കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് ഗവൺമെന്റിന്റെ നടപടിയിൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി.

യുഡിഎഫ് ഗവൺമെന്റ് നിലവിൽ വന്നതിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം ഓരോന്നോരോന്നായി കവർന്നെടുക്കുകയാണ്. ഫിനാൻസ് കമ്മീഷൻ നിർദ്ദേശിച്ച പദ്ധതി വിഹിതം പോലും യുഡിഎഫ് ഗവൺമെന്റ് ഇത്തവണ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടില്ല. 2013-2014 വർഷത്തെ പദ്ധതിയിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും  വിഹിതം ഗവൺമെന്റ് വെട്ടിക്കുറച്ചിരിക്കയാണ്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പ്ലാൻഫണ്ടിൽ 10,11,70,000 രൂപയുടെയും മെയിന്റൻസ്ഗ്രാന്റ് റോഡ് വിഹിതത്തിൽ 7,82,51,000 രൂപയുടെയും റോഡേതര ഇനങ്ങളിൽ 1,75,19,000 വെട്ടിക്കുറവാണ് ഗവൺമെന്റ് വരുത്തിയിട്ടുള്ളത്. ഏറ്റവും വലിയ കുറവ് വരുത്തിയിട്ടുള്ളത് മുൻസിപ്പാലിറ്റികൾക്കാണ്. തളിപ്പറമ്പ് മുൻസിപ്പാലിറ്റിയുടെ പദ്ധതി വിഹിതത്തിൽ 3,03,38,535 രൂപയുടെയും കുറവാണ് വരുത്തിയിട്ടുള്ളത്. പഞ്ചായത്തുകളിൽ സ്തുത്യർഹമായി  നടന്നിരുന്ന തൊഴിലുറപ്പു പദ്ധതി തകിടം മറിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങൾ കൂലി നൽകുന്നത് ഒഴിവാക്കി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുമെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നു. നിലവിൽ നൽകാനുള്ള  ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക ആവട്ടെ നൽകുന്നതുമില്ല. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് കാർഷിക  പ്രവൃത്തികൾ ഒഴിവാക്കിയ നടപടി ഈ പദ്ധതിയെത്തന്നെ തകിടം മറിക്കുന്നതാണ്. തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവർന്നെടുത്തും പദ്ധതി വിഹിതം വെട്ടിക്കുറച്ചും തദ്ദേശ സ്ഥാപനങ്ങളെ ദുർബലമാക്കുന്ന നടപടികളിൽ നിന്ന് സംസ്ഥാന ഗവൺമെന്റ് അടിയന്തരമായി പിൻമാറണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.