കണ്ണൂർ :തളിപ്പറമ്പിലെ അഭിഭാഷകൻ നിക്കോളസ് ജോസഫിനെതിരെ കേസെടുത്ത പോലീസ് നടപടി നിയമവിരുദ്ധവും  അപക്വവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പോലീസ് കേസിനാസ്പദമായി പറയുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി പോലീസിനെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ സംഭവം.

സിപിഐ(എം) ജില്ലാ സെക്രട്ടറി പി .ജയരാജനെയും ടി.വി രാജേഷ് എംഎൽഎ യേയും കള്ളക്കേസിൽ കുടുക്കുന്നതിന് നടത്തിയ ശ്രമങ്ങൾ തെളിവു സഹിതം പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും ചേർന്ന് ലീഗ് നേതൃത്വത്തെ പ്രീണിപ്പിക്കുന്നതിന് നടത്തിയ ഗൂഢാലോചന പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ നീക്കം. എം എം എസ് അയച്ച് പ്രതിയെ നിശ്ചയിച്ചെന്നും, പാർട്ടി കോടതി വിധിച്ചെന്നും മറ്റുമുള്ള പ്രചാര വേലകൾ തുടക്കത്തിൽ തന്നെ പൊളിഞ്ഞു പോയി. അക്കാര്യങ്ങളൊന്നും കേസ് ചാർജ്ജ് ചെയ്തപ്പോൾ എവിടെയും പരാമർശിച്ചിട്ടില്ല.

ഇപ്പോൾ 118-ാം വകുപ്പ് അനുസരിച്ച് നേതാക്കളെ പ്രതിചേർത്തതും അബദ്ധമായെന്ന് യുഡിഎഫ് നേതൃത്വത്തിന് ബോധ്യമായി. സാക്ഷികളായി ചേർക്കപ്പെട്ടവർ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിലൂടെ കേസിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഈ നിലയിൽ അധികാര ദുർവിനിയോഗം പ്രകടമായി പുറത്തു വന്നതോടെ ആണ് പുതിയ ഗൂഢനീക്കവുമായി യുഡിഎഫ് മുന്നോട്ട് വരുന്നത്. അതിന്റെ ഭാഗമാണ് നിരപരാധിയായ അഭിഭാഷകനും മറ്റുമെതിരെ കള്ളക്കേസെടുത്തത്. അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുന്നതോടെ ജനശ്രദ്ധ അതിലാവും എന്ന ധാരണയിലാണ് ഈ ഹീനശ്രമത്തിന് മുതിർന്നിട്ടുള്ളത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ സിപിഐ(എം) എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.