കണ്ണൂർ : തീവ്രവാദത്തിനെതിരെ ഏപ്രിൽ 26-ന് നാറാത്ത് എൽഡിഎഫിന്റെ നേതൃത്വത്തിൽ മതേതര കൂട്ടായ്മ സംഘടിപ്പിക്കും. വർഗ്ഗീയതയും തീവ്രവാദവും നാട്ടിനാപത്താണ്. നാറാത്തെ വൻ ആയുധശേഖരവും പരിശീലനവും വർഗ്ഗീയവാദികളെയും തീവ്രവാദികളെയും സമൂഹം ഒറ്റപ്പെടുത്തണമെന്ന് പഠിപ്പിക്കുകയാണ്. കേരളം തീവ്രവാദികളുടെ മണ്ണല്ല. മത സൗഹാർദ്ദവും മതേതരത്വവും സംരക്ഷിക്കാൻ ഇടതുപക്ഷ-ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. സർക്കാരും പോലീസും നാറാത്തെ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണം. നാറാത്ത് ഹിറ്റ്‌ലിസ്റ്റും വാഹന നമ്പറുകളും  വൻ ആക്രമണ പദ്ധതി എസ്ഡിപിഐ തീവ്രവാദികൾ ആസൂത്രണം ചെയ്തിരുന്നുവെന്നും വ്യക്തമാണ്. വിദേശ രാജ്യങ്ങളിലെ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തു. നാറാത്ത് എസ്ഡിപിഐ യുടെ ഓഫീസല്ല. മഞ്ചേരിയെപോലെ ആയുധ പരിശീലന കേന്ദ്രമാണ്. അതുകൊണ്ടാണ് തെങ്ങിൻതോപ്പ് വിലകൊടുത്ത് വാങ്ങിയത്. ട്രസ്റ്റിന്റെ മറവിലാണ് തീവ്രവാദികൾ ആയുധ പരിശീലനം നടത്തുന്നത്. മണൽ കള്ളക്കടത്ത് ഉൾപ്പെടെയുള്ള  സാമൂഹ്യ വിരുദ്ധ ക്രിമിനൽ സ്വഭാവവും ഇക്കൂട്ടർക്കുണ്ട്. ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നാറാത്തെ ഭീകര പ്രവർത്തനം. മനുഷ്യരൂപമുണ്ടാക്കി കൊലപാതക പരിശീലനം നടത്തുന്നവർ എന്തും ചെയ്യാൻ മടിയില്ലാത്ത ഭീകരവാദികളെ പോലെ ആയി തീരുകയാണ്. പരിശീലനത്തിന് എത്തിച്ചേരുന്നവർ മാത്രമല്ല പരിശീലന കേന്ദ്രത്തിന്റെ ഉടമകളും പരിശീലകരും ഉത്തരവാദികളാണ്. എൻഡിഎഫ് കാരായ തീവ്രവാദികൾ ആദ്യ കാലങ്ങളിൽ ലീഗിലായിരുന്നു പ്രവർത്തിച്ചത്. താഴെക്കിടയിൽ ലീഗും പോപ്പുലർഫ്രണ്ടും വേർതിരിക്കാൻ കഴിയാത്ത നിലയിലാണ്. നാറാത്ത് നിന്നും പോലീസ് പിടികൂടിയവരിൽ പലരും ലീഗ് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുഴപ്പിലങ്ങാട് സ്വദേശിയുമായ ലീഗ് നേതാവിന്റെ ബന്ധുവാണ് ഒരു പ്രതി. നാറാത്ത് ടൗണിനടുത്ത് 2004 ൽ ലീഗ് പ്രവർത്തകന്റെ വീട്ടിൽ നിന്നും പൈപ്പ് ബോംബ് കണ്ടെത്തിയപ്പോൾ യുഡിഎഫ് സർക്കാർ ഗൗരവമായി കണക്കിലെടുത്തില്ല. കേസാവട്ടെ ഒതുക്കുകയും ചെയ്തു. തീവ്രവാദ സ്വഭാവമുള്ള 169 കേസുകൾ സർക്കാർ പിൻവലിച്ചു. അന്യസംസ്ഥനങ്ങളിലെ സ്‌ഫോടനങ്ങൾക്ക് നേതൃത്വം കൊടുത്ത ചില ഭീകരവാദികൾ കണ്ണൂർ ജില്ലയിലുണ്ടെന്നറിഞ്ഞിട്ടും യുഡിഎഫ് സർക്കാരും ലീഗും തീവ്രവാദികൾക്ക് സഹായം നൽകി. തീവ്രവാദികളുടെ നാറാത്തെ വൻ ആയുധശേഖരണത്തിന് പ്രചോദനമായത് തന്നെ സർക്കാരിന്റെ ഇത്തരം നിലപാടുകളാണ്.  ഒരു ഭാഗത്ത് ആർഎസ്സ്എസ്സിനെയും മറുഭാഗത്ത് പോപ്പുലർ ഫ്രണ്ടിനെയും യുഡിഎഫ് ആണ് സംരക്ഷിക്കുന്നത്. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ വർഗ്ഗീയ തീവ്രവാദി ശക്തികൾ നടത്തുന്ന ആയുധ പരിശീലന കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി മുഴുവൻ ക്രിമിനലുകളെയും പിടികൂടണം. തീവ്രവാദത്തിനെതിരെ ഏപ്രിൽ 26-ന് നാറാത്ത് ടൗണിൽ സംഘടിപ്പിക്കുന്ന മതേതര കൂട്ടായ്മയിൽ ജനാധിപത്യ വിശ്വാസികളാകെ പങ്കെടുക്കണമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി അഭ്യർത്ഥിക്കുന്നു.