മഞ്ചേശ്വരം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ വഞ്ചനയ്ക്കും തട്ടിപ്പിനുമെതിരെ സപ്തംബര്‍ 16  ന്  പയ്യന്നൂരിലും തലശ്ശേരിയിലും ജനപ്രതിനിധികളും നിക്ഷേപകരും സത്യാഗ്രഹ സമരം സംഘടിപ്പിക്കും. നിക്ഷേപകരെ   എം.എല്‍.എയും  ലീഗ് നേതാവും ചേര്‍ന്ന്  വഞ്ചിക്കുകയായിരുന്നു. 150  കോടി രൂപയുടെ നിക്ഷേപ തട്ടിപ്പില്‍ ഇതിനകം 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 5 കേസുകള്‍ കണ്ണൂരിലെ പയ്യന്നൂരിലും, തലശ്ശേരിയിലും രജിസ്റ്റര്‍ ചെയ്തതാണ്. 2006  ലും 2007 ലും 2008 ലും 2012 ലും 2016 ലുമായി എം സി ഖമറുദ്ധീന്‍ ചെയര്‍മാനും, പൂക്കോയ തങ്ങള്‍  എം.ഡിയുമായി രൂപീകരിച്ചത് 5 കമ്പനികളാണ്. ഫാഷന്‍ ഗോള്‍ഡ് ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനം മാത്രമാണ് ചന്ദേര മാണിയാട്ട് തവക്കല്‍ കോംപ്ലക്സില്‍ സ്ഥാപിച്ചത്. നിക്ഷേപകരെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ് മറ്റു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വ്യക്തമാണ്.

ലീഗ് നേതാക്കള്‍ നടത്തുന്ന സ്ഥാപനമാണെന്ന പ്രചാരണം നല്കിയതുകൊണ്ടാണ് ലീഗ് അണികളും ലീഗ് ബന്ധമുള്ളവരും ഉള്‍പ്പെടെ 800 ഓളം പേര്‍ കമ്പനിയില്‍ നിക്ഷേപിക്കാന്‍ തയ്യാറായത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി നിക്ഷേപകര്‍ പല നേതാക്കളെയും തങ്ങളുടെ പണത്തിന് വേണ്ടി സമീപിക്കുകയുണ്ടായി. വന്‍  ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍  വഞ്ചിതരായത്.  കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിലും തലശ്ശേരിയിലും സ്ഥാപനം ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. പയ്യന്നുരിലെ സ്ഥലവും കെട്ടിടവും വില്പന  നടത്തിയിട്ടും, നിക്ഷേപകരുടെ പണം തിരിച്ചു കൊടുത്തില്ല. തലശ്ശേരിയിലെ മര്‍ജാന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്നും  ഖമറുദീനും സംഘവും ജീവനക്കാരെ ബന്ദിയാക്കി സ്വര്‍ണ്ണം കൊള്ളയടിച്ചു കൊണ്ടുപോയി എന്ന സത്യം പുറത്തുവന്നതോടെ  ഈ സംഘം സ്വര്‍ണ്ണക്കള്ളക്കടത്ത്  സംഘത്തെക്കാള്‍ ഭീകരډാരാണെന്നാണ്  ജനങ്ങള്‍ വിലയിരുത്തുന്നത്. 
കൃത്രിമ രേഖയുണ്ടാക്കി തൃക്കരിപ്പൂരിലെ വഖഫ്  ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതി കൂടിയാണ് ഖമറുദ്ധീന്‍ എം.എല്‍.എ. വഖഫ് ഭൂമി അല്ലാഹുവിന്‍റെ സ്വത്താണെന്നാണ് വിശ്വാസികള്‍ കരുതുന്നത്. ദൈവത്തെ പോലും വിറ്റ് കാശാക്കുന്നവരാണ് ഇക്കൂട്ടര്‍ എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു.

  ഇത്രയൊക്കെയായിട്ടും ലീഗ് നേതൃത്വം ഖമറുദീനെയും പൂക്കോയ തങ്ങളെയും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണതയാണ്. തെളിയിക്കുന്നത്. നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുത്താല്‍ സ്വര്‍ണ്ണ മോഷണക്കേസും, വഞ്ചനാ കേസുകളും അവസാനിപ്പിക്കാന്‍ കഴിയുമോ? എന്‍.ഐ.എ അന്വേഷിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളില്‍ പലരും ലീഗുകാരാണെന്ന്  വ്യക്തമായതാണ്. വഞ്ചനയും തട്ടിപ്പും സ്വര്‍ണ്ണക്കടത്തും ലീഗുകാരുടെ മുഖ മുദ്രയാണിപ്പോള്‍. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ തട്ടിപ്പിനെ കുറിച്ച്  സമഗ്രമായ അനേഷണം നടത്തുകയും കുറ്റക്കാരുടെ പേരില്‍ മാതൃകാപരമായ നടപടി സ്വീകരിക്കുകയും  വേണം. സപ്തംബര്‍ 16  ന്  വൈകുന്നേരം 4  മണിക്ക് നടത്തുന്ന സത്യാഗ്രഹ സമരം വിജയിപ്പിക്കാന്‍  എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു .