കണ്ണൂർ : സി പി ഐ (എം) ൽ നിന്നും അംഗങ്ങൾ വ്യാപകമായി കൊഴിഞ്ഞുപോകുന്നുവെന്നും അത്തരക്കാർ പ്രത്യേകം സംഘടിക്കുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചു എന്നുമുള്ള വ്യാജ വാർത്തകൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

മാധ്യമ ധർമ്മത്തിന് നിരക്കാത്ത വിധത്തിലാണ് ഒരു പത്രം തുടർച്ചയായി സി പി ഐ (എം) വിരുദ്ധ വാർത്തകൾ സൃഷ്ടിക്കുന്നത്. ഒരു നുണ നൂറ് തവണ ആവർത്തിച്ചാൽ സത്യമാണെന്ന് ജനങ്ങൾ വിശ്വസിക്കുമെന്ന ഗീബൽസിയൻ തന്ത്രമാണ് ഈ പത്രം സ്വീകരിക്കുന്നത്. സി പി ഐ (എം) ൽ നിന്നും ബോധപൂർവ്വം അംഗങ്ങൾ വിട്ട് പോവുകയോ പുറത്താക്കുകയോ ചെയ്യുന്നില്ല. എല്ലാ വർഷവും മാർച്ച് മാസമാണ് മെമ്പർഷിപ്പ് പുതുക്കാറ്. മരണമോ രോഗമോ ശാരീരിക അവശതയോ നാട്ടിലില്ലാത്തതോ മൂലം പാർടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയാത്തവർക്ക് എല്ലാ വർഷവും മെമ്പർഷിപ്പ് പുതുക്കുന്ന ഘട്ടത്തിൽ സ്വാഭാവികമായി പുതുക്കാൻ കഴിയാതെ വരാറുണ്ട്. വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പാർടി ഘടകങ്ങൾ യോഗം ചേർന്നാണ് മെമ്പർഷിപ്പ് പുതുക്കുകയും പുതിയ അംഗങ്ങളെ ചേർക്കുകയും ചെയ്യുന്നത്.

ചൂഷണരഹിത സമൂഹ സൃഷ്ടിക്കായി വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ ദൈനംദിനം പ്രവർത്തിക്കുന്ന ഒരു പാർടിയാണ് സി പി ഐ (എം). കാര്യക്ഷമവും ഫലപ്രദവുമായി പ്രവർത്തിക്കുന്ന ഘടകങ്ങളും അംഗങ്ങളും പാർടിയുടെ ലക്ഷ്യം നേടാൻ അനിവാര്യമാണ്.

ബൂർഷ്വാ പാർടികളുടെയും അതിന്റെ പോഷക സംഘടനകളുടെയും സമ്മേളനവും തെരഞ്ഞെടുപ്പും നടക്കുമ്പോൾ ചേരിതിരിഞ്ഞ അക്രമമാണ് നടക്കുന്നത്. സി പി ഐ (എം) ഉം ബൂർഷ്വാ പാർടികളെ പോലെയാണെന്ന് വരുത്തകയാണ് ഇത്തരം സി പി ഐ (എം) വിരുദ്ധ വാർത്തകൾ നൽകുന്നവരുടെ ലക്ഷ്യം.

സി ഐ ടി യു അഖിലേന്ത്യാ സമ്മേളന സെമിനാറിൽ വി എസ് അച്ചുതാനന്ദൻ പങ്കെടുത്തിട്ടും വി എസിന് കണ്ണൂരിൽ വിലക്ക് ഏർപ്പെടുത്തുന്നു എന്നും അതിൽ പ്രതിഷേധിച്ച് പലരും മെമ്പർഷിപ്പ് പുതുക്കിയില്ലെന്നും വാർത്ത നൽകുന്നവരുടെ മനോവിഭ്രാന്തി ജനങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. പാർടി വിട്ടവർ പ്രത്യേകം സംഘടിക്കുന്നുവെന്ന് ഒരു ദിവസം വാർത്ത നൽകുമ്പോൾ അടുത്ത ദിവസം വിട്ടതിനെക്കുറിച്ച് സി പി ഐ (എം) കമ്മീഷനെ വച്ച് അന്വേഷിക്കുകയാണെന്ന് റിപ്പോർട്ട് നൽകുന്നു. വാർത്തകളുടെ ഉള്ളടക്കമാവട്ടെ പരസ്പര വിരുദ്ധവും അബദ്ധജടിലവും. പാർടി വിട്ടവരാരും പാർടി വിരോധം വെച്ച് പുലർത്തുന്നില്ല എന്നാണ് വാർത്തയിലൊരിടത്ത് പറയുന്നത്. മറ്റൊരിടത്താവട്ടെ പാർടി വിട്ടവർ പ്രത്യേകം സംഘടിക്കുന്നുവെന്നും പറയുന്നു. പാർടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ അംഗത്വം പുതുക്കാത്തവർക്കെതിരെ നടപടിയെടുക്കുന്നുവെന്ന് ഒരു ദിവസം വാർത്തയാക്കുമ്പോൾ പാർടി നിയന്ത്രണത്തിലുള്ള ബാങ്കിൽ നിന്നും വായ്പ തട്ടിപ്പ് നടത്തി അറസ്റ്റിലായ ആളുടെ ബന്ധം സംബന്ധിച്ചാണ് അന്വേഷണമെന്നാണ് മറ്റൊരു ദിവസത്തെ വാർത്ത. ഇത്തരത്തിൽ പരസ്പര വിരുദ്ധവും പൂർണ്ണമായി വാസ്തവ വിരുദ്ധവുമായ വാർത്ത നൽകി സി പി ഐ (എം)നെ ജനങ്ങളുടെ മുന്നിൽ ഇകഴ്ത്തിക്കാട്ടുന്നത് ഒരു രാഷ്ട്രീയ രോഗം തന്നെയാണ്.

മെമ്പർഷിപ്പ് പുതുക്കൽ സംബന്ധിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ അന്വേഷിക്കാൻ പാർടി ജില്ലാ കമ്മിറ്റി ഒരു കമ്മീഷനെ നിയോഗിച്ചു എന്ന വാർത്ത കല്ലുവച്ച നുണയാണ്. ഇല്ലാത്ത കമ്മീഷന്റെ തെളിവെടുപ്പ് തീയതി പോലും നിശ്ചയിച്ചത് ലേഖകന്റെ അപാരമായ തൊലിക്കട്ടി തന്നെയാണ് തെളിയിക്കുന്നത്. ഇത്തരം വാർത്തകൾ നൽകുമ്പോൾ നിജസ്ഥിതി അന്വേഷിക്കാൻ പോലും തയ്യാറാകാതിരിക്കുന്നത് സദാചാരമില്ലാത്ത മാധ്യ പ്രവർത്തനമായി മാത്രമെ കാണാനാവു.

 

യു ഡി എഫ് സർക്കാരും അതിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുവരികയാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരായി സി പി ഐ (എം) ഉം ഇടതുപക്ഷവും നടത്തുന്ന പോരാട്ടങ്ങളിൽകൂടുതൽ കൂടുതൽ ജനങ്ങൾ അണിനിരക്കുകയാണ്. സി പി ഐ (എം) ലേക്ക് പുതിയ വിഭാഗങ്ങൾ കടന്നുവരികയാണ്. അത്തരമൊരു സാഹചര്യത്തിൽ തുടർച്ചയായ വ്യാജ വാർത്തകളിലൂടെ സി പി ഐ (എം)നെ തകർക്കാൻ നടത്തുന്ന നുണ പ്രചാരകരെ തിരിച്ചറിയണമെന്നും അത്തരം വാർത്തകൾ അവജ്ഞയോടെ തള്ളിക്കളയണമെന്നും പാർടി പ്രവർത്തകരോടും ജനാധിപത്യ വിശ്വാസികളോടും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.