കണ്ണൂര്‍ ജില്ലയില്‍ നീതി സ്റ്റോറുകളും, നീതി മെഡിക്കല്‍ സ്റ്റോറുകളും നടത്തുന്ന മുഴുവന്‍ സഹകരണ സ്ഥാപനങ്ങളും ഹോം ഡെലിവറി സംവിധാനത്തിലൂടെ അവശ്യസാധനങ്ങളും, മരുന്നും വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അഭ്യര്‍ഥിച്ചു. ജില്ലയില്‍ 64 നീതി സ്റ്റോറുകലും, 38 നീതി മെഡിക്കല്‍ സ്റ്റോറുമാണ് നിലവിലുള്ളത്. സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന ഈ നീതി സംവിധാനത്തിന് മരുന്നും നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാരും, കണ്‍സ്യൂമര്‍ ഫെഡ്ഡും ആവശ്യമായ നടപടി സ്വീകരിക്കണം. സിപിഐഎമ്മിന്‍റെയും ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള വര്‍ഗ-ബഹുജന സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഇതിനാവശ്യമായ സഹായം നല്‍കണമെന്നും  പ്രസ്താവനയില്‍ പറഞ്ഞു.

സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ തളച്ചിടപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും, മരുന്നും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തന്നെ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും ഭക്ഷ്യവസ്തുക്കളടങ്ങിയ പ്രത്യേക കിറ്റ് നല്‍കുന്നു. ബിപിഎല്‍-എപിഎല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ നടപടി സ്വീകരിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഹോംഡെലിവറിയായിട്ടാണ് നടത്തുന്നത്. ഇതൊക്കെയാണെങ്കിലും അവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാതെ പ്രയാസപ്പെടുന്ന ധാരാളം കുടുംബങ്ങളുണ്ടാകും. അവരെ വീടുകളില്‍ തന്നെ പിടിച്ചുനിര്‍ത്തി ലോക്ക്ഡൗണ്‍ അര്‍ഥപൂര്‍ണമാക്കണമെങ്കില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുത്തേ പറ്റൂ. ഈ സാമൂഹ്യ ഉത്തരവാദിത്വമാണ് സഹകരണസ്ഥാപനങ്ങളും പാര്‍ടി ഘടകങ്ങളും വര്‍ഗ- ബഹുജന സംഘടനാ പ്രവര്‍ത്തകരും ഏറ്റെടുക്കേണ്ടത്.

കൊറോണ വ്യാപനത്തിന്‍റെയും ലോക്ക്ഡൗണിന്‍റെയും മറവില്‍ കരിഞ്ചന്തയ്ക്കും കൊള്ളലാഭത്തിനുമുള്ള ശ്രമങ്ങളും ശക്തമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കലക്ടര്‍ വ്യാപാരികളുടെ യോഗങ്ങളടക്കം വിളിച്ചുചേര്‍ത്ത് നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും  പല സാധനങ്ങള്‍ക്കും അമിത വില നല്‍കേണ്ടിവരുന്നു. ഹോം ഡെലിവറി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നതോടെ ഇത്തരം ദുഷ്പ്രവണതകളെയും ഒരു പരിധിവരെ തടയാന്‍ കഴിയും. ഈ പ്രശ്നത്തില്‍ ജനപ്രതിനിധികളും തദ്ദേശസ്ഥാപന ഭാരവാഹികളും ഫലപ്രദമായി ഇടപെടണമെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.