കണ്ണൂർ :നാറാത്ത് വൻ ആയുധശേഖരണം കണ്ടെടുത്തത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്  സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

ബോംബ് നിർമ്മാണ സാമഗ്രികളും പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകളും പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എസ്ഡിപിഐ ഓഫീസായി പ്രവർത്തിച്ച സ്ഥലത്ത് നിന്നാണ് ഈ വൻ ആയുധശേഖരം കണ്ടെത്തിയത്. പോലീസ് റെയ്ഡിനിടയിൽ കണ്ടുകിട്ടിയ 'മനുഷ്യഡെമോ'തീവ്രവാദികളുടെ ഭീകരമുഖം വ്യക്തമാക്കുന്നതാണ്. ആയുധ സംഭരണശാല മാത്രമല്ല പരിശീലന കേന്ദ്രം കൂടിയാണ് ഇത് എന്നാണ് അറിയുന്നത്. പെട്രോൾ ഒഴിച്ച ഇഷ്ടിക കൂമ്പാരം ഈ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.

 

ഈ അടുത്ത കാലത്ത് വൻ നഗരങ്ങളിൽ നടന്ന ഭീകരവാദ സ്‌ഫോടനങ്ങൾക്ക് ഉപയോഗിച്ച സമാന രീതിയിലുള്ള ആയുധശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് അതീവ ഗൗരവമാണ്. മുമ്പ് യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരുന്നപ്പോഴും നാറാത്ത് നിന്ന് വൻ ആയുധ ശേഖരണം കണ്ടെത്തിയിട്ടുണ്ട്. കെട്ടിട ഉടമ ലീഗ് നേതാവായത് കൊണ്ടാണ് കേസ് തേച്ചുമാച്ചു കളഞ്ഞത്. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ഭീകരവാദപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് ലീഗുകാരാണെന്നത് വ്യക്തമായ വസ്തുതയാണ്. യുഡിഎഫ് സർക്കാരാകട്ടെ തീവ്രവാദ സ്വഭാവമുള്ള 169 കേസുകളാണ് ഈ അടുത്ത കാലത്ത് പിൻവലിച്ചു കൊണ്ട് തീവ്രവാദികൾക്ക് സഹായം നൽകുകയും ചെയ്തത്. ഒരു ഭാഗത്ത് ആർഎസ്എസും മറുഭാഗത്ത് എസ്ഡിപിഐ യും ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആയുധശേഖരണവും പരിശീലനവും നടത്തുന്നുണ്ട്. വർഗീയ തീവ്രവാദികൾക്ക് പിന്തുണ നൽകുന്നതിന് ഭരണകക്ഷികൾക്ക് യാതൊരു മടിയും ഇല്ല. അബ്ദുള്ളക്കുട്ടി മുതൽ ഷിബു ബേബിജോൺ വരെ ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം കൊടുത്ത മോഡിയെ വാഴ്ത്തുന്നു. തെരഞ്ഞെടുപ്പ് വേളകളിൽ യുഡിഎഫ് നേതാക്കൾ വർഗീയ തീവ്രവാദ സംഘടനകളുടെ വോട്ട് തേടുന്നു. ഇതെല്ലാം വർഗീയ തീവ്രവാദ ശക്തികൾക്ക് പ്രചോദനം നൽകുന്നുണ്ട്. ഇതൊക്കെയാണ് ലീഗ് കേന്ദ്രമായ നാറാത്ത് ആയുധസംഭരണവും പരിശീലനവും നൽകാൻ എസ്ഡിപിഐക്ക് കരുത്ത് നൽകുന്നത്. നാറാത്ത് നിന്ന് പോലീസ് എസ്ഡിപിഐകാർ തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റ് കണ്ടെത്തിയതും ജില്ലയിൽ വൻ അക്രമ പദ്ധതിക്ക് തയ്യാറെടുക്കുന്നു എന്ന് വേണം അനുമാനിക്കാൻ. വെടിവെച്ചാൽ ഉന്നം പിഴക്കാതിരിക്കാനാണ് 'മനുഷ്യഡെമോ' ഉപയോഗിച്ചുള്ള പരിശീലനം. ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും ഈ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് അധികാരികൾ തയ്യാറാകണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.