കണ്ണൂർ : സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ നടന്ന വധശ്രമ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടു വരിത്തക്ക നിലയിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഐ(എം) നടത്തുന്ന പ്രചരണ പരിപാടി വിജയിപ്പിക്കാൻ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് മുഴുവൻ ആളുകളോടും അഭ്യർത്ഥിച്ചു.

 

ഏപ്രിൽ 3 ന് വൈകുന്നേരമാണ് പിണറായി വിജയന്റെ വീടിന് സമീപം വെച്ച് വളയം സ്വദേശിയായ ക്രിമിനലിനെ നാട്ടുകാർ പിടികൂടിയത്. പോലീസ് കസ്റ്റഡിയിൽ ആയ ഇയാളുടെ ലക്ഷ്യം വെളിപ്പെടുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഫോട്ടോ പത്രങ്ങളിൽ വന്നിതിന് ശേഷം  ഇയാൾ പിണറായിയുടെ പരിപാടിയോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ പല പ്രാവശ്യം വന്നതായി ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ പിണറായിൽ എത്തിയത് തന്നെ മറ്റൊരാൾ ഓടിച്ച ബൈക്കിലാണെന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്. വടകരയിലെ ലോഡ്ജിൽ 4 ദിവസം താമസിച്ചാണ് വധഗൂഢാലോചന നടന്നത്. എന്നാൽ ഈ വധ ഗൂഢാലോചനയിലെ പങ്കാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനുള്ള യാതൊരു നടപടിയും അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വധ ഗൂഢോലോചനയെ കുറിച്ച് അന്വേഷിക്കുന്നതിൽ നിന്നും പോലീസ് സംഘത്തെ സർക്കാർ വിലക്കുന്നതായാണ് മനസ്സിലാക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയായ സിപിഐ(എം)ന്റെ നേതാവിനെ വധിക്കാൻ നടത്തിയ ശ്രമത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൗനം ഇതാണ് തെളിയിക്കുന്നത്. അതിനാൽ പിണറായി വധശ്രമത്തിന്റെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടു വരാനുള്ള സമഗ്രമായ അന്വേഷണമാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഏപ്രിൽ 20 മുതൽ 24 വരെ ജില്ലയിൽ നടത്തുന്ന ക്യാമ്പയിൻ പ്രവർത്തനം വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.