ജില്ലയിലെ മുഴുവന്‍ സി.പി.ഐ(എം) പ്രവര്‍ത്തകന്‍മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചു. പൊതു കലക്ഷന്‍ ഒഴിവാക്കി വ്യക്തിപരമായാണ് ഓരോ ആളും സംഭാവന നല്‍കുന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഒരു മാസത്തെ അലവന്‍സും പെന്‍ഷനും ഓണറേറിയവുമാണ് നല്‍കുന്നത്. വിവിധ ഘടകങ്ങളിലെ മറ്റു പാര്‍ട്ടി പ്രവര്‍ത്തകന്‍മാരില്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ ഒരു മാസത്തെ തുകയായിരിക്കും നല്‍കുക. എല്ലാ പാര്‍ട്ടി അംഗങ്ങളും ഇക്കാര്യത്തില്‍ പൂര്‍ണ്ണമായി സഹകരിക്കും. എല്ലാ സഹകരണ സ്ഥാപനങ്ങളും സഹകരണ ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.

മഹാമാരിയായ കോവിഡിനെതിരെ സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മാതൃകാപരമായ പ്രതിരോധ-ജാഗ്രത പ്രവര്‍ത്തനങ്ങളും ആശ്വാസകരവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളും ജനങ്ങളാകെ പിന്തുണക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികളുടെ ചെലവാണുണ്ടാകുക. അതിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായത്തിന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സി.പി.ഐ(എം) പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പൊതുവായ ഫണ്ട് പിരിവ് സംഘടിപ്പിക്കാതെ ഓരോരുത്തരും കഴിയാവുന്ന പരമാവധി സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന് ജില്ലാസെക്രട്ടറി അഭ്യര്‍ത്ഥിച്ചു.