കണ്ണൂർ : തളിപ്പറമ്പിലെ പ്രമുഖ അഭിഭാഷകൻ നിക്കോളസ് ജോസഫിനെതിരെ കേസെടുത്ത പോലീസ് നടപടി നിയമവിരുദ്ധവും  നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

ജില്ലയിലെ പോലീസ് യു ഡി എഫ് സർക്കാരിന്റെ പിൻബലത്തോടെ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ നടപടികളിലെ ഒടുവിലത്തെ ഉദാഹരണമാണ് അഭിഭാഷകനെതിരെയുള്ള ഈ കേസ്. തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കേസിനാസ്പദമായി പോലീസ് പറയുന്നത്. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി പോലീസിനെ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണിത്.

പട്ടുവം അരിയിൽ നടന്ന സംഭവത്തെ തുടർന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി .ജയരാജനെയും കല്ല്യാശ്ശേരി എം എൽ എ ടി.വി രാജേഷിനെയും കൊലപാതക ക്കേസിൽ ഉൾപ്പെടുത്തുന്നതിന് പ്ലാൻ ചെയ്ത് നടപ്പിലാക്കിയ നീക്കങ്ങൾ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും ചേർന്ന് മുസ്ലീം ലീഗ് നേതൃത്വത്തെ പ്രീണിപ്പിക്കുന്നതിന് നടത്തിയ ഗൂഢാലോചന പുറത്തായതിന്റെ ജാള്യത മറക്കാൻ വേണ്ടി നടത്തിയതാണ് ഈ പുതിയ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പിറവം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ പൊക്കികൊണ്ടുവന്ന, പാർട്ടി കോടതി വിധിച്ചെന്നും എം എം എസ് അയച്ച് പ്രതിയെ നിശ്ചയിച്ചെന്നും മറ്റുമുള്ള കെട്ടുകഥകൾ പൊളിഞ്ഞത് ജനം വിസ്മരിച്ചിട്ടില്ല.

 

118-ാം വകുപ്പ് അനുസരിച്ച് നേതാക്കളെ പ്രതിചേർത്തതും അബദ്ധമായെന്ന് ഇപ്പോൾ യുഡിഎഫ് നേതൃത്വത്തിന് ബോധ്യമായി. ഈ കേസിൽ സാക്ഷികളായി ചേർക്കപ്പെട്ട 2 ലീഗ് പ്രവർത്തകർ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിലൂടെ കേസിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. യു ഡി എഫ് നേതൃത്വം പോലീസിനെ ഉപയോഗിച്ച് നടത്തുന്ന അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി നിരപരാധിയായ അഭിഭാഷകനും മറ്റുമെതിരെ കള്ളക്കേസെടുത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കമ്മിറ്റി അഭ്യർത്ഥിക്കുന്നു.