക്തികളെ നേരിടുന്നതിൽ യുഡിഎഫ്  ഗവൺമെന്റ് കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണം. സംസ്ഥാനത്ത് നടത്തുന്ന വിവിധ മതതീവ്രവാദികളുടെ ആയുധപരിശീലനം സംബന്ധിച്ച് ശക്തമായ നടപടി കൈകൊളളണമെന്നും നാറാത്ത് ആയുധപരിശീലന ക്യാമ്പ് സംബന്ധിച്ച അന്വേഷണം ത്വരിതഗതിയിൽ പൂർത്തീകരിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.