കണ്ണൂർ : കേന്ദ്ര റെയിൽവെ ബജറ്റിൽ കേരളത്തിന് പൊതുവിലും മലബാറിനെ പ്രത്യേകിച്ചും ഒരു വിഹിതവും അനുവദിക്കാത്തതിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.

മുൻ ബജറ്റിലൊന്നും കണ്ണൂർ ജില്ലയെ ഇത്രമാത്രം അവഗണിച്ചിരുന്നില്ല. കണ്ണൂരിലെ റെയിൽവെ വികസനവുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഉയർന്ന്  വരുമ്പോൾ എല്ലാം അടുത്ത ബജറ്റിൽ ഉൾപ്പെടുത്താം എന്ന ശൈലി പതിവായിരിക്കുന്നു. ഈ ബജറ്റിൽ കണ്ണൂരിന് ആകെയുള്ളത് മംഗലാപുരം-ഷോർണ്ണൂർ പാത മൂന്ന് വരിയാക്കുന്നതിനുള്ള പ്രഖ്യാപനം മാത്രമാണ്.

കണ്ണൂർ റെയിൽവെ സ്റ്റേഷൻ 4-ാം ഫ്‌ളാറ്റ് ഫോം, പിറ്റ് ലൈൻ, തലശ്ശേരിയിലെ ഐലന്റ് ഫ്‌ളാറ്റ് ഫോം എന്നിവ ഈ ബജറ്റിലും  അവഗണിക്കപ്പെട്ടു. അതുകാരണം തിരക്കേറിയ സമയങ്ങളിൽ വണ്ടികൾക്ക് സ്റ്റേഷനിൽ പ്രവേശിക്കാനാവതെ പുറത്ത് കാത്ത് കിടക്കേണ്ട സ്ഥിതിയാണ്. സ്റ്റേഷൻ ട്രാക്ക് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നിർദ്ദേശം ഇത്തവണയും ഉണ്ടായില്ല. എഴിമല നാവിക അക്കാദമി, അഴിക്കൽ തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പാത നിർമ്മാണത്തിന്റെ കാര്യത്തിൽ ഒരു പരാമർശവും കാണുന്നില്ല. യാത്രാ ക്ലേശം രൂക്ഷമായ പകൽ സമയത്ത് കണ്ണൂരിൽ നിന്ന് തെക്കോട്ടേക്കും വടക്കോട്ടേക്കും വേണ്ടത്ര വണ്ടി ഇല്ലാത്ത സ്ഥിതിയും ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിലേക്ക് നീട്ടണമെന്ന ആവശ്യവും ഈ ബജറ്റിലും പരിഹാരമായിട്ടില്ല.

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും പ്രഖ്യാപിക്കാതെയുള്ളതാണ് ഈ ബജറ്റും. റിസർവേഷൻ സൗകര്യ വികസനം, പുതിയ മേൽപ്പാലങ്ങളുടെ നിർമ്മാണം, റെയിൽവേ ഫ്‌ളാറ്റ് ഫോമിലെ നിലവിലുള്ള മേൽപാലങ്ങെള അഭിവൃദ്ധിപ്പെടുത്തൽ എന്നിവയും കടലാസിൽ തന്നെ. തലശ്ശേരി-മൈസൂർ പാത, കണ്ണൂർ വിമാനത്താവള പാത എന്നിവയുടെ കാര്യത്തിൽ ഈ ബജറ്റിലും മൗനമാണ്. യാത്രക്കാർക്കുള്ള കണ്ണൂരിലെ പഴയ റിട്ടയറിങ്ങ് റൂം പുതുക്കി പണിയുന്നതിനുള്ള യാതൊരു നിർദ്ദേശവുമില്ല. തലശ്ശേരിയിലാണെങ്കിൽ ഈ സൗകര്യം പോലുമില്ല. റിസർവേഷൻ കൗണ്ടർ, ടിക്കറ്റ് കൗണ്ടർ എന്നിവയുടെ എണ്ണം യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും ബജറ്റിലില്ല. 

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും നടപ്പിലാക്കിയിട്ടില്ലെന്ന് മാത്രമല്ല ഇത്തവണ അവ പരാമർശിക്കപ്പെടുകപോലും ചെയ്തിട്ടില്ല. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികളുള്ള ജില്ലയിൽ റെയിൽവെ വികസനത്തിന്റെ കാര്യത്തിൽ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ഇവരുടെ കഴിവില്ലായ്മയാണ് ഇത് കാണിക്കുന്നത്.

കേന്ദ്ര ബജറ്റിൽ ഈ വർഷം കണ്ണൂർ ജില്ലയിലെ റെയിൽവെ വികസനത്തെ പാടെ അവഗണിച്ചതിൽ മുഴുവൻ ജനാധിപത്യ വശ്വാസികളും പ്രതിഷേധിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.