കണ്ണൂർ: വേങ്ങാട് പഞ്ചായത്തിലെ പറമ്പായി മുസ്ലീം പള്ളി ഒരു പറ്റം ആർ എസ് എസ് ക്രിമിനലുകൾ അക്രമിച്ച സംഭവം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണെന്നും  കുറ്റക്കാർക്കെതിരെ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

പിണറായി പഞ്ചായത്തിലെ അറത്തിക്കാവ് ക്ഷേത്രത്തിലെ ഓഫീസിന്റെ പരിസരത്ത് രക്തക്കറ കണ്ടതിനെ തുടർന്ന് പ്രകോപിതരായാണ് ഒരു സംഘം ആർ എസ് എസുകാർ ഇന്നെലെ വൈകുന്നേരം പള്ളിക്കും അതിനടുത്തുള്ള കടകൾക്കും നേരെയും മറ്റും അക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ കച്ചവടക്കാരനായ സി പി ഐ (എം) ബ്രാഞ്ച് അംഗം കെ പി മുഹമ്മദിനും മറ്റൊരു കച്ചവടക്കാരനായ അസ്സുവിനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മത സ്പർദയുണ്ടാക്കുന്ന തരത്തിൽ മുദ്രാവാക്യം വിളികളോടെയാണ് ആർ എസ് എസുകാർ ക്ഷേത്ര പരിസരത്തു നിന്നും പള്ളിയിലേക്ക് ജാഥയായി പോയത്.

ക്ഷേത്രത്തിൽ രക്തക്കറ കണ്ടത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിൽ യാഥാർത്ഥ്യം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ആർ എസ് എസുകാർ നടത്തിയ പ്രചരണം അവരുടെ ഉദ്ദേശശുദ്ധിയെകുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി അക്രമണ കേസുകളിലെ പ്രതികളായ ആർ എസ് എസുകാർ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇതിന്റെ പരിസരത്തുള്ള ചേരി കമ്പനിക്കടുത്ത ഒരു യുവാവിന്റെ തിരോധാനം സംബന്ധിച്ചും ആർ എസ് എസുകാർ വർഗ്ഗീയത പ്രചരിപ്പിക്കുന്നുണ്ട്. യുവാവിന്റെ തിരോധാനം സംബന്ധിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. ഇക്കാര്യത്തിലുള്ള യാഥാർത്ഥ്യം പുറത്ത് വരുന്നതിന് മുമ്പ് തന്നെ വർഗ്ഗീയ പ്രചരണം നടത്തി കലാപം നടത്താനുള്ള ഗൂഢ ഉദ്ദേശമാണ് ഇവർക്കുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആർ എസ് എസിന്റെ ഇത്തരം ചെയ്തികൾക്ക് പൂരകമെന്നോണം പോപ്പുലർ ഫ്രണ്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ട്.

 

 

നാട്ടിൽ സമാധാനം തകർക്കാനുള്ള എല്ലാ വർഗ്ഗീയ തീവ്രവാദ ശക്തികളുടെ പ്രവർത്തനങ്ങളെയും ജനങ്ങൾ ജാഗ്രതയോടെ കാണണം. വർഗ്ഗീയ സംഘർഷം വളർത്തുവാനുള്ള നടപടികളെ പോലീസ് കർശനമായി നേരിടണമെന്നും ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.