ചരിത്രകോണ്‍ഗ്രസ്സ് വിവാദത്തില്‍ സി.പി.ഐ എമ്മിനെയും സംസ്ഥാനസര്‍ക്കാറിനെയും കോണ്‍ഗ്രസ്സ്-ബി.ജെ.പി ജില്ലാ അധ്യക്ഷന്‍മാര്‍ ഒരേ തൂവല്‍പക്ഷികളെപ്പോലെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ചരിത്രകോണ്‍സ്സില്‍  സി.പി.ഐ(എം) ഒരു കക്ഷിയേയല്ല. രാജ്യത്തെ പ്രഗല്‍ഭമതികളായ ചരിത്രകാരന്‍മാരുടെയും ചരിത്ര ഗവേഷകരുടെയും വേദിയാണ് ചരിത്രകോണ്‍ഗ്രസ്സ്. ഗവര്‍ണറെ പരിപാടിക്ക് ക്ഷണിച്ചത് സംഘാടകരാണ്, ഏതെങ്കിലും ഒരു പാര്‍ട്ടിയല്ല. ഏത് ഗവണ്‍മെന്‍റ് ഭരിക്കുമ്പോഴും വിവിധ പരിപാടികളില്‍ ഗവര്‍ണര്‍മാരെ സംഘാടകര്‍ ക്ഷണിക്കാറുണ്ട്. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുക്കുന്നതിനെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഗവര്‍ണറെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിലല്ല  ഗവര്‍ണര്‍ പദവിക്ക് ചേരാത്ത പ്രസംഗം നടത്തിയതിലാണ് തെറ്റ്. ഗവര്‍ണറുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന കോണ്‍ഗ്രസ്സ് തങ്ങളുടെ അനുയായികളായ യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകരെ കൊണ്ട് ഗവര്‍ണര്‍ക്കെതിരെ  കരിക്കൊടി കാട്ടി പ്രതിഷേധിച്ചത് എന്തിനായിരുന്നെന്ന് വ്യക്തമാക്കണം. ആര്‍.എസ്.എസ്സാവട്ടെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി ലക്ഷ്യമാക്കി ചരിത്രം വളച്ചൊടിക്കാന്‍ നോക്കുന്നവരാണ്. ചരിത്ര കോണ്‍ഗ്രസ്സ് വേദിയിലേക്ക് ആര്‍.എസ്.എസ്സ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത് എതിര്‍ശബ്ദങ്ങളെ ഇല്ലതാക്കാനുള്ള അസഹിഷ്ണുതയാണ് തെളിയിക്കുന്നത്. ചരിത്ര കോണ്‍ഗ്രസ്സ് ഇതെ ല്ലെമാണെങ്കിലും  ഉള്ളടക്കം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും വന്‍വിജയം തന്നെയാണ്. ഉത്തരേന്ത്യയിലെ സംഘപരിവാറിന്‍റെ ക്യമ്പസ്സ് വേട്ടകള്‍ മൂലം ചില ചരിത്രകാരന്‍മാര്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നത് വസ്തുതയുമാണ്. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനും, ചരിത്രത്തെ വളച്ചൊടിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ പ്രതിരോധിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.