കണ്ണൂർ: സി പി ഐ (എം) അംഗവും ഡി വൈ ഏഫ് ഐ കണ്ണുർ വെസ്റ്റ് വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ സാഹിദിനെ യാത്രാ പ്രശ്‌നവുമായി ബന്ധപ്പെട്ട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും സ്ത്രീകളെ ഓട്ടോറിക്ഷയിൽ കയറ്റാതിരുന്ന ഡ്രൈവറോട് സംസാരിച്ചതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച കണ്ണൂർ ടൗൺ പോലീസ് എസ് ഐ-ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് സി പി ഐ (എം) ജില്ല സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

 

രാപ്പകൽ സമരത്തിന്റെ ഭാഗമായി ഡി വൈ ഏഫ് ഐ പ്രവർത്തകർ ശേഖരിച്ച ഭക്ഷണപൊതി ഇന്നലെ രാത്രി റെയിൽവെ സ്റ്റേഷൻ പരിസരത്തെ പാവങ്ങൾക്ക് നൽകാൻ സാഹിദ് എത്തിയപ്പോഴായിരുന്നു ഓട്ടോറിക്ഷ ഡ്രൈവറുടെ തെറ്റായ നടപടി കാണാനിടയായതും ഇതിനെ  ചോദ്യം ചെയ്തതും. തുടർന്ന് അവിടെയെത്തിയ എസ് ഐ സനൽകുമാർ സാഹിദിനെ അതിക്രൂരമായി മർദ്ദിച്ചു. കൈ എല്ല് പൊട്ടിയ സാഹിദ് എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും സാഹിദിനെതിരെ ഈ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും അതിക്രമം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഗസ്ത് മാസം സാഹിദിന്റെ പേരിൽ 9 കേസുകളാണ് ഉണ്ടായിരുന്നത്. ഇതിന് അടിസ്ഥാനമായ സമര ഘട്ടത്തിൽ സാഹിദ് കണ്ണൂരിൽ ഉണ്ടായിരുന്നില്ല. സാഹിദിനെതിരെ ബോധപൂർവ്വം പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ. പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിദിനെതിരെ ഇപ്പോൾ പോലീസ്   കള്ള കേസ് എടുത്തിരിക്കുകയാണ്. അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.