കണ്ണൂർ : പിണറായി വധശ്രമക്കേസിൽ കൃത്യമായ അന്വേഷണം നടത്തിയാൽ താൻ ഉൾപ്പെടെയുള്ളവർ പ്രതികളാകുമെന്ന ബേജാറിലാണ് രമയും മറ്റും സിപിഐ(എം) നേതാക്കൾക്കെതിരായി അപവാദ പ്രചാരണം നടത്തുന്നതെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

 

അഴിമതിയിലും ജനദ്രോഹത്തിലും തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ ഏജൻസി പണിയെടുക്കുന്നവരാണ് ഒഞ്ചിയത്തെ പാർട്ടി വിരുദ്ധർ. കോൺഗ്രസും ബിജെപിയും അടക്കമുള്ള വലതുപക്ഷത്തിന്റെ നയങ്ങൾക്കെതിരെ ബദൽ നയങ്ങൾ ഉയർത്തി പ്രവർത്തിക്കുന്ന സിപിഐ(എം)നെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രമ കണ്ണൂരിലെ പൊതുയോഗത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വലതുപക്ഷത്തിന്റെ ഈ അജണ്ടയുടെ ഭാഗമാണ് ചില്ലറ ആളുകൾ മാത്രം അടങ്ങുന്ന ഒഞ്ചിയം സംഘത്തിന് വലതുപക്ഷ മാധ്യമങ്ങൾ ഇത്രയേറെ പ്രചാരണം നൽകാൻ കാരണം. സിപിഐ(എം)നെ തകർക്കുന്നതിന് കള്ളക്കേസുകളും മറ്റ് അടിച്ചമർത്തൽ നടപടികളുമാണ് യുഡിഎഫ് ഗവൺമെന്റ് കൈകൊണ്ടിരിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങളിലൂടെ മാർക്‌സിസ്റ്റ് അക്രമം മുറവിളിനടത്തിയാണ് സിപിഐ(എം)ന് എതിരായിട്ടുള്ള വേട്ടയാടൽ. ഈ മുറവിളി എല്ലാ കാലത്തും വലതുപക്ഷത്തിന്റെ മുദ്രാവാക്യമായിരുന്നു. ഇപ്പോഴാകട്ടെ വലതുപക്ഷത്തിന് വേണ്ടി ഇടതുപക്ഷ വായാടികളും ഈ മുറവിളി ഉയർത്തുന്നു എന്നു മാത്രം. ചന്ദ്രശേഖരൻ സിപിഐ(എം) ന്റെ ഭാഗമായിരുന്ന കാലത്ത്  നാൽപാടി വാസു കേസിൽ എഫ്‌ഐആറിൽ പ്രതിചേർക്കപ്പെട്ട സുധാകരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ പ്രതിഷേധിച്ചു കൊണ്ട് കോഴിക്കോട് ഐജി ഓഫീസിലേക്ക് മാർച്ച് നടത്തുകയുണ്ടായി. ആ മാർച്ചിനെ അന്നത്തെ യുഡിഎഫിന്റെ നിർദ്ദേശാനുസരണം ലാത്തിച്ചാർജ്ജ് ചെയ്യുകയാണ് ഉണ്ടായത്. അന്ന് ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകരെ അക്രമികളായാണ് മുദ്രകുത്തിയതെന്ന് ജനങ്ങൾ മറന്നിട്ടില്ല. കേരളത്തിൽ നിരവധി രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. അഴീക്കോടൻ രാഘവനും, എംഎൽഎ ആയിരുന്ന കുഞ്ഞാലിയും കൊലചെയ്യപ്പെട്ടപ്പോൾ കാണിക്കാത്ത പ്രചാരണം വലതുപക്ഷക്കാർ ഇപ്പോൾ ചന്ദ്രശേഖരൻ വധത്തിന്റെ പേരിൽ കാണിക്കുന്നത് കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഈ കേസ് ഉപയോഗിച്ച് സിപിഐ(എം)നെ തകർക്കാൻ യുഡിഎഫ് നടത്തുന്ന ശ്രമത്തിൽ അവരുടെ  കോടാലി കൈ ആയാണ് ഒഞ്ചിയം സംഘം പ്രവർത്തിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനാണ് ഈ മാർക്‌സിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ നേതാവ്. സിപിഐ(എം)ന്റെ പ്രവർത്തനങ്ങളെല്ലാം സുതാര്യമാണ്. സിപിഐ(എം)ന് എതിരായ കള്ളക്കേസുകൾ നേരിടുന്നതിന് കേസ് ഡിഫൻസ് ഫണ്ട് പിരിക്കാൻ തീരുമാനിച്ചപ്പോൾ ജനങ്ങൾ ഫണ്ട് നൽകി സഹായിച്ചിട്ടുണ്ട്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഏജൻസി പണിയെടുക്കുന്ന ഒഞ്ചിയം സംഘം ചെലവിടുന്ന  കോടിക്കണക്കിന്  രൂപ എവിടെ നിന്നാണ് കിട്ടുന്നതെന്ന് രമയും കൂട്ടരും വെളിപ്പെടുത്തണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.