കണ്ണൂർ : നാറാത്ത് സംഭവത്തിന്റെ പേരിൽ സംഘർഷം ഉണ്ടാക്കാനുള്ള ബി ജെ പി നീക്കം അപലപനീയമാണെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

നാറാത്ത് നടന്ന ആയുധ പരിശീലനവും പിടിച്ചെടുത്ത ആയുധങ്ങളും ലഭ്യമായ വിവരങ്ങളും പോപ്പുലർ ഫ്രണ്ട് എന്ന സംഘടന നടത്തുന്ന തീവ്രവാദ പ്രവർത്തനത്തിന്റെ തെളിവാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനെതിരായ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ പിറകിലുള്ള എല്ലാ വസ്തുതകളും വെളിച്ചത്ത്‌കൊണ്ടുവരത്തക്ക  നിലയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സി പി ഐ (എം) ആവശ്യപ്പെടുന്നത്. ഇതുപോലുള്ള കേസുകളിൽ ഭരണ തലത്തിലുള്ള മുസ്ലീം ലീഗിന്റെയും മറ്റും സമ്മർദ്ദത്തിന്റെ ഫലമായി പലപ്പോഴും കേസ് അന്വേഷണം ഫലപ്രദമായി നടക്കാറില്ല. അതിനാൽ പഴുതടച്ചുള്ള അന്വേഷണവും നടപടിയും നാടിന്റെ സമാധാനത്തിന് ആവശ്യമാണ്.  ഈ ആവശ്യം സർക്കാരിന് മുന്നിൽ ഉന്നയിക്കുന്നതിന് പകരം ട്രസ്റ്റ് ഓഫീലിലേക്ക് മാർച്ച് നടത്താനുള്ള ബി ജെ പി നീക്കം സംഘർഷത്തിന് സഹായകരമാവും. ഇതുവഴി മതപരമായ സംഘർഷം വളർത്താനുള്ള പ്രവർത്തനമാണ് സംഘപരിവാർ നടത്തുന്നത്. എല്ലാ തരം മത തീവ്രവാദികളെയും ഒറ്റപ്പെടുത്തുന്നതിന് ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണ ശ്രമവും ആവശ്യമാണ്.

 

ആർ എസ് എസും സംഘപരിവാറും നടത്തുന്ന ആയുധ പരിശീലനവും അക്രമണങ്ങളും നമ്മുടെ സമൂഹം ആപത്തായാണ് കണക്കാക്കുന്നത്. ഇത്‌പോലുള്ള ആപത്കരമായ ശക്തിയാണ് പോപ്പുലർ ഫ്രണ്ടും. ഒന്ന് ഹിന്ദുത്വ തീവ്രവാദമെങ്കിൽ മറ്റേത് ഇസ്ലാമിക തീവ്രവാദവും ഇത് രണ്ടിന്റെയും പ്രവർത്തനം ജനങ്ങൾക്കിടയിൽ ഭിന്നതയും ശത്രുതയും വളർത്താൻ ഇടയാക്കും. അതുകൊണ്ട് തന്നെ നാറാത്ത് സംഭവത്തിന്റെ പേരിൽ ബി ജെ പി നടത്തുന്ന മാർച്ചിൽ നിന്നും അവർ പിന്തിരിയണം. ഇത്തരം സംഭവങ്ങളുടെ പേരിൽ സംഘർഷമുണ്ടാക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.