കണ്ണൂർ :  ജില്ലയിൽ മുൻപ് നടന്ന രാഷ്ട്രീയ സംഘർഷങ്ങളോടനുബന്ധിച്ച് മുസ്ലീം ലീഗുകാർ പ്രതികളായ കേസുകളെല്ലാം പിൻവലിക്കുന്നതിനുള്ള സർക്കാർ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 89 കേസുകളാണ് ഇങ്ങനെ പിൻവലിക്കാൻ യു ഡി എഫ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലീഗുകാർ പ്രതികളായി ചാർജ് ചെയ്യപ്പെട്ട കേസുകൾ പിൻവലിക്കാനും ഉത്തരവായിട്ടുണ്ട്. തീവ്രവാദി മോഡൽ അക്രമ കേസുകളും ഇതിൽ ഉൾപ്പെടും. പരിയാരം ഗ്രാമ പഞ്ചായത്തിലെ കോരൻ പീടികയിൽ വളർത്ത് നായയെ വെട്ടിക്കൊന്ന സംഭവങ്ങളിലെയടക്കം തീവ്രവാദി മോഡൽ അക്രമ കേസുകളിൽ പ്രതികളെയടക്കം രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമം. തീയതി പോലും വെക്കാതെ നൽകിയ അപേക്ഷകളുടെ അടിസ്ഥനാത്തിലാണ് ഇങ്ങനെ കേസുകൾ പിൻവലിക്കുന്നത്. മുഖംമൂടിയിട്ട് ലീഗ് തീവ്രവാദികൾ നടത്തിയ അക്രമണ കേസുകൾ പിൻവലിക്കുന്നത് വഴി ജില്ലയിലെ സമാധാന സ്ഥിതിക്ക് ഭംഗം വരുത്തുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നത്. ഇത് മത തീവ്രവാദികൾക്ക് പ്രോത്സാഹനം നൽകുന്ന നടപടിയാണ്.

 

യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മത തീവ്രവാദവും സദാചാര ഗുണ്ടാ ആക്രമണങ്ങളും വർദ്ധിച്ചിരിക്കുകയാണ്. അത്തരം ശക്തികൾക്ക് പ്രോത്സാഹനം നൽകുന്ന സർക്കാർ നടപടികൾക്കെതിരെ സമാധാനമാഗ്രഹിക്കുന്ന മുഴുവനാളുകളും അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.