നീതി നിഷേധത്തിനെതിരെ തലശ്ശേരിയിൽ നവംബർ 7ന് വൈകുന്നേരം 5 മണിക്ക് ‘നീതിക്കായി ജനതയുടെ കൂട്ടായ്മ’ എന്ന പരിപാടി സിപിഐ(എം) സംഘടിപ്പിക്കുന്നു. ഫസൽകേസിൽ നിരപരാധികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉൾപ്പെടെയുള്ള 8 പേർ നീതിനിഷേധിക്കപ്പെട്ടവരാണ്. 2006 ഒക്‌ടോബർ 22നായിരുന്നു ഫസൽ കൊല്ലപ്പെട്ടത്. പ്രതികൾ ആർഎസ്എസ്സുകാരായിരുന്നു എന്ന് അന്നേ ജനങ്ങൾക്കറിയാമായിരുന്നു. എൻ.ഡി.എഫ്. നേതാക്കൾ സമാധാനയോഗത്തിൽ പങ്കെടുക്കുകയും ആർഎസ്എസ്സ് ബിജെപി നേതാക്കളെ ചൂണ്ടിക്കാട്ടി കൊലയാളികളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സമാധാനചർച്ചയ്ക്ക് തങ്ങളില്ലെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയും ചെയ്തതാണ്. ഫസൽ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ആർഎസ്എസ്സ് എൻഡിഎഫ് സംഘർഷം ഉണ്ടായിരുന്നു. അതാണ് കൊലയിലേക്ക് നയിച്ചത്. വസ്തുത ഇതായിരിക്കേ സിപിഐ(എം) പ്രവർത്തകരുടെ പേരിൽ കള്ളക്കേസെടുക്കുകയായിരുന്നു. തലശ്ശേരിയിൽ മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ നല്ല സ്വാധീനമുള്ള സിപിഐ(എം)നെ തകർക്കുക എന്നുള്ള ലക്ഷ്യംകൂടി ഇതിനുപിന്നിലുണ്ടായിരുന്നു. യാതൊരു സാക്ഷിമൊഴിയും തെളിവുമില്ലാതെയാണ് കാരായി രാജൻ അടക്കമുള്ളവരെ പ്രതികളാക്കിയത്. ഹൈക്കോടതി തന്നെ ഒരു ഘട്ടത്തിൽ തെളിവുകളിൽ അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. സിബിഐ ആകട്ടെ, നിയമവിരുദ്ധവും അശാസ്ത്രീയവുമായ നടപടികളിലൂടെയാണ് ഗൂഢാലോചന കുറ്റം ചുമത്തിയത്. പോളിഗ്രാഫ്, ബ്രെയിൻമാപ്പിംഗ് ഉൾപ്പെടെയുള്ള സർവ്വ ശാസ്ത്രീയ പരിശോധനകൾക്കും തങ്ങൾ സന്നദ്ധമാണെന്ന് അറിയിച്ചിട്ടും നിരപരാധികളെ എട്ടുവർഷത്തോളമായി ക്രൂശിക്കുകയാണ്. സിബിഐ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയ രേഖകളിൽ തന്നെ ആർഎസ്എസ്-എൻഡിഎഫ് സംഘട്ടനത്തെക്കുറിച്ചും ആർ.എസ്.എസ്സുകാർക്ക് എൻ.ഡി.എഫിനോടുള്ള പ്രതികാരത്തെക്കുറിച്ചും അതിനെതുടർന്ന് ആർഎസ്എസ്സുകാർ വാളിന് മൂർച്ചകൂട്ടുന്ന പ്രയോഗത്തെക്കുറിച്ചുമെല്ലാം വിവരണമുണ്ട്. എന്നിട്ടും അന്ധമായ രാഷ്ട്രീയ വിരോധത്താൽ നിരപരാധികൾ കള്ളക്കേസിൽ കുടുക്കപ്പെട്ടു.

പടുവിലായി മോഹനൻ കൊലക്കേസിലെ അന്വേഷണത്തിനിടയിൽ പോലീസ് കണ്ടെത്തിയ വസ്തുതകളും തെളിവുകളും യഥാർത്ഥ പ്രതികൾ ആർഎസ്എസ്സുകാരാണെന്നതിലേക്ക് കൃത്യമായി വിരൽചൂണ്ടുന്നുണ്ട്. ആർഎസ്എസ്സ് പ്രവർത്തകൻ തന്നെ ആ സന്ദർഭത്തിൽ പോലീസിന് നൽകിയ മൊഴിപ്രകാരം താൻ അടക്കമുള്ളവരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. ഈ കുറ്റസമ്മതമൊഴി അടക്കമുള്ള വീഡിയോ രേഖകൾ സംസ്ഥാന പോലീസ് മേധാവി സിബിഐ ഡയരക്ടർക്ക് അയച്ചുകൊടുക്കുകയുമുണ്ടായി. ഫസലിന്റെ സഹോദരനാവട്ടെ, തുടരന്വേഷണത്തിന് ആവശ്യപ്പെടുകയും ചെയ്തു. സമാനരീതിയിൽ പിന്നീട് പുതിയ വെളിപ്പെടുത്തൽ ഉണ്ടായതിനെത്തുടർന്ന് തൊഴിയൂർ കേസിലടക്കം തുടരന്വേഷണം നടത്തുകയും യഥാർത്ഥ പ്രതികളെ അറസ്റ്റുചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. തൊഴിലൂരിൽ ആർഎസ്എസ്സുകാരനായിരുന്നു കൊല്ലപ്പെട്ടത്. കേസെടുത്തതാകട്ടെ നിരപരാധികളായ സിപിഐ(എം) പ്രവർത്തകരുടെ പേരിലും. പുതിയ വെളിപ്പെടുത്തലിന്റെയും വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് യഥാർത്ഥ പ്രതികൾ മുസ്ലീം തീവ്രവാദികളാണ് എന്ന് തൊഴിയൂർ കേസിൽ കണ്ടെത്തിയത്. ഫസൽ കേസിലും സമാന സാഹചര്യമാണ്. എന്നാൽ സിബിഐ തുടരന്വേഷണം നടത്താനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സിപിഐ(എം)നോടുള്ള കേന്ദ്ര ബിജെപി സർക്കാറിന്റെ രാഷ്ട്രീയ വിരോധമാണ് ഈ നീതി നിഷേധത്തിന് കാരണം. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഏഴരവർഷമായി സ്വന്തം നാട്ടിലോ വീട്ടിലോ വരാൻ കഴിയുന്നില്ല. എറണാകുളത്ത് കാരാഗൃഹത്തിൽ കഴിയുന്നതുപോലെയാണ്. ജനപ്രതിനിധി എന്ന കടമ നിർവ്വഹിക്കാനോ കുടുംബത്തിലുണ്ടാകുന്ന ചടങ്ങുകളിൽ പോലും പങ്കെടുക്കാനോ കഴിയുന്നില്ല. ഇതെല്ലാം മറ്റൊരു നീതി നിഷേധമാണ്. ഇത്രയും വർഷക്കാലം പ്രതിയായി മുദ്രകുത്തി ‘നാടുകടത്തപ്പെട്ട’ മറ്റൊരു കേസും ഉണ്ടാവില്ല.

നീതി നിഷേധത്തിനെതിരെ രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് ലഭിച്ചുവരുന്നത്. നീതി എല്ലാവരുടെയും അവകാശമാണ്. സമീപകാലത്തായി റിപ്പോർട്ടുകളും അഭിമുഖങ്ങളുമായി മാധ്യമങ്ങൾ ഈ നീതിനിഷേധത്തെ ജനങ്ങളിലെത്തിക്കുന്നുണ്ട്. അത് മാതൃകാപരമാണ്. നീതിക്കായുള്ള ജനകീയ കൂട്ടായ്മയാണ് നവംബർ 7ന് തലശ്ശേരിയിൽ സംഘടിപ്പിക്കുന്നത്. ആ പരിപാടിയിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉണ്ടാവണമെന്നുകൂടി അഭ്യർത്ഥിക്കുന്നു.